140 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴ ; ചൈനയിൽ വ്യാപക നാശനഷ്ടം

140 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴ ചൈനയിൽ കനത്ത നാശം വിതയ്ക്കുന്നു. തലസ്ഥാനമായ ബീജിംഗിലും സമീപപ്രദേശങ്ങളിലും കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതുവരെ 21 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഡോക്സുരി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ശക്തമായ മഴ തുടങ്ങിയത്. ജൂലൈയില്‍ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂര്‍കൊണ്ട് പെയ്തു.

ബീജിംഗിന് ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയില്‍ ഏകദേശം 850,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 26 പേരെ കാണാതായിട്ടുണ്ട്. നിരവധി റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു. ബുധനാഴ്ച വരെ നഗരത്തില്‍ 744.8 മില്ലിമീറ്റര്‍ മഴ പെയ്തു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കനത്ത മഴ കാരണം നഗരവും പരിസരപ്രദേശങ്ങളും ബുദ്ധിമുട്ടുകയാണ്. വിവിധയിടങ്ങിളിൽ ഒറ്റപ്പെട്ടവർക്കായി ഭക്ഷണമെത്തിക്കാനുള്ള എയർഡ്രോപ് റെസ്‌ക്യൂ മിഷനു വേണ്ടി 26 സൈനികർ അടങ്ങിയ സൈനിക യൂണിറ്റിനെയും നാലു ഹെലികോപ്ടറുകളെയും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.
ചില മേഖലകളിൽ ട്രയിൻ, റോഡ് ഗതാഗതം പൂർണമായും നിലച്ച അവസ്ഥയിലാണ്. മൂന്ന് ട്രയിനുകൾ പാതിവഴിയിൽ കുടുങ്ങിക്കിടക്കുന്നതായി ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു.
മൊൻടഗ്യൂവിലെ ഒന്നര ലക്ഷം വീടുകളിൽ കുടിവെള്ളക്ഷാമം അനുഭപ്പെടുന്നതായി പ്രാദേശിക വാർത്താ പത്രം ബീജിങ് ഡെയ്‌ലി റിപ്പോർട്ടു ചെയ്തു. അടിയന്തര പ്രശ്‌ന പരിഹാരത്തിനായി 45 വാട്ടർ ടാങ്കറുകൾ പ്രദേശത്തെത്തിയിട്ടുണ്ട്.

ലോകത്ത് തീവ്ര കാലാവസ്ഥ

കാലാവസ്ഥ വ്യതിയാനം മൂലമാണ് ലോകത്ത് തീവ്ര കാലാവസ്ഥ സാഹചര്യങ്ങൾ ഉണ്ടാകുന്നതെന്ന് ഗവേഷകർ. ബെയ്ജിങ്ങിലെ കാലാവസ്ഥാ വിവരം രേഖപ്പെടുത്താൻ തുടങ്ങിയതു മുതൽ 140 വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് ലഭിച്ചമെന്ന് മീറ്റിയോറോളജിക്കൽ സർവിസ് പറഞ്ഞു. 744.8 എം.എം മഴയാണ് രേഖപ്പെടുത്തിയത്. 1891 ൽ 609 മില്ലി മീറ്ററാണ് ഇതിനു മുൻപ് രേഖപ്പെടുത്തിയത്. ഡോക്‌സുരി സൂപ്പർ ചുഴലിക്കാറ്റ് കരകയറിയതുമൂലമുള്ള പേമാരിയിൽ 21 പേർ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. തെക്കൻ ഫുജെയ്ൻ പ്രവിശ്യയിലാണ് കഴിഞ്ഞ ആഴ്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്. ഈ വേനൽക്കാലത്ത് ചൈനയിൽ റെക്കോർഡ് താപനില രേഖപ്പെടുത്തിയിരുന്നു. 2012 ലെ പ്രളയത്തിൽ ചൈനയിൽ 79 പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1988 ൽ നഗരം നിർമ്മിച്ചതിന് ശേഷം ആദ്യമായാണ് വെള്ളപ്പൊക്ക നിയന്ത്രണ റിസർവോയർ സജീവമാക്കേണ്ടി വരുന്നത് മാധ്യമങ്ങൾ അറിയിച്ചു. ചൈനയുടെ കിഴക്കൻ തീരത്ത് മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയുണ്ട് എന്നും കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു.

Leave a Comment