തുടർച്ചയായ മഴക്ക് ഇടവേള, അർധരാത്രിയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും
കേരളത്തില്‍ വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ ഇന്ന് വൈകിട്ട് വരെ തുടര്‍ന്നു. മഴക്കൊപ്പമുണ്ടായ കനത്ത കാറ്റ് പലയിടത്തും വന്‍ നാശനഷ്ടമുണ്ടാക്കി. മൂന്നു പേര് കാറ്റില്‍ മരം വീണ് മരിച്ചു. മണിക്കൂറില്‍ 60 കി.മി വേഗത്തിലുള്ള കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടാരുന്നു. എന്നാല്‍ കാറ്റിന്റെ വേഗത 68 കിലോമീറ്റര്‍ വരെയെത്തിയെന്ന് ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനുകളിലെ അനിമോ മീറ്ററുകള്‍ രേഖപ്പെടുത്തി.
വയനാട്ടില്‍ കാറ്റ് 68 കി.മി വേഗത്തില്‍
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിലാണ് ഇന്ന് 68 കി.മി വേഗത്തില്‍ കാറ്റ് വീശിയത്. ളാഹയില്‍ 65 കി.മി, മണ്ണാര്‍ക്കാട് 63 കി.മി വേഗത്തില്‍ കാറ്റ് റെക്കോര്‍ഡ് ചെയ്തു.
തീവ്രന്യൂനമര്‍ദം മധ്യപ്രദേശിലേക്ക്
ശനിയാഴ്ച രാത്രി 9 നുള്ള വിവരം അനുസരിച്ച് വടക്കന്‍ ചത്തീസ്ഗഡിനു മുകളില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം കിഴക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങുകയാണ്. മണിക്കൂറില്‍ 10 കി.മി വേഗതയിലാണ് ന്യൂനമര്‍ദം സഞ്ചരിക്കുന്നത്. ന്യൂനമര്‍ദം നീങ്ങുന്നതനുസരിച്ച് കേരളത്തില്‍ ഉള്‍പ്പെടെ മഴ കുറയുകയും ശക്തമായ കാറ്റ് കുറയുകയും ചെയ്യും.
രാത്രി മുതല്‍ മഴ കുറയും
കേരളത്തില്‍ ഇന്നു അര്‍ധരാത്രിയോടെ മഴ കുറയുമെന്നും നാളെ ഉച്ച വരെ ഒറ്റപ്പെട്ട മഴയും കാറ്റും തുടരുമെന്നും രാവിലത്തെ അവലോകന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. രാത്രിയോടെ മഴയുടെയും കാറ്റിന്റെയും ശക്തിയില്‍ കുറവുണ്ടാകുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.
മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
ഇന്ന് വൈകിട്ട് ശക്തമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ മൂന്നു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയിരുന്നു. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍്ട്ട് നല്‍കിയത്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിരുന്നു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടു നല്‍കിയത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

വിലങ്ങാട് മിന്നല്‍ ചുഴലി
കനത്ത മഴയില്‍ കോഴിക്കോട് വിലങ്ങാട് മിന്നല്‍ച്ചുഴലിയുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളില്‍ പുലര്‍ച്ചെ വീശിയ കാറ്റില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മേല്‍ മരങ്ങള്‍ വീണു. കല്ലാച്ചി തര്‍ബിയ മദ്രസയുടെ മേല്‍ക്കൂര പറന്നുപോയി. പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
വയനാട് തിരുനെല്ലിയില്‍ കാളിന്ദി നദി കരകവിഞ്ഞു. കോഴിക്കോട് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളത്ത്
എറണാകുളം ജില്ലയില്‍ പലയിടത്തും വൈകിട്ടും ഇടവേളകളോടെ കനത്ത മഴ പെയ്തു. ചിലയിടങ്ങളില്‍ മരമൊടിഞ്ഞതു വീണ് വീടുകള്‍ക്ക് കേടുപാടുണ്ടായി. പെരിയാര്‍ കരകവിഞ്ഞു. അതിരാവിലെ ആരംഭിച്ച കനത്ത മഴ വൈകിട്ടോടെ ഇടവിട്ട നിലയിലായി.
കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റില്‍ പലയിടങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. കുമ്പളം നോര്‍ത്ത് വടക്കേച്ചിറ പ്രഭാസന്റെ വീടിനു മരം വീണ് കേടുപാടുണ്ടായി. സെന്റ് ജോസഫ്സ് കോണ്‍വെന്റിനു സമീപം കണ്ണാട്ട് ആന്റണിയുടെ വീട്ടിലേക്ക് ആഞ്ഞിലി കടപുഴകി വീണ് വൈദ്യുതിക്കമ്പികള്‍ പൊട്ടി വീണു. ആളപായമില്ല.

കുമ്പളം പതിമൂന്നാം വാര്‍ഡില്‍ ചേഞ്ചേരില്‍ കടവില്‍ സ്വകാര്യ വ്യക്തിയുടെ മതിലിഞ്ഞ് ഇടപ്പള്ളി പറമ്പില്‍ ദാസന് എന്ന മത്സ്യത്തൊഴിലാളിയുടെ വഞ്ചി തകര്‍ന്നു.
പിറവം മേഖലയില്‍ ഇന്ന് രാവിലെ മുതല്‍ മഴ ശക്തമായി പെയ്യുന്നുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇന്നലെ ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റില്‍ തേക്ക് കടപുഴകി വീണ് പാമ്പാക്കുട പന്ത്രണ്ടാം വാര്‍ഡില്‍ പതപ്പാമറ്റത്തില്‍ ഷൈനി സാബുവിന് ഗുരുതര പരിക്കേറ്റു.
മുറ്റത്ത് അലക്കിവിരിച്ചിരുന്ന തുണി എടുക്കാനായി ഇറങ്ങിയപ്പോള്‍ അടുത്ത പുരയിടത്തിലെ തേക്ക് കടപുഴകി ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞിരുന്ന വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.
ഇടുക്കിയില്‍
ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാര്‍ ഗ്യാപ് റോഡിലൂടെയുള്ള രാത്രികാല റോഡ് ഗതാഗതം ഇന്ന് (27/07/2025) രാത്രിയിലും പകലും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചിലും, ഗതാഗത തടസ്സവും ഉണ്ടാകാനും പാറക്കഷണങ്ങള്‍ വാഹനങ്ങളില്‍ പതിക്കാനും സാധ്യതയുള്ളതിനാല്‍ ഇതോടൊപ്പം റോഡിന്റെ വശങ്ങളിലുമുള്ള വാഹനങ്ങളുടെ പാര്‍ക്കിങ്ങും നിരോധിച്ചു.
For Live Weather in Your Location Visit : metbeat.com
English Summary: Find out when the continuous rain will ease and the expected reduction in its strength by midnight. Get the latest weather insights here.