കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കേരളത്തിനു കുറുകെ സഞ്ചരിച്ച് അറബിക്കടലിലെത്തി ദുർബലമായ ന്യൂനമർദത്തിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ നാളെ (ബുധൻ) വീണ്ടും ന്യൂനമർദം ഉടലെടുക്കും. ബംഗാൾ ഉൾക്കടലിൽ ആദ്യവാരവും രണ്ടാം വാരവും ന്യൂനമർദം ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ മാസം മെറ്റ്ബീറ്റ് വെതർ സൂചിപ്പിച്ചിരുന്നു. ആദ്യ ന്യൂനമർദം കേരളത്തിൽ രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ നൽകി ഇപ്പോൾ അറബിക്കടലെത്തി ദുർബലമായി. വടക്കുപടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 4.5 കി.മി ഉയരത്തിൽ ചക്രവാതച്ചുഴിയായി ഈ സിസ്റ്റം തുടരുകയാണ്.
പുതിയ ന്യൂനമർദം നാളെ
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നാണ് നാളെ പുതിയ ന്യൂനമർദം രൂപപ്പെടുക. തുടർന്ന് ഇത് വടക്കുവടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദം വരെയാകാൻ നിലവിൽ സാധ്യതയുണ്ട്. മണ്ടൂസ് ചുഴലിക്കാറ്റാകാനും ഈ സിസ്റ്റം ശക്തിപ്പെട്ടേക്കും. തെക്കേ ഇന്ത്യയുടെ തീരം ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യത. ഈ സിസ്റ്റം കേരളത്തിലുൾപ്പെടെ മഴ നൽകിയേക്കുമെന്നാണ് നിലവിലെ നിരീക്ഷണം. സിസ്റ്റത്തിന്റെ സഞ്ചാരപാതയിൽ അവ്യക്തയുള്ളതിനാൽ കേരളത്തിലെ മഴ പ്രവചനം അടുത്ത ദിവസങ്ങളിലേ കൃത്യമായി പറയാനാകൂവെന്ന് ഞങ്ങളുടെ മീറ്റിയോറോളജിസ്റ്റ് പറയുന്നു.
അടുത്ത ദിവസങ്ങളിൽ മഴ കുറയും
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതോടെ കിഴക്കൻ കാറ്റിന്റെ ഒഴുക്ക് തടസപെടുന്നത് കേരളത്തിലും തമിഴ്‌നാട്ടിൽ ഏതാനും ദിവസത്തേക്ക മഴ കുറയ്ക്കും. ന്യൂനമർദം തീരത്തേക്ക് അടുക്കുന്നതോടെ വീണ്ടും മഴക്ക് സാധ്യതയുണ്ട്. ഇടവേളക്ക് ശേഷം തമിഴ്‌നാട്ടിൽ മഴ ലഭിക്കും. തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരങ്ങളിൽ ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച തുടക്കമോ ശക്തമായ മഴ പ്രതീക്ഷിക്കണം. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ മെറ്റ്ബീറ്റ് വെതറിന്റെ വെബ്‌സറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.