കാലവർഷം ദുർബലമായതോടെ കേരളത്തിൽ ചൂട് കൂടുന്നു. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച മഴ ദുർബലമാണ്. മധ്യപ്രദേശിനു മുകളിൽ നിലകൊള്ളുന്ന ന്യൂനമർദ്ദം മധ്യ ഇന്ത്യയിൽ മഴയെ കേന്ദ്രീകരിക്കുകയാണ്. പടിഞ്ഞാറൻ തീരത്ത് മഴ ദുർബലമാണ്. ഇതോടെ കേരളത്തിൽ മിക്ക ജില്ലകളിലും ശരാശരി താപനിലയിൽ വർധനവുണ്ടായി.
കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെല്ലാം താപനില 30 ഡിഗ്രി കടന്നു. കോട്ടയത്ത് 34 ഡിഗ്രി സെഷ്യൽസ് താപനിലയാണ് രേഖപ്പെടുത്തിയത്. 4.2 ഡിഗ്രി സെൽഷ്യസ് അധികമാണ് രേഖപ്പെടുത്തിയത്. പുനലൂർ 34 (3.1 കൂടുതൽ), ആലപ്പുഴ 33.6°C (4°c കൂടുതൽ), കോഴിക്കോട് 33 (3.4 കൂടുതൽ), കണ്ണൂർ 32.7 (3.2 കൂടുതൽ), തിരുവനന്തപുരം 32.5 (2.1 കൂടുതൽ), പാലക്കാട് 30.9 (2 കൂടുതൽ) എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. മറ്റുജില്ലകളിലും പതിവിന് വിപരീതമായി ചൂട് കൂടിയിട്ടുണ്ട്.
രാത്രി താപനിലയിലും വർധനവുണ്ട്. കേരളത്തിൽ മഴ ശക്തിപ്പെടുത്താൻ അനുകൂല അന്തരീക്ഷ സ്ഥിതി ഇപ്പോഴില്ല. ജൂൺ മാസത്തിൽ മഴ കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയിരുന്നത് എന്നാൽ ജൂലൈ മാസത്തിൽ സാധാരണ തോതിലുള്ള മഴ ലഭിച്ചു ഓഗസ്റ്റ് മാസത്തിൽ സാധാരണക്കാർ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സാധാരണയേക്കാൾ മഴ കുറയാനാണ് സാധ്യത. എൽ നിനോയുടെയും മറ്റും സ്വാധീനം മൂലമാണിത്. സെപ്റ്റംബറിൽ സാധാരണ തോതിൽ മഴ ലഭിക്കുമെങ്കിലും കാലവർഷ സീസണിൽ മഴ സാധാരണയേക്കാൾ കുറയാനാണ് സാധ്യത.