പുതിയ ന്യൂനമർദം നാളെ രൂപപ്പെടും ; മഴ ജാഗ്രത
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്തോനേഷ്യക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ശക്തിപ്പെട്ട് നാളെ ന്യൂനമര്‍ദമാകുക. ഇന്തോനേഷ്യയിലെ ബന്ദെ ആച്ചെക്ക് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതായും ഇത് അടുത്ത ദിവസം ന്യൂനമര്‍ദമാകുമെന്നും കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കാലാവസ്ഥാ വകുപ്പും ന്യൂനമര്‍ദ സാധ്യത സ്ഥിരീകരിക്കുന്നത്.
ന്യൂനമര്‍ദം രൂപപ്പെട്ട ശേഷം ശ്രീലങ്ക വരെ ഫിന്‍ജാല്‍ ചുഴലിക്കാറ്റിന് മുന്നോടിയായി രൂപപ്പെട്ട ന്യൂനമര്‍ദം സഞ്ചരിച്ച അതേ പാതയില്‍ പുതിയ ന്യൂനമര്‍ദവും സഞ്ചരിക്കുമെന്നാണ് മെറ്റ്ബീറ്റ് പ്രവചനം. പുതിയ ന്യൂനമര്‍ദം ഏതു പാതയില്‍ സഞ്ചരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പുതുച്ചേരിക്ക് സമീപം ഫിന്‍ജാല്‍ ചുഴലിക്കാറ്റാകുകയും തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തീവ്രമഴ നല്‍കുകയും ചെയ്തിരുന്നു. മഴയെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും വെള്ളക്കെട്ടുകള്‍ തുടരുന്നതിനിടെയാണ് പുതിയ ന്യൂനമര്‍ദം ഉടലെടുക്കുന്നത്.
കേരളത്തിലും ഫിന്‍ജാന്‍ തീവ്ര മഴ നല്‍കിയിരുന്നു. പുതിയ ന്യൂനമര്‍ദം കേരളത്തില്‍ 16 മുതല്‍ മഴ നല്‍കുമെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന വിവരം അനുസരിച്ച് ഡിസംബര്‍ 9 ഓടെ ശ്രീലങ്കക്ക് സമീപം ന്യൂനമര്‍ദമെത്തും. ഡിസംബര്‍ 12 ന് തമിഴ്‌നാട് തീരത്തും ന്യൂനമര്‍ദം എത്തും. ശ്രീലങ്കയിലും തമിഴ്‌നാട്ടിലും ന്യൂനമര്‍ദം കനത്ത മഴ നല്‍കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം.
ഡിസംബര്‍ 12 നും 13 നും കാലാവസ്ഥാ വകുപ്പും തമിഴ്‌നാട്ടില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിന്‍ജാല്‍ കനത്ത മഴ നല്‍കിയ മയിലാടു തുറൈ, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, രാമനാഥപുരം ജില്ലകളില്‍ ഡിസംബര്‍ 11 ന് കനത്ത മഴക്കും ചെങ്കല്‍പേട്ട്, വിഴുപുറം, കടലൂര്‍ ജില്ലകളിലും പുതുച്ചേരിയിലും ഡിസംബര്‍ 12 നുമാണ് കനത്ത മഴ സാധ്യത. ഇന്നും തമിഴ്‌നാട്ടില്‍ മഴ രേഖപ്പെടുത്തിയിരുന്നു.