മലേഷ്യയിലെ മൺസൂണിനിടെ മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു. സെലാൻഗൊർ സംസ്ഥാനത്തെ അവധിക്കാല ക്യാംപ് സൈറ്റിലാണ് ദുരന്തം. 20 ലേറെ പ്രൈമറി സ്‌കൂൾ അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് രാത്രികാല ക്യാംപിനെത്തിയിരുന്നത്. ഇവരാണ് അപകടത്തിൽപ്പെട്ടത്.
ബതാങ് കാലി ടൗൺഷിപ്പിലെ ടെന്റുകളിൽ ഉറങ്ങുകയായിരുന്ന കുടുംബമാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു ദുരന്തം. പ്രദേശത്ത് കാര്യമായ മഴ ഉണ്ടായിരുന്നില്ലെന്നും ഭൂചലനം സംഭവിച്ചോയെന്ന് അറിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. 30 മീറ്റർ ഉയരത്തിൽ ചെരിവുള്ള ഭാഗമാണ് ഇടിഞ്ഞത്.
ടെന്റുകൾക്ക് മുകളിലേക്ക് പൊടുന്നനെ മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്ന് മലേഷ്യൻ പത്രം ബെരിട്ട ഹരിയൻ റിപ്പോർട്ട് ചെയ്തു.
ക്യാംപിൽ 51 മുതിർന്നവരും 30 കുട്ടികളും രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് ഫാം മാനേജർ പറയുന്നത്. 14 പേരെ കാണാനില്ലെന്ന് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 700 പേരടങ്ങുന്ന ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രധാനമന്ത്രി അൻവർ ഇബ്രാഹീമും മറ്റു മന്ത്രിമാരും പ്രദേശത്ത് സന്ദർശനം നടത്തി. തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് 50 കി.മി വടക്കാണ് ദുരന്തമുണ്ടായ പ്രദേശം. സെലൻഗോർ നേരത്തെയും നിരവധി ഉരുൾപൊട്ടലുകളുണ്ടായിട്ടുണ്ട്.