ന്യൂനമർദ്ദ പാത്തി തുടരുന്നു; കേരളത്തിൽ ഇന്നത്തെ മഴ പ്രവചനം ഇങ്ങനെ
വടക്കൻ കേരളത്തിൽ ഉൾപ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മഹാരാഷ്ട്ര മുതൽ വടക്കൻ കേരളതീരം വരെ തുടരുന്ന ന്യൂനമർദ്ദ പാത്തി (Trough) യുടെ സ്വാധീനമാണ് മഴ തുടരാൻ കാരണം.
കാലവർഷം ദേശീയതലത്തിൽ എല്ലായിടത്തും പുരോഗമിച്ചതോടെ ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലവർഷക്കാറ്റിന്റെ വേഗത ദക്ഷിണ ഇന്ത്യയിൽ കുറവാണ്.
എങ്കിലും കടലിൽ ന്യൂനമർദ്ദ പാത്തി (offshore trough) തുടരുന്നതിനാൽ ഒറ്റപ്പെട്ട മഴ കേരളത്തിൽ ലഭിക്കും. പ്രത്യേകിച്ച് കേരളത്തിൻ്റെ വടക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത. കോഴിക്കോടിൻ്റെ വടക്കൻ മേഖലയായ വടകര മുതൽ മംഗലാപുരം വരെയുള്ള മേഖലകളിൽ ഇന്ന് ഉച്ചയ്ക്ക് മുമ്പും മഴ ലഭിക്കും.
ഇന്നലെ രാത്രിയിലും വടക്കൻ കേരളത്തിന് മിക്ക ജില്ലകളിലും മഴ ലഭിച്ചിരുന്നു. പെട്ടെന്ന് ശക്തമായി പെയ്യുന്ന മഴ ഏതാനും മിനിറ്റുകൾ മാത്രം നീണ്ടു നിന്ന ശേഷം ദീർഘമായ ഇടവേളകളിലേക്ക് മാറുന്ന രീതിയിലുള്ള മഴയാണ് ഇപ്പോൾ പെയ്യുന്നത്.
കിഴക്കൻ മലയോര മേഖലകളിലും മറ്റും ഇടിയോടു കൂടെയുള്ള മഴയും പ്രതീക്ഷിക്കണം. കിഴക്കൻ മേഖലകളിലെ അരുവികളിലും നദികളിലും ഇറങ്ങുന്നത് സുരക്ഷിതമല്ല. പ്രത്യേകിച്ച് ഉച്ചക്ക് ശേഷം മലവെള്ളപ്പാച്ചിൽ സാധ്യത ഇപ്പോഴും നിലനിൽക്കുന്നു.
വടക്കൻ കേരളത്തോടൊപ്പം മധ്യ ജില്ലകളിലും ഒറ്റപ്പെട്ട രീതിയിൽ മഴ തുടരും എറണാകുളം ആലപ്പുഴ ജില്ലകളിലാണ് മഴ സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.