നാളെ മുതൽ മഴ കുറയും; നാലു ദിവസത്തിനിടെ കേരളത്തിൽ ലഭിച്ചത് 25.6 സെ.മി മഴ

കനത്ത നാശനഷ്ടവും വെള്ളക്കെട്ടുകളും സൃഷ്ടിച്ച ശേഷം കേരളത്തിൽ പെയ്ത തീവ്രമഴക്ക് ശമനം. നാളെ (ജൂലൈ എട്ട്) മുതൽ മഴ കുറഞ്ഞു തുടങ്ങും. ജൂലൈ മൂന്നു മുതൽ എട്ടുവരെ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്നായിരുന്നു ജൂലൈ ഒന്നിനുള്ള മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം. ജൂലൈ മൂന്ന് തിങ്കളാഴ്ച ശക്തമായ മഴ വ്യാഴാഴ്ച വരെ തകർത്തു പെയ്തു. ഇതിനിടെ പലയിടത്തും തീവ്രമഴ റിപ്പോർട്ട് ചെയ്തു. ജൂലൈ മൂന്നു മുതൽ ആറുവരെയുള്ള നാലു ദിവസം കേരളത്തിൽ ലഭിച്ചത് 256.4 എം.എം മഴയാണ്. ഇന്നലെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (26 സെ.മി), കണ്ണൂരിലെ കൂത്തുപറമ്പ് (31 സെ.മി), കാസർകോട്ടെ തൃക്കരിപ്പൂർ (26.7 സെ.മി) മഴ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരുടെ മാപിനിയിൽ രേഖപ്പെടുത്തി. കേരളത്തിനൊപ്പം കർണാടകയുടെ തീരദേശത്തും തീവ്രമഴ റിപ്പോർട്ട് ചെയ്തു.

മഴക്കുറവ് 61 ൽ നിന്ന് 30 % ആയി

ജൂൺ 1 മുതൽ 30 വരെയുള്ള കാലവർഷത്തിന്റെ ആദ്യ ഒരു മാസത്തിൽ 61 ശതമാനമായിരുന്നു കേരളത്തിലെ മഴക്കുറവ്. ഇത് ഇന്നുവരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ 32 ശതമാനമായി കുറഞ്ഞു. തീവ്രമഴയും ശക്തമായ മഴയുമാണ് മഴക്കുറവിനെ പരിഹരിച്ചത്. എങ്കിലും മഴക്കുറവ് തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ (വെള്ളി) യും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്താണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി

തിങ്കളാഴ്ച മുതൽ ശക്തിപ്പെട്ട കാലവർഷക്കാറ്റിന്റെ ശക്തി നാളെ മുതൽ ക്ഷയിച്ചു തുടങ്ങും. ഇതോടെ കേരളത്തിലെ തുടർച്ചയായ മഴ ഒഴിവാകുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. തെക്കൻ, മധ്യ കേരളത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മഴ ഗണ്യമായി കുറയും. ഒറ്റപ്പെട്ട മഴ ദീർഘമായ ഇടവേളകളോടെ ലഭിക്കും. വടക്കൻ ജില്ലയിൽ ഇടവേള കുറഞ്ഞ മഴ വെള്ളിയാഴ്ച രാവിലെ വരെ തുടരും. ഉച്ചയ്ക്ക് ശേഷം മഴയുടെ ഇടവേള കൂടും. ശനി മുതൽ വടക്കൻ കേരളത്തിലും വെയിൽ തെളിയുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്.

മൺസൂൺ ന്യൂനമർദപാത്തി സാധാരണ നിലയിൽ

മൺസൂൺ മഴപാത്തിയെന്ന കാലവർഷപാത്തിയുടെ തെക്കൻ അഗ്രം നോർമൽ പൊസിഷനിലാണ്. ഗുജറാത്ത് മുതൽ കേരളം വരെ നീണ്ട ന്യൂനമർദപാത്തി ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ നിലകൊണ്ട ചക്രവാതച്ചുഴി ഇപ്പോൾ വടക്കൻ ഒഡിഷക്ക് മുകളിൽ 1.5 കി.മി ഉയരത്തിലാണ്.ഞായറാഴ്ചയോടെ കേരളത്തിൽ എല്ലായിടത്തും മഴക്ക് പകരം വെയിൽ ലഭിക്കാനാണ് സാധ്യത. വീണ്ടും കാറ്റ് കേരളത്തിന് സമാന്തരമാകുന്നതാണ് ഇതിനു കാരണം.കടലിൽ മേഘങ്ങളുണ്ടെങ്കിലും കരകയറാത്ത സാഹചര്യം ഉണ്ടായേക്കും.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment