നേപ്പാളില്‍ പ്രളയത്തില്‍ 14 മരണം, അസമില്‍, മരണം 58 ആയി
കാലവര്‍ഷം കനത്തതോടെ നേപ്പാളില്‍ ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവും. 14 പേര്‍ മരിക്കുകയും 9 പേരെ കാണാതാവുകയും ചെയ്തു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പ്രളയം. ബംഗ്ലാദേശിലും കനത്ത മഴയും പ്രളയക്കെടുതികളും തുടരുകയാണ്.
കാണാതായവര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തര്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്ന് നേപ്പാള്‍ പൊലിസ് വക്താവ് ധന്‍ ബഹാദൂര്‍ കാര്‍ഖി അറിയിച്ചു.
മഴ കനത്തതിനാല്‍ നേപ്പാളിലെ വിവിധ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കഴിഞ്ഞ മാസവും കനത്ത മഴയില്‍ നേപ്പാളില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നേപ്പാളില്‍ വ്യാഴാഴച മുതല്‍ കനത്ത മഴ തുടരുകയാണ്. ഹിമാലയന്‍ മേഖലയിലെ നദികള്‍ കരകവിഞ്ഞ നിലയിലാണ്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് നേപ്പാളിലും മ്യാന്‍മറിലും കാലവര്‍ഷം പെയ്യുന്നത്. തെക്കേ ഏഷ്യയില്‍ ഇത്തവണ കാലവര്‍ഷം കനത്ത മഴ നല്‍കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇന്ത്യയിലെ അസമില്‍ ഒരാഴ്ചയായി കനത്ത മഴ തുടരുന്നുണ്ട്. ഇവിടെയും പ്രളയക്കെടുതികളാണ് നേരിടുന്നത്.
അസമില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ആറു പേര്‍ മരിച്ചതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതുവരെ അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.