കടുത്ത ചൂടിനെ ശമിപ്പിക്കാൻ ശനിയാഴ്ചയോടെ മഴയെത്തും

കടുത്ത ചൂടിനെ ശമിപ്പിക്കാൻ ശനിയാഴ്ചയോടെ കേരളത്തിൽ മഴയെത്തി തുടങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കേരളത്തില്‍ സെപ്റ്റംബര്‍ രണ്ടിനു ശേഷം മഴ ശക്തിപ്പെടും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് മഴയ്ക്കു കാരണം. ശനിയാഴ്ചയ്ക്കുശേഷം മഴ കൂടുതൽ ശക്തി പ്രാപിക്കുമെങ്കിലും. ആദ്യഘട്ടത്തില്‍ തെക്കന്‍ജില്ലകളിലും പിന്നീട് വടക്കന്‍ ജില്ലകളിലുമാണ് മഴ ശക്തമാവുകയെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ. സെപ്റ്റംബറില്‍ 250 മി.മീ അധികം മഴ ലഭിക്കാനാണു സാധ്യത. സാധാരണയില്‍ കൂടുതല്‍ മഴയാണ് സെപ്റ്റംബറില്‍ ലഭിക്കുക.
സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് ഓഗസ്റ്റ് മാസത്തിൽ തന്നെ മെറ്റ് ബീറ്റ് നിരീക്ഷകർ പറഞ്ഞിരുന്നു. ഓഗസ്റ്റിൽ സാധാരണയിൽ കുറവ് മഴയായിരിക്കും എന്ന് ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലും ഞങ്ങൾ പറഞ്ഞിരുന്നു.

പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട മൂന്ന് ചുഴലിക്കാറ്റുകൾ കരകയറുന്നത്തോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും കൂടുതൽ മഴ നൽകുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രത മുന്നറിയിപ്പുകൾ അടക്കം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഉണ്ടാവുകയെന്നും നിരീക്ഷകര്‍ പറഞ്ഞു. മലവെള്ളപ്പാച്ചിലിനു സാധ്യതയുള്ളതിനാല്‍ കിഴക്കന്‍ മലയോര മേഖലകളിലെ വെള്ളച്ചാട്ടങ്ങള്‍, നീര്‍ച്ചാലുകളിലേക്ക് പോവുന്നവര്‍ ജാഗ്രത പാലിക്കണം. ഇന്നലെ മുതല്‍ മലയോര മേഖലകളിലെ വനങ്ങളില്‍ മഴ പെയ്തുതുടങ്ങിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, ജില്ലകളില്‍ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. കിഴക്കൻ മലയോര മേഖലകളിൽ ഉൾവനത്തിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മലയോരമേഖലകളിലേക്ക് യാത്ര പോകുന്നവർ ജാഗ്രത പാലിക്കുക.

Leave a Comment