കേരളം കടന്ന് കര്‍ണാടക വരെ വ്യാപിച്ച് കാലവര്‍ഷം; ഇന്നലെയും ശക്തമായ മിന്നല്‍
കാലവര്‍ഷം കേരളം കടന്ന് മംഗലാപുരത്തെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. Northern Limit of Monsoon എന്ന മണ്‍സൂണ്‍ പുരോഗമന രേഖ നിലവില്‍ മംഗലാപുരം, ചിത്രദുര്‍ഗ, നെല്ലൂര്‍ എന്നിവിടങ്ങളില്‍ വരെ വ്യാപിച്ചു.
അടുത്ത മൂന്നു ദിവസത്തിനകം മധ്യ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, കര്‍ണാടക, രായലസീമ, തീരദേശ ആന്ധ്രാപ്രദേശ്, പടിഞ്ഞാറ് മധ്യ ആന്ധ്രാപ്രദേശ്, വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കും.
ഇന്നലെ കേരളത്തിന്റെ മധ്യ മേഖലയിലാണ് മഴ കൂടുതല്‍ ലഭിച്ചത്. പാലക്കാട്, തൃശൂര്‍ ചില്ലകളിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് പട്ടിയില്‍ രണ്ടു മണിക്കൂറില്‍ 8.6 സെ.മി മഴ രേഖപ്പെടുത്തി. കൊല്ലങ്കോട് 3.7 സെ.മി ഉം മഴ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് മംഗലം ഡാം കടപ്പാറ വെള്ളച്ചാട്ടം കാണാന്‍ പോയ 6 വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. അഗ്നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇടിമിന്നലോടെ പേമാരി പെയ്യുന്ന സമയത്ത് ഇത്തരം സാഹസിക വിനോദങ്ങള്‍ അപകടരമാണ്.
തൃശൂരിലും ഇന്നലെ കനത്ത മഴ പെയ്തിരുന്നു. അയ്യന്തോളില്‍ ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് ക്ലാസിക് മോട്ടേഴ്‌സ് എന്ന വാഹന ഷോറൂമിന് തീപിടിച്ചു നാശനഷ്ടമുണ്ടായി. ഇവിടെ സര്‍വിസിന് എത്തിച്ച ബൈക്കുകളാണ് കത്തിയത്. ഒരു ബൈക്ക് പൂര്‍ണമായും മറ്റൊന്നു ഭാഗികമായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
കടല്‍ കാലാവസ്ഥാ മുന്നറിയിപ്പ്
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്. തിരമാലകളുടെ ഉയരം 1.4 മുതല്‍ 1.7 മീറ്റര്‍ വരെ ഉയരാം. തിരമാലകളുടെ വേഗത സെക്കന്റില്‍ 35 cm നും 60 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിപ്പില്‍ പറയുന്നു.
തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും തിരമാലകളുടെ വേഗത സെക്കന്‍ഡില്‍ 35 cm നും 60 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ഇന്‍കോയിസ് അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 6 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് കാലാവസ്ഥാ വകുപ്പ് വിലക്കേര്‍പ്പെടുത്തി. കടല്‍ പ്രക്ഷുബ്ധമാകാനും മണിക്കൂറില്‍ 55 കി.മി വരെയുള്ള കാറ്റിനും സാധ്യതയുള്ളതിനാലാണിത്.
Photo : Jibin P.K
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
Share this post