Astronomy (05/09/24): പടിഞ്ഞാറൻ മാനത്ത് ഇന്ന് അത്തച്ചമയം
ഓണത്തിന്റെ വരവറിയിക്കാനെന്നോണം വ്യാഴാഴ്ച സൂര്യാസ്തമയത്തോ ടെ മാനത്ത് ആവണിച്ചന്ദ്രക്കല തെളിയും. നേരിയ ചന്ദ്രക്കലയ്ക്കൊപ്പം ആകാശത്ത് ഏറ്റവും തിളക്കത്തിൽ കാണ പ്പെടുന്ന ഗ്രഹമായ ശുക്രൻ തൊട്ടടുത്തായി ദൃശ്യ വിസ്മയമൊരുക്കും.
വർണ മനോഹരമായ ശരത്കാല മേഘങ്ങളുടെ അകമ്പടികൂടിയുണ്ടെങ്കിൽ പടിഞ്ഞാറൻ മാനത്ത് ഒരത്തച്ചമയം തന്നെ ഇന്ന് വൈകിട്ട് പ്രതീക്ഷിക്കാം. കാലാവസ്ഥ ചിലയിടങ്ങളിലെങ്കിലും കേരളത്തിൽ അനുകൂലമായേക്കും. പടിഞ്ഞാറൻ ചക്രവാളം നന്നായി കാണുന്ന ഇടങ്ങളിൽ വൈകിട്ട് ഉറപ്പിച്ചാൽ ദൃശ്യം കാണാനാകും.
നഗ്നനേത്രങ്ങളാൽ ഈ ദൃശ്യം ഇന്ത്യയടക്കമുള്ള തെക്കുകിഴക്കൻ രാജ്യങ്ങളുടെ മിക്കഭാഗത്തുനിന്നും കാണാം. ഗ്രഹ -ചന്ദ്രസംഗമം ( moon – venus conjunction) ഭൂമിയിൽ നിന്നുള്ള ഒരു കാഴ്ച മാത്രമാണ്. സത്യത്തിൽ ഇവ തമ്മിൽ കോടിക്കണക്കിന് കിലോമീറ്റർ അകലമുണ്ട്.
ഇന്ന് അത്തം നക്ഷത്ര ഗണത്തിന്റെ പശ്ചാത്തലത്തിലായി കാണപ്പെടുന്ന ചന്ദ്രൻ ഭൂ മിയിൽനിന്ന് ഏതാണ്ട് നാലുലക്ഷം കിലോമീറ്റർ അകലെയായിരിക്കും. മൊബൈൽ ക്യാമറയിൽപ്പോലും ദൃശ്യം പകർത്താം. ഇരുട്ട് കൂടുന്നതിനനുസരിച്ച് കാഴ്ച കൂടുതൽ മനോഹരമാവുമെങ്കിലും അപ്പോഴേക്കും ഇവ അസ്തമയത്തോട് അടുക്കുകയായിരിക്കും.
മനോഹര കാഴ്ച കാണാൻ കഴിയുന്നവർ നഷ്ടപ്പെടുത്തരുതെന്ന് അമേച്വർ വാന നിരീക്ഷകരായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
എല്ലാവർഷവും അത്ത സമയത്ത് ഇതുപോലെ ചന്ദ്രോദയം ഒത്തു വരാറില്ല. ചന്ദ്രൻ്റെ പിറവിയുമായി ബന്ധപ്പെട്ട ചന്ദ്ര മാസത്തിന്റെ രണ്ടാം ദിനമാണ് ഇന്ന്. ഹിജ്റ വർഷ കലണ്ടറിലെ അറബി മാസമായ റബീഉൽ അവ്വൽ ഇന്നലെ ചന്ദ്രപ്പിറവിയെ തുടർന്ന് സ്ഥിരീകരിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. ഇത് പ്രകാരം ഇന്നുമുതൽ ചന്ദ്രനെ ഏതാനും മിനിറ്റുകൾ പടിഞ്ഞാറൻ മാനത്ത് തെളിമയോടെ കാണാനാകും.