oman weather 16/05/24 : മരണം 18 ആയി; കനത്ത മഴ നാളെയും തുടരും, സ്‌കൂളുകള്‍ക്ക് അവധി
കഴിഞ്ഞ ദിവസം പ്രളയമുണ്ടായ ഒമാനിലും ഇന്നലെ യു.എ.ഇക്കൊപ്പം കനത്ത മഴയും കാറ്റും തുടരുന്നു. പേമാരിയിലും പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം മലവെള്ളുപ്പാച്ചിലില്‍ കാണാതായ രണ്ടുപേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നതായി നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.
അതിനിടെ, ഒമാനില്‍ സ്‌കൂളുകള്‍ക്ക് നാളെ (17/05/24) അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച കനത്ത മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ ഗവര്‍ണറേറ്റുകളില്‍ കൂടുതല്‍ ദുരിതാശ്വാസ സേനയെ നിയോഗിച്ചു.
നാളെയും ഒമാനില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ കഴിയുന്നതോടെ മഴ കുറയുമെന്ന് ഞങ്ങളുടെ നിരീക്ഷകരും പറയുന്നു. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, നോര്‍ത്ത് ബാത്തിന എന്നീ ഗവര്‍ണറേറ്റുകളില്‍ മഴ തുടരും.
നാളെയും കനത്ത മഴ തുടരും
ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനമെന്നും വിവിധ വെതര്‍ മോഡലുകള്‍ സൂചിപ്പിക്കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ മീറ്റിയോറോളജിസ്റ്റ് കൗതാര്‍ ബിന്‍ത് സുലൈമാന്‍ അല്‍ ജാബിരി പറഞ്ഞു. മേല്‍പറഞ്ഞ ഗവര്‍ണറേറ്റുകളില്‍ നാളെ ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടുമെന്നും മസ്‌കത്ത്, സൗത്ത് ഷററിയ ഗവര്‍ണറേറ്റുകളിലും വൈകിട്ട് മഴ ലഭിക്കുമെന്നും അവര്‍ പറഞ്ഞു.
കാറ്റ്, കടല്‍ പ്രക്ഷുബ്ധം
30 മുതല്‍ 100 എം.എം മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇത് മലവെള്ളപ്പാച്ചിലിനും പ്രാദേശിക പ്രളയത്തിനും കാരണമാകും. മഴക്കൊപ്പം 28 മുതല്‍ 83 കി.മി വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഒമാന്‍ കടലില്‍ തിരമാലകള്‍ക്ക് 2 മുതല്‍ 3 മീറ്റര്‍ വരെ ഉയരമുണ്ടാകും. ദൃശ്യപരത കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.
സ്‌കൂളുകള്‍ക്ക് അവധി
കനത്ത മഴ സാധ്യതയുള്ളതിനാല്‍ നാളെ (ഏപ്രില്‍ 17) ന് സ്‌കൂളിന് അവധി. സര്‍ക്കാര്‍, സ്വകാര്യ, വിദേശ സ്‌കൂളുകള്‍ക്കാണ് അവധി. ദോഫാര്‍, അല്‍വുസ്ത ഒഴികെ എല്ലാ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്കും അവധി ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലത്തെ ഉദ്ധരിച്ച് ഒമാന്‍ ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.
പൊലിസ് മുന്നറിയിപ്പ്
തുമൈറത്ത്- സലാല റോഡില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. പൊടിക്കാറ്റിനെ തുടര്‍ന്ന് ഈറോഡില്‍ ദൃശ്യപരത കുറയുന്നതാണ് കാരണം.
പ്രവാസികൾ നാട്ടിലെയും ഗൾഫിലെയും കാലാവസ്ഥ അറിയാൻ ഈ WhatsApp ഗ്രൂപ്പിൽ ചേരുക.
FOLLOW US ON GOOGLE NEWS