സിത്രാങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റാകും, നാളെ കരകയറും

സിത്രാങ് ചുഴലിക്കാറ്റ് ഇന്നു കരകയറില്ല. ബംഗാളിലെ സാഗർ ദ്വീപിൽ നിന്ന് 380 കി.മി അകലെ സ്ഥിതിചെയ്യുന്ന സിത്രാങ് അടുത്ത 12 മണിക്കൂറിൽ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികളുടെ ഏറ്റവും പുതിയ പ്രവചനം. ബംഗാളിൽ കനത്ത മഴ തുടങ്ങി. രാവിലെ മുതൽ കൊൽക്കത്ത ഉൾപ്പെടെ ചാറ്റൽ മഴ ഉണ്ടായിരുന്നു. ഉച്ചയോടെ മഴ ശക്തിപ്പെട്ടു. ഈ മേഖലയിൽ ദീപാവലി ആഘോഷങ്ങളുടെ നിറം സിത്രാങ് ചുഴലിക്കാറ്റ് കെടുത്തി. ബംഗ്ലാദേശിലെ തിൻകോണ ദ്വീപിനും സന്ദീപിനും ഇടയിൽ നാളെ ചുഴലിക്കാറ്റ് കരകയറും.

അടുത്ത 12 മണിക്കൂറിൽ സിത്രാങ് തീവ്ര ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് നിൽക്കുന്ന കടൽമേഖലയിൽ ചുഴലിക്കാറ്റ് ശക്തിപ്പെടുന്നതിന് അനുകൂലമായ അന്തരീക്ഷ സാഹചര്യമാണുള്ളത്. കാറ്റിന്റെ വേഗത 90 മുതൽ 100 കി.മി വരെയെത്തി. തീരദേശ ജില്ലകളായ 24 പരാഗൺസ്, നോർത്ത് 24 പരാഗൺ, കിഴക്കൻ മിഡ്‌നാപൂർ എന്നിവിടങ്ങളിൽ അതിശക്തമായ മഴയും കാറ്റും ഉണ്ടാകും. ഒഡിഷ തീരത്തും കാറ്റിന്റെ ശക്തി 60 കി.മി വരെയെത്തി. ഒരു മീറ്റർ ഉയരത്തിൽ തിരമാലകൾ അടിക്കുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞ രണ്ടുദിവസമായി മെറ്റ്ബീറ്റ് വെതർ പ്രവചനത്തിൽ ഇന്നും മാറ്റമില്ല.

Leave a Comment