മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു ; വരും ദിവസങ്ങളിലും മഴ തുടരും

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും 66 പേര്‍ മരിച്ചു. ഇതില്‍ 60 പേരും ഹിമാചല്‍ പ്രദേശിലാണ് മരിച്ചത്. അടുത്ത രണ്ട് ദിവസങ്ങളില്‍ ഹിമാചലിലും അടുത്ത നാല് ദിവസങ്ങളില്‍ ഉത്തരാഖണ്ഡിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 13 ന് ആരംഭിച്ച കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ 60 പേര്‍ സംസ്ഥാനത്ത് മരിച്ചതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു സ്ഥിരീകരിച്ചു. 
ഹിമാചലില്‍ 3 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
ചൊവ്വാഴ്ച മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഷിംലയില്‍ തകര്‍ന്ന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളുടെ മൃതദേഹവും പുറത്തെടുത്തു. നഗരത്തിലുണ്ടായ മറ്റൊരു മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ഷിംലയിലെ കൃഷ്ണനഗര്‍ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആറ് താല്‍ക്കാലിക വീടുകളടക്കം എട്ട് വീടുകള്‍ തകര്‍ന്നു. ഒരു അറവുശാലയും മണ്ണിനടിയില്‍പ്പെട്ടു.

തിങ്കളാഴ്ച മുതല്‍ ആകെ 19 മൃതദേഹങ്ങള്‍ കണ്ടെടുത്തു. സമ്മര്‍ ഹില്ലിലെ ശിവക്ഷേത്ര പരിസരത്ത് നിന്ന് 12, ഫാഗ്ലിയില്‍ അഞ്ച്, കൃഷ്ണനഗറില്‍ രണ്ട് എന്നിങ്ങനെയാണ് കണക്ക്. തിങ്കളാഴ്ച തകര്‍ന്ന ശിവക്ഷേത്രത്തില്‍ പത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) സൈന്യവും പോലീസും എസ്ഡിആര്‍എഫും സമ്മര്‍ ഹില്ലില്‍ രാവിലെ 6 മണിയോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ഷിംല ഡെപ്യൂട്ടി കമ്മീഷണര്‍ ആദിത്യ നേഗി പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഓഗസ്റ്റ് 19 വരെ അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സര്‍വകലാശാല ഓഗസ്റ്റ് 19 വരെ ക്ലാസുകള്‍ നിര്‍ത്തിവച്ചു. സര്‍വകലാശാല ലൈബ്രറിയും ഓഗസ്റ്റ് 20 വരെ അടച്ചിടും. എന്നാല്‍ അധ്യാപക-അനധ്യാപക ജീവനക്കാര്‍ പതിവുപോലെ സര്‍വകലാശാലയില്‍ ഹാജരാകണമെന്ന് അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. മുന്‍ഗണനാടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഹിമാചല്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴയില്‍ തകരാറിലായ വൈദ്യുതി, ജലവിതരണ പദ്ധതികള്‍ വേഗത്തില്‍ പുനഃസ്ഥാപിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പോങ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് 800-ലധികം ആളുകളെ കാന്‍ഗ്രയിലെ താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായി ട്വീറ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.
 
ഉത്തരാഖണ്ഡില്‍ ആറ് മരണം

അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയാണ്. ഉത്തരകാശി ജില്ലയിലെ അരക്കോട്ട് പ്രദേശത്തെ ഗ്രാമങ്ങളില്‍ പവാര്‍ നദിയില്‍ നിന്ന് വെള്ളം കയറി. ഇവിടെ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തി. ഋഷികേശിലെ ലക്ഷ്മണ്‍ ജുല പ്രദേശത്തെ മഴവെള്ളപ്പാച്ചിലില്‍ നിന്ന് 14 വയസ്സുള്ള തേജസ്വിനി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അമ്മയ്ക്കും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ തോട്ടിലെ വെള്ളക്കെട്ടില്‍ ഒലിച്ചുപോയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാണാതായത്. ഋഷികേശിലെ റാണി മന്ദിര്‍ സ്വദേശികളാണ് ഇവര്‍. അമ്മയെയും സഹോദരനെയും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. 
ഓഗസ്റ്റ് 19 വരെ അടുത്ത നാല് ദിവസത്തേക്ക് ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയുടെ തീവ്രത കുറഞ്ഞാലും, വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ബാധിച്ച പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹരിദ്വാറിലെ ഭീംഗോഡ ബാരേജിലെ ഗംഗാ നദിയില ജലനിരപ്പ് താഴ്ന്നു തുടങ്ങി.
 
ചമോലി ജില്ലയിലെ ജോഷിമഠിന് സമീപം ഹെലാങ്ങില്‍ ചൊവ്വാഴ്ച തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ഏതാനും പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായും അധികൃതര്‍ അറിയിച്ചു. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ജില്ലാ അഡീഷണല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രവീന്ദ്ര നേഗി പറഞ്ഞു. ഈ വര്‍ഷമാദ്യം ജോഷിമഠത്തില്‍ നിരവധി വീടുകള്‍ മണ്ണിടിഞ്ഞ് നാശം വിതച്ചിരുന്നു. 

Leave a Comment