Mumbai Rain 09/07/24: മുംബൈയിൽ കനത്ത മഴ തുടരുന്നു; റെഡ് അലർട്ട്, സ്ഥാപനങ്ങൾക്ക് അവധി
മുംബൈ: ചൊവ്വാഴ്ച പുലർച്ചെ ഒരുമണി മുതൽ രാവിലെ 7 വരെ പെയ്ത തീവ്രമഴയെ തുടർന്ന് മുംബൈയിൽ ജനജീവിതം സ്തംഭിച്ചു. ആറ് മണിക്കൂറിനിടെ 30 സെ.മി മഴയാണ് മഹാ നഗരത്തിൽ പെയ്തത്. ഇതോടെ നഗരത്തിലെ മിക്ക റോഡുകളിലും റെയിൽവേ ട്രാക്കിലും തിങ്കളാഴ്ച വെള്ളം കയറി.
മഴ ശക്തമായതോടെ വിമാന സർവിസുകളും നിർത്തിവച്ചു. മുംബൈ, പുണെ, താനെ, റായ്ഗഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ) അവധി പ്രഖ്യാപിച്ചു. രാവിലെ അല്പനേരം മഴ കുറവുണ്ടെങ്കിലും ഉച്ചയോടെ കൂടുതൽ മേഘങ്ങൾ കരയിലെത്തുമെന്ന് Metbeat Weather ലെ നിരീക്ഷകർ പറഞ്ഞു.
കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പു നൽകിയ കാലാവസ്ഥ വകുപ്പും സ്വകാര്യ ഏജൻസികളും ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുംബൈയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും കനത്ത മഴ മുംബൈയിൽ തുടരുമെന്നാണ് സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ Metbeat Weather പറയുന്നത്.
സബർബൻ ട്രെയിൻ സർവീസ് മുടങ്ങിയത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ വലിയ തോതിൽ ബാധിക്കും. നഗരത്തിൽ പ്രതിദിനം 30 ലക്ഷത്തോളം പേർ ആശ്രയിക്കുന്ന യാത്രാ സംവിധാനമാണിത്. കനത്ത മഴയും വെളിച്ചക്കുറവുമാണ് വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായത്.
ഇന്ന് രാവിലെ മാത്രം അമ്പതോളം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. റോഡിൽ വെള്ളം കയറിയതോടെ ബസ് സർവിസുകളും മുടങ്ങി. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടുകൾ തുടരുന്നു. ചെറിയ വാഹനങ്ങൾക്കും സർവീസ് നടത്താൻ കഴിയുന്നില്ല. ഇതോടെ അക്ഷരാർത്ഥത്തിൽ നഗരം സ്തംഭിച്ചു.
റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ (NDRF) വിന്യസിച്ചിട്ടുണ്ട്. മുംബൈക്ക് പുറമെ രത്നഗിരി, റായ്ഗഡ്, സത്താറ, പുണെ, സിന്ധുദുർഗ് ജില്ലകളിലാണ് റെഡ് അലർട്ട്. താനെ, പാൽഘർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയെ തുടർന്ന് ഓറഞ്ച് പ്രഖ്യാപിച്ചു. മഴ കനത്ത സാഹചര്യത്തിൽ മുംബൈയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സെൻട്രൽ റെയിൽവെ ഷെഡ്യുളുകൾ മാറ്റിയിട്ടുണ്ട്. ട്രെയിൻ സമയത്തിൽ മാറ്റം പ്രതീക്ഷിക്കുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.