Monsoon 2023: കാലവർഷം അറബിക്കടലിൽ; മൺസൂൺ എത്തുന്നതെപ്പോൾ

കാലവർഷം അറബിക്കടലിൽ എത്തിയെന്ന് കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയിലേക്കും അടുത്ത ദിവസം കാലവർഷം പുരോഗമിക്കും. അക്ഷാംശം 5- 6 ഡിഗ്രി വടക്കും രേഖാംശം 67- 72 ഡിഗ്രി കിഴക്കും കാലവർഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഇതിൽ തെക്കുകിഴക്കൻ അറബിക്കടലിന്റെ ഭാഗവും ഉൾപ്പെടും. എന്നാൽ കേരളത്തിൽ കാലവർഷം എത്തിയതായി നിലവിൽ സ്ഥിരീകരണമില്ല.

കാലവർഷം

കാലവർഷം രണ്ടു ദിവസത്തിനകം

രണ്ടു ദിവസം കൂടി കേരളത്തിൽ കാലവർഷം സ്ഥിരീകരിക്കാൻ അനുകൂല അന്തരീക്ഷസ്ഥിതിയുണ്ടാകും. തുടർന്ന് മാനദണ്ഡങ്ങൾ പൂർത്തിയാകാത്ത സാഹചര്യം ഉണ്ടാകുമെന്നും തിങ്കൾ മുതൽ ഒരാഴ്ച മഴ കുറയാനാണ് സാധ്യതയെന്നും മെറ്റ്ബീറ്റ് വെതറിലെ നീരീക്ഷകർ പറഞ്ഞു.

കാലാവസ്ഥാ വകുപ്പിന്റെ കാലവർഷ സ്ഥിരീകരണ മാനദണ്ഡങ്ങളിൽപ്പെട്ട 14 വെതർ സ്റ്റേഷനുകളിലെ മഴ അളവ് പൂർത്തിയായിട്ടുണ്ട്. ഭൂമിയിൽ നിന്ന് ബഹിർഗമിക്കുന്ന ഔട്ട്‌ഗോയിങ് ലോങ് വേവ് റേഡിയേഷൻ (ഒ.എൽ.ആർ) കാലവർഷ മാനദണ്ഡ പരിധിയിലാണ്. അക്ഷാംശം 5-10 വടക്ക് വരെയും രേഖാംശം 70-75 കിഴക്ക് വരെയും 200 wm സ്‌ക്വയർ പരിധിയിലാണ്. കാറ്റിന്റെ മാനദണ്ഡമാണ് പൂർത്തിയാകാനുള്ളത്.

എന്താണ് മൺസൂൺ ഓൺസെറ്റ് മാനദണ്ഡം

മൂന്നു മാനദണ്ഡങ്ങളാണ് മൺസൂൺ കേരളത്തിൽ എത്തി എന്ന് സ്ഥിരീകരിക്കാൻ കാലാവസ്ഥാ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

മഴ
മെയ് 10 ന് ശേഷം മിനിക്കോയ്, അമിനി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കുഡ്‌ലു, മംഗലാപുരം എന്നീ വെതർ സ്റ്റേഷനുകളിൽ 60 ശതമാനം സ്‌റ്റേഷനുകളിൽ 2.5 എം.എം മഴയോ അതിൽ കൂടുതലോ തുടർച്ചയായ രണ്ടു ദിവസം രേഖപ്പെടുത്തുകയോ ചെയ്താൽ രണ്ടാം ദിവസത്തിനു ശേഷം കാലവർഷം എത്തിയതായി സ്ഥിരീകരിക്കാം.

കാറ്റ്
പടിഞ്ഞാറൻ കാറ്റ് 600 എച്ച്.പി.എ ഉയരത്തിൽ വരെ അക്ഷാംശം 10 ഡിഗ്രി വടക്കിനും രേഖാംശം 55 ഡിഗ്രി കിഴക്കിനും 80 ഡിഗ്രി കിഴക്കിനും ഇടയിൽ രേഖപ്പെടുത്തണം. ഈ മേഖലയിലെ കാറ്റിന്റെ വേഗത 925 എച്ച്.പി.എ ഉയരത്തിൽ 15- 20 നോട്ടിക്കൽ മൈൽ വേഗത വേണം. ഈ ഡാറ്റ കാലാവസ്ഥാ വകുപ്പിന്റെ ഉപഗ്രഹങ്ങളിൽ നിന്ന് മാത്രമേ സ്വീകരിക്കൂ.

ഒ.എൽ.ആർ

ഭൂമിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഔട്ട്‌ഗോയിങ് ലോങ് വേവ് റേഡിയേഷൻ (ഒ.എൽ.ആർ) അക്ഷാംശം 5-10 വരെ വടക്കിനും രേഖാംശം 70 -75 വരെ കിഴക്കും 200 മെഗാവാട്ട് സ്‌ക്വയറിനു താഴെ വരിക എന്നിവയാണ് മാനദണ്ഡങ്ങൾ.

© Metbeat News 

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment