ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിള്ളൽ; കരയിൽ പുതിയ സമുദ്രം രൂപം കൊള്ളുമെന്ന് വിദഗ്ധർ

കിഴക്കന്‍ ആഫ്രിക്കന്‍ ഭൂമിയില്‍ ശക്തമാകുന്ന പ്രതിഭാസം വന്‍കരയില്‍ പുതിയ സമുദ്രം രൂപം കൊള്ളുന്നതിലേക്ക് നയിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍. ആഫ്രിക്കന്‍ ഭൂമിയില്‍ ആദ്യം വിള്ളൽ കണ്ടെത്തിയത് എത്യോപ്യയിലെ മരുഭൂമിയിലാണ്. പിന്നീടിത് കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങൾക്ക് വളര്‍ന്നു പന്തലിച്ചു. വിള്ളല്‍ വളരുന്നതിന് അനുസൃതമായി ഭൂമി രണ്ടായി പിളര്‍ന്ന് അകലാന്‍ തുടങ്ങി. നിലവില്‍ ഈ പ്രക്രിയയുടെ വേഗം കുറവാണെങ്കിലും ഇത് ശക്തമാകാനും അതിവഴി പുതിയ തീരപ്രദേശം തന്നെ ഉടലെടുക്കാനുമുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വയ്ക്കുന്നത്. 

‘ഭൂഖണ്ഡത്തിലെ വിള്ളൽ എങ്ങനെയാണ് സമുദ്ര വിള്ളലായി മാറുന്നതെന്ന് പഠിക്കാൻ കഴിയുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലമാണിത്. സമുദ്രത്തിന്‍റെ പുറംതോട് രൂപപ്പെടാൻ തുടങ്ങുന്നത് നമുക്ക് കാണാൻ കഴിയും, കാരണം അതിന്‍റെ ഘടനയിലും സാന്ദ്രതയിലും ഭൂഖണ്ഡത്തിലെ വിള്ളലില്‍ നിന്ന് അത് ഏറെ വ്യത്യസ്തമാണെന്നും’ ലീഡ്സ് സർവകലാശാലയിലെ ഡോക്ടറൽ വിദ്യാർത്ഥി ക്രിസ്റ്റഫർ മൂർ ദി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

‘കിഴക്കൻ ആഫ്രിക്കൻ വിള്ളൽ’ (East African Rift) എന്നറിയപ്പെടുന്ന 35 മൈൽ നീളമുള്ള വിള്ളല്‍ 2005 -ലാണ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ ഇവിടെ പുതിയൊരു സമുദ്രം രൂപപ്പെടുത്തിന് സാക്ഷ്യം വഹിക്കാന്‍ നമ്മുടെ ജീവിതകാലം മതിയാകില്ല. അതിന് ഏകദേശം അഞ്ച് മുതൽ 10 ദശലക്ഷം വർഷങ്ങൾ വരെ വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ‘ഏദൻ ഉൾക്കടലും ചെങ്കടലും അഫാർ മേഖലയിലേക്കും കിഴക്കൻ ആഫ്രിക്കൻ വിള്ളല്‍ രൂപപ്പെട്ട താഴ്വരയിലേയ്ക്കും ഒഴുകി ഒരു പുതിയ സമുദ്രമായി മാറും, കിഴക്കൻ ആഫ്രിക്കയുടെ ആ ഭാഗം അതിന്‍റെതായ ഒരു പ്രത്യേക ചെറിയ ഭൂഖണ്ഡമായി രൂപപ്പെടും.’ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ എമറിറ്റസും മറൈൻ ജിയോഫിസിസ്റ്റായ കെൻ മക്ഡൊണാൾഡും പറയുന്നു. ജിപിഎസില്‍ നിന്നും വിള്ളലിന്‍റെ കൂടുതല്‍ അളവുകള്‍ ലഭിക്കുന്നതോടെ എന്താണ് സംഭവിക്കുന്നതെന്നതില്‍ ഒരു യഥാര്‍ത്ഥ്യ ചിത്രം പുറത്ത് വരുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍, വിള്ളല്‍ രൂപപ്പെട്ട് 18 വര്‍ഷമായെങ്കിലും ഇന്നും ഇതിന്‍റെ കാരണം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. സമുദ്രത്തിന്‍റെ അടിത്തട്ടിൽ സംഭവിക്കുന്നതുപോലെയുള്ള ടെക്റ്റോണിക് ചലനങ്ങളാകാം വിള്ളലിന്‍റെ രൂപീകരണത്തിന് കാരണമെന്ന് ചിലര്‍ കരുതുന്നു. ഏറെകാലമായി അകലുന്ന മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തിയിലാണ് വിള്ളൽ രൂപം കൊണ്ടത്.  സോമാലിയൻ ടെക്‌റ്റോണിക് പ്ലേറ്റ്, നൂബിയൻ ടെക്‌റ്റോണിക് പ്ലേറ്റ്, അറേബ്യൻ ടെക്‌റ്റോണിക് പ്ലേറ്റ് എന്നീ മൂന്ന് ഫലകങ്ങളും പ്രതിവർഷം ഏതാനും മില്ലിമീറ്ററുകള്‍ വീതം അകലുന്നതായി ദ ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 


അതോടൊപ്പം ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനിലയുള്ള ഒരു പ്രദേശത്താണ് പിളര്‍പ്പ് വികസിച്ചതെന്നും ന്യൂ ഓർലിയാൻസിലെ ട്യൂലെൻ സർവകലാശാലയിലെ ജിയോഫിസിസ്റ്റായ സിന്തിയ എബിംഗർ നിരീക്ഷിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിലെ ഏറ്റവും ചൂടേറിയ ജനവാസമുള്ള നഗരം അഫാറിലാണ്. പകൽസമയത്തെ താപനില പലപ്പോഴും 54 ഡിഗ്രി സെല്‍ഷ്യസും രാത്രിയിൽ 35 ഡിഗ്രിയുമാണെന്ന് എബിംഗർ പറയുന്നു. നൂറുവർഷങ്ങൾ കൊണ്ട് സംഭവിക്കുന്ന കാര്യം ചെയ്യാൻ ഫലകചലനങ്ങള്‍ക്ക് (tectonic plate movement) കുറച്ച് ദിവസങ്ങൾ മാത്രം മതി. വർദ്ധിച്ചുവരുന്ന മാഗ്മയിൽ നിന്നുള്ള സമ്മർദ്ദമാകാം ഈ പ്രദേശത്ത് ഇതുവരെ കണ്ട വിള്ളലുകള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Leave a Comment