ഒമാനിൽ ഇന്നും നാളെയും മഴ തുടരും

രാജ്യത്ത് 2023 ജനുവരി 8, ഞായറാഴ്ച രാവിലെ വരെ മഴ തുടരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ വടക്കന്‍ ഗവർണറേറ്റുകളിൽ ജനുവരി 8-ന് രാവിലെ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

അൽ ബുറൈമി, നോർത്ത് അൽ ബതീന, അൽ ദഹിറാഹ് മുതലായ ഗവർണറേറ്റുകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വെള്ളി, ശനി ദിനങ്ങളിൽ 10 മുതൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും താഴ്‌വരകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

28 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുന്നതിനും സാധ്യതയുണ്ട്. മുസന്ദം, നോർത്ത് അൽ ബതീന എന്നീ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ അനുഭവപ്പെടാനിടയുണ്ടെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തിനിടയുള്ള മേഖലകളിൽ ജാഗ്രത പുലർത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകൾ പിന്തുടരാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment