മ്യാൻമറിലും ചൈനയിലും തായ്‌ലൻഡിലും ഇന്ത്യയിലും ശക്തമായ ഭൂചലനം
മ്യാൻമറിൽ ഇന്ന് ഉച്ചയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ഡൽഹിയിൽ ഉൾപ്പെടെ പ്രകമ്പനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രതയുള്ള ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്.
ഇതിനു പിന്നാലെ സമാന ശക്തിയുള്ള തുടർ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തു. കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആളപായം സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ബാങ്കോക്ക്, തായ്ലൻ്റ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാന താവളങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം . Sagaing നഗരത്തിൻ്റെ 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ആണ് ഈ പ്രഭവ കേന്ദ്രം. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ഇതിനു പിന്നാലെ മിനുട്ടുകൾക്ക് ശേഷം 1.03 ന് മേഘാലയയിലും ഭൂചലനം അനുഭവപ്പെട്ടു.

റിക്ടർ സ്കെയിലിൽ നാല് തീവ്രതയാണ് രേഖപ്പെടുത്തിയത് എന്ന് ഇന്ത്യയുടെ ഭൂചലന നിരീക്ഷണ കേന്ദ്രമായ National Center for Seismology അറിയിച്ചു. ചൈനയുടെ തെക്ക് പടിഞ്ഞാറ് യുന്നാൻ പ്രവിശ്യയിലും ശക്തമായ ഭൂചലനം ഇതോടൊപ്പം ഉണ്ടായെന്ന് ചൈനീസ് ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.9 ആണ് രേഖപ്പെടുത്തിയത്.
തായ്‌ലൻഡിൽ ഭൂചലനത്തെ തുടർന്ന് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിൽ ആളുകൾ ബഹുനില കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങി ഓടി. കെട്ടിടങ്ങൾക്ക് മുകളിലെ സ്വിമ്മിംഗ് പൂളുകളിൽ നിന്ന് വെള്ളം താഴേക്ക് കവിഞ്ഞൊഴുകി.