Oman rain Update 11/02/24 : ഒമാനിലും മഴ ശക്തം : അലര്‍ട്ട് 1 പുറപ്പെടുവിച്ചു
ഒമാനിലും കനത്ത മഴ തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ മസ്‌കത്തില്‍ ഉള്‍പ്പെടെ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഒമാന്‍ മീറ്റിയോറോളജി അറിയിച്ചു. അതിശക്തമായ മഴയെ തുടര്‍ന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് അലര്‍ട്ട് 1 പ്രഖ്യാപിച്ചു.
അന്തരീക്ഷത്തിലെ ഡിപ്രഷനാണ് മഴക്ക് കാരണം. രാവിലെ മുതല്‍ യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ മഴ തുടരുകയാണ്. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത ശക്തിയിലാണ് മഴ ലഭിക്കുന്നത്. ചിലയിടങ്ങളില്‍ ഇടിമിന്നലുമുണ്ട്. രാത്രിയും പുലര്‍ച്ചെയും ശക്തമായതോ അതിശക്തമായതോ ആയ മഴ സാധ്യത ഞങ്ങളുടെ നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്. ഒമാനിലുള്ളവര്‍ അവിടത്തെ കാലാവസ്ഥാ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കുക.
ഒമിനിലെ മുസന്ദം, നോര്‍ത്ത് അല്‍ ബാത്തിന, അല്‍ ബുറൈമി, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഖിലിയ, അല്‍ ദാഖിറ, മസ്‌കത്ത് ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കും. 60 എം.എം മഴയാണ് ഇവിടെ പ്രവചിക്കപ്പെടുന്നത്. 70 കി.മി വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കണം. ഇടിമിന്നലോടെയാകും ചിലയിടങ്ങളില്‍ മഴ. പൊടിക്കാറ്റും മണല്‍ക്കാറ്റും പ്രതീക്ഷിക്കാം. വാദികള്‍ നിറഞ്ഞൊഴുകാനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറിത്താമസിക്കാനും വാദികള്‍ മുറിച്ചുകടക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. റോഡിലും സുരക്ഷ പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
നേരിടാന്‍ സജ്ജമെന്ന് എന്‍.ഇ.എം.സി
മഴ ദുരിതത്തെ നേരിടാന്‍ ബേസിക് സര്‍വീസ് സെക്ടര്‍ സജ്ജമാണെന്ന് ഒമാന്‍ നാഷനല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. അടുത്ത മൂന്നു ദിവസം ഒമാനിലെ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിലാണ് നടപടി.
സൂപ്പര്‍വൈസസ് സര്‍വിസിലെ റോഡ്, വൈദ്യുതി, കമ്മ്യൂണിക്കേഷന്‍സ്, വാട്ടര്‍ ആന്റ് സാനിറ്റേഷന്‍, ഫുവല്‍, വേസ്റ്റ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളാണ് സജ്ജമായത്. ഇവ എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്ലാന്‍ പ്രകാരം പ്രവര്‍ത്തിക്കും. അതതു വകുപ്പുകളുടെ തലവന്മാര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.