അഷറഫ് ചേരാപുരം
ദുബൈ: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം യു.എ.ഇയിൽ രണ്ട് മണിക്കൂർ നിലനിൽക്കും. യൂറോപ്പിന്റെ പല ഭാഗങ്ങൾ, ഏഷ്യ, നോർത്ത് ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 3.52ന് ആയിരിക്കും പൂർണതോതിൽ ദൃശ്യമാകുക.
ഒക്ടോബർ 25ന് ദുബൈയിലെ പള്ളികളിൽ പ്രത്യേക നമസ്‌കാരം നടക്കും. യു.എ.ഇയിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ചൊവ്വാഴ്ച വൈകുന്നേരം അസർ നമസ്‌കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്‌കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
സൗദി അറേബ്യ
സൗദി അറേബ്യയിൽ റിയാദ് മേഖലയിൽ 35 % വ്യക്തതയിൽ സുര്യഗ്രഹണം ദൃശ്യമാകും. ഉച്ചയ്ക്ക് 1.25 ന് തുടങ്ങി വൈകിട്ട് 3.45 വരെ ഗ്രഹണം കാണാം. കിഴക്കൻ, തെക്കൻ സൗദിയിൽ 27.17 % ഗ്രഹണം നടക്കും. രണ്ട് മണിക്കൂറും 5 മിനുട്ടും 42 സെക്കന്റും നീണ്ടു നിൽക്കും.
കുവൈത്ത്
കുവൈത്തിൽ കൂടുതൽ വ്യക്തമായി ഗ്രഹണം കാണാം. 42.39 % ഗ്രഹണമുണ്ടാകും. 2 മണിക്കൂറും 23 മിനുട്ടും 28 സെക്കന്റും നീണ്ടു നിൽക്കും. ഉച്ചയ്ക്ക് 1.21 ന് തുടങ്ങി വൈകിട്ട് 3. 44 വരെ ഗ്രഹണം തുടരും.
ബഹ്‌റൈൻ
ബഹ്‌റൈനിൽ 2 മണിക്കൂറും 16 മിനുട്ടും 55 സെക്കന്റും നീണ്ടു നിൽക്കുന്ന ഗ്രഹണം ഉച്ചയ്ക്ക് ശേഷം 1.34 ന് തുടങ്ങി വൈകിട്ട് 3.51 ന് അവസാനിക്കും. 38 % ഗ്രഹണം ഉണ്ടാകും.
ഒമാൻ
വടക്കുപടിഞ്ഞാറൻ ഒമാനിൽ 39.87% ഗ്രഹണമുണ്ടാകും. 2 മണിക്കൂറും 13 മിനുട്ടും 34 സെക്കന്റും നീണ്ടു നിൽക്കും. മസ്‌കത്തിൽ 36.49% ഗ്രഹണമുണ്ടാകും. ഉച്ചയ്ക്ക് 2.50 ന് തുടങ്ങി വൈകിട്ട് 4.58 വരെ നീണ്ടു നിൽക്കും. അൽവുസ്ത ഗവർണറേറ്റ് ഉൾപ്പെടെ തെക്കൻ ഒമാനിൽ 2 മണിക്കൂറും ഒരു മിനുട്ടുമാണ് ഗ്രഹണം ഉണ്ടാകുക. 28.94 ശതമാനം സൂര്യനെ ചന്ദ്രൻ മറയ്ക്കും. ഉച്ചയ്ക്ക് 2.58 ന് തുടങ്ങി വൈകിട്ട് 4.59 ന് ഗ്രഹണം അവസാനിക്കും.
ഖത്തർ
ഖത്തറിൽ 37.48 % ഗ്രഹണം ദൃശ്യമാകും. ഉച്ചയ്ക്ക് 1.35 ന് തുടങ്ങി വൈകിട്ട് 3.51 ഗ്രഹണം അവസാനിക്കും. രണ്ട് മണിക്കൂർ 16 മിനുട്ട് 16 സെക്കന്റ് ഗ്രഹണം നീണ്ടു നിൽക്കും.