വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും തുടരുന്ന കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും പ്രളയ ഭീതി. മേഘാലയയിൽ കനത്ത മഴയെ തുടർന്നുള്ള പ്രളയത്തിലും ഉരുൾപൊട്ടലിലും നാലു പേർ മരിച്ചു. ഗാരോ കുന്നുകളിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. രണ്ടരവയസുള്ള കുട്ടി ഉൾപ്പെടെ നാലു പേർ ഉരുൾപൊട്ടലിൽപ്പെട്ട് മരിച്ചു. ഇന്ന് രാവിലെയാണ് ഉരുൾപൊട്ടലുണ്ടായത്. ഒരു ഉരുൾപൊട്ടലിൽ അഞ്ചംഗ കുടുംബത്തിലെ മൂന്നു പേർ മരിച്ചു. പിതാവിനെയും മകനെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറൻ ഗാരോയിലെ ഗാംബെർജിലാണ് ഉരുൾപൊട്ടൽ. തെക്കുപടിഞ്ഞാറൻ ഗാരോ കുന്നുകളിലെ ബെറ്റാസിങ് മേഖലയിലാണ് മറ്റൊരു ഉരുൾപൊട്ടലുണ്ടായത്. ഇവിടെ രണ്ടരവയസുള്ള ആൺകുട്ടി മരിച്ചു. ബുധനാഴ്ച രാത്രി ഈമേഖലയിൽ കനത്ത മഴ ഉണ്ടായിരുന്നു.
മൺസൂൺ സജീവം, കനത്ത മഴ തുടരും
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൺസൂൺ കഴിഞ്ഞ ആഴ്ചയോടെ എത്തിയിരുന്നു. അസമിലും മേഘാലയിലുമാണ് ചൊവ്വാഴ്ച മുതൽ മഴ ശക്തിപ്പെട്ടത്. ബുധനാഴ്ച രാത്രിയുണ്ടായ അതിശക്തമായ മഴയാണ് ഉരുൾപൊട്ടലിനും പ്രളയത്തിനും കാരണമായത്. അടുത്ത അഞ്ചു ദിവസം കൂടി ഈ മേഖലയിൽ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് ശക്തിപ്പെട്ടതാണ് മഴക്ക് കാരണം. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ബ്രാഞ്ചാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം നൽകുന്നത്. ഉത്തർപ്രദേശ്, ചത്തീസ്ഗഢ് മേഖലകളിൽ നിലനിൽക്കുന്ന ന്യൂനമർദപാത്തിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തിപ്പെടുത്തുന്നതിന് കാരണമാണെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. മേഘാലയ, അസം, അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലും അഞ്ചു ദിവസം മഴ ശക്തിപ്പെടും. ബംഗ്ലാദേശിലും കനത്തമഴയും പ്രളയത്തിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ ബംഗ്ലാദേശ് വെതർ ഒബ്‌സർവേഷൻ ടീം അറിയിച്ചു.