കടൽക്ഷോഭത്തിന് കാരണം 12 കി.മി ഉയരത്തിലെ കാറ്റായ ജെറ്റ് സ്ട്രീം; കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പിഴച്ചത് എവിടെ?
ഡോ. വേണു ജി നായർ
എന്തുകൊണ്ടാണ് ഇന്നലെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കടൽക്ഷോഭം അസാധാരണമാണെങ്കിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രമോ മറ്റു ഗവേഷണകേന്ദ്രങ്ങളോ നേരത്തെ കണ്ടെത്തി പൊതു ജനങ്ങളോട് പറയാതിരുന്നത് ? നമുക്ക് ഓരോ കാര്യങ്ങളും വിശദമായി പരിശോധിക്കാം .
- ഇതൊരു അസാധാരണമായ പ്രതിഭാസം ആണോ ?
ഉത്തരം : ആണ്
- ആരാണിതിലെ വില്ലൻ ?
ഉത്തരം : 12 കിലോമീറ്റർ ഉയരത്തിൽ ഇന്ത്യയ്ക്ക് മുകളിൽ കൂടി കടന്നു പോകുന്ന അതി ഭീമൻ കാറ്റുകൾ. ജെറ്റ് സ്ട്രീംസ്
(Jet Streams) .
- എന്ത് കൊണ്ടാണ് ഇത് അസാധാരണമാകുന്നത് ?
ഉത്തരം : ജെറ്റ് സ്ട്രീമുകളുടെ ഈ വിധത്തിൽ ഉള്ള സാന്നിധ്യം കേരളത്തിന് മുകളിൽ സാധാരണമല്ല . ആഗോള താപനം കൊണ്ട് ( Global Warming) ആർക്ടിക് പ്രദേശങ്ങളിൽ ഉണ്ടാകുന്ന ചൂടാകൽ കൊണ്ടാണ് ഇത് ഇങ്ങനെ സംഭവിക്കുന്നത്.
- എന്താണ് സംഭവിച്ചത് ?
അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ കൂടി കടന്നു പോകുന്ന ഭീമൻ കാറ്റുകൾ ഉപരിതലത്തിൽ ഉണ്ടാക്കിയ കൂടിച്ചേരലുകളുടെ ഒരു പ്രദേശം (Convergence Zones) എന്നാണ് പറയുക . അത് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിനും തമിഴ്നാടിനും ഇടയിൽ കൂടി മധ്യേന്ത്യ (Central India) വരെ ഉണ്ടായിരുന്നു . അത് കൊണ്ട് കാറ്റുകൾ കിഴക്കു നിന്നും അറബിക്കടലിൽ നിന്നും ശക്തി ആയി ഈ കൂടിച്ചേരൽ പ്രദേശത്തേക്ക് ഒഴുകി എത്തി. കാറ്റിന്റെ ശക്തി ഇന്നലെ രാവിലെ 11 മണിയോട് കൂടി ആണ് കൂടി തുടങ്ങിയത് . അപ്പോൾ മുതൽ പടിഞ്ഞാറൻ തീരത്തു കടൽ ആക്രമണം ശക്തിയായിരുന്നു.
- എന്ത് കൊണ്ടാണ് ആലപ്പുഴ ഭാഗത്തു കൂടുതൽ ആക്രമണം ഉണ്ടായത് ? പടിഞ്ഞാറൻ തീരപ്രദേശത്തെ മിക്കവാറും പ്രദേശങ്ങളിൽ കാറ്റു വീശി എങ്കിലും കൂടിച്ചേരലിന്റെ കേന്ദ്രബിന്ദു (Centre of Convergence) ആലപ്പുഴയുടെ നേരെ സഹ്യ പർവ്വതത്തിനു സമീപമാണ് ഉണ്ടായത്. ആയതിനാൽ അവിടെ തീരപ്രദേശത്തെ കാറ്റുകൾ ഏതാണ്ട് കരയ്ക്കു ലംബമായി ( Vertical ) തന്നെ അടിച്ചു . ബാക്കി ഭാഗങ്ങളിൽ കാറ്റുകൾ ഒരു ചരിഞ്ഞ രീതിയിൽ ( Inclined Angle) ആണ് അടിച്ചത് .
- എന്തുകൊണ്ടാണ് കാലാവസ്ഥ കേന്ദ്രം ഇത് കാണാതെ പോയത് ?
ആഗോള താപനത്തിന്റെ ഈ കാലത്തു, കാലാവസ്ഥ നിരീക്ഷണം എന്ന് പറഞ്ഞാൽ പാരമ്പര്യമായി തുടരുന്ന ( Conventional) ഒരു നിരീക്ഷണം മാത്രം പോരാ . ഒരു ഗവേഷണ ബുദ്ധിയോടു ( Research Mind) കൂടി വളരെ ചെറിയ ഇടവേളകളിൽ (Frequent Intervals) അന്തരീക്ഷത്തിന്റെ എല്ലാ ഉയരത്തിൽ ഉള്ള പാളികളെയും ( All Layers in Vertical) നിരീക്ഷിച്ചു കൊണ്ടിരിയ്ക്കണം. സാധാരണ അന്തരീക്ഷത്തിൽ കൂടി ചേരലുകൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഒരു ന്യൂനമർദ്ദം രേഖപ്പെടുത്തും. ഇത് ചാർട്ടിൽ കാണുമ്പോൾ കാലാവസ്ഥ ശാത്രജ്ഞന് പെട്ടെന്ന് ജാഗ്രത നിർദേശം കൊടുക്കാൻ സാധിക്കും .
എന്നാൽ ഇന്നലെയിവിടെ അങ്ങനെ ഒരു ന്യൂനമർദ്ദം ഉണ്ടായില്ല എന്ന് മാത്രം അല്ല , കൂടിയ മർദ്ദം (High Pressure) രേഖപ്പെടുത്തുകയും ചെയ്തു. ആയത് കൊണ്ട് ഒരിക്കലും മർദ്ദം കുറഞ്ഞ പ്രദേശത്തു നിന്നും കൂടിയ പ്രദേശത്തേയ്ക്കു കാറ്റു വീശുമെന്നു ആരും പ്രതീക്ഷിക്കില്ല . എന്നാൽ ഇവിടെ താഴെ മർദ്ദം കുറഞ്ഞെങ്കിലും ഒരു മൂന്ന് കിലോമീറ്റർ മുതൽ മുകളിലോട്ടു മർദ്ദം കൂടി തന്നെ നിന്നു. അപ്പോൾ ആ കോളത്തിൽ (Vertical Column of Air) മർദ്ദം കുറഞ്ഞതായി ഉപരിതലത്തിൽ തോന്നില്ല .
ഫലത്തിൽ ഉപരിതലത്തിൽ ഉണ്ടായ ന്യൂനമർദ്ദമേഖല ഒരിക്കലും നിരീക്ഷണത്തിൽ കാണില്ല . അല്ലെങ്കിൽ നമ്മൾ ഭീമൻ കാറ്റുകളെ നിരീക്ഷിച്ചു കൊണ്ടിരിയ്ക്കണം . ഇത് കാലാവസ്ഥ കേന്ദ്രത്തിൽ ഉള്ളവർ ശ്രദ്ധിച്ചില്ല . അത് കൊണ്ട് തന്നെ കാറ്റിന്റെ ഗതി അവർ ഇങ്ങനെ വരുമെന്ന് രാവിലെ എട്ടു മണിക്ക് പ്രവചനം കൊടുത്തപ്പോൾ ശ്രദ്ധിച്ചില്ല . എന്നാൽ ഈ വിവരങ്ങൾ എല്ലാം തന്നെ കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ തയ്യാറാക്കുന്ന ഗണിതശാസ്ത്ര കാലാവസ്ഥ പ്രവചന മാതൃകകൾ അഥവാ ന്യൂമെറിക്കൽ മോഡൽസ് ( Numerical Models) വളരെ ഭംഗി ആയി നേരത്തെ തന്നെ സൃഷ്ടിച്ചിരുന്നു ( Simulated earlier) . അത് എല്ലാ മണിയ്ക്കൂറിലും നോക്കാൻ പ്രവചിച്ച ശാസ്ത്രജ്ഞൻ മെനക്കെട്ടില്ല . കാര്യം അയാൾ ഒരിയ്ക്കലും ഇങ്ങനത്തെ ഒരു അസാധാരണമായ പ്രതിഭാസം ഉണ്ടാകുമെന്നു വിചാരിച്ചില്ല . അല്ലെങ്കിൽ ഭീമൻ കാറ്റുകൾ നമ്മളുടെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിയ്ക്കുന്നു എന്ന് ഒരു ഗവേഷണ ബുദ്ധിയോടെ കണ്ടില്ല .
- ഇതിൽ നിന്നും ഉൾക്കൊള്ളേണ്ട പാഠം എന്താണ് ?
ആഗോള താപനത്തിന്റെ ഈ കാലഘട്ടത്തിൽ കാലാവസ്ഥ പ്രവചനം കുറഞ്ഞ ഇടവേളകളിൽ ഒരു ഗവേഷണ ബുദ്ധിയോടു കൂടി ട്രോപ്പോസ്പിയർ മുഴുവനായി കണ്ടു കൊണ്ട് ചെയ്യണം . ഓരോ ചെറിയ മാറ്റങ്ങളും ഒരു മൂന്നു മണിയ്ക്കൂർ ഇടവേളയിൽ എങ്കിലും ഗൗരവമായി എടുക്കണം . എല്ലാ പരാമീറ്ററുകളും നിരീക്ഷിയ്ക്കണം .
(മുതിർന്ന കാലാവസ്ഥ ശാസ്ത്രഞ്ജനും കൊച്ചിയിലെ Centre for Earth Research & Environment Management (ഭൗമ പാരിസ്ഥിതിക ഗവേഷണ കേന്ദ്രം ) ശാസ്ത്രഞ്ജനും ആണ് ലേഖകൻ)
കാലാവസ്ഥ വിവരങ്ങൾ വേഗത്തിൽ അറിയാൻ ഈ WhatsApp Group ൽ ജോയിൻ ചെയ്യുക.