Moon halo kerala 24/11/23 : ചന്ദ്രന് ചുറ്റും വലയം, അത് ലൂണാര്‍ ഹാലോ എന്താണെന്ന് അറിയാം
കേരളത്തില്‍ വിവിധയിടങ്ങളില്‍ ചന്ദ്രന് ചുറ്റും വലയം (ഹാലോ) ദൃശ്യമായി. മൂണ്‍ ഹാലോ, ലൂണാര്‍ ഹാലോ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളികളിലെ ഐസ് പരലുകളില്‍ തട്ടി പ്രകാശം അപവര്‍ത്തനം (refraction) സംഭവിക്കുമ്പോഴാണ് ഇങ്ങനെ അനുഭവപ്പെടുന്നത്.
എങ്ങനെ രൂപപ്പെടുന്നു
ഭൗമോപരിതലത്തില്‍ നിന്ന് 6 കി.മി ഉയരത്തില്‍ (20,000 അടി) സിറസ് മേഘങ്ങള്‍ ഉണ്ടാകും. ഇത് അന്തരീക്ഷത്തിലെ ഉയര്‍ന്ന മേഖലയിലായതിനാല്‍ ഐസ് പരലുകളാണ് ഈ മേഘങ്ങളിലുണ്ടാകുക. 6 മുതല്‍ 12 കി.മി (40,000 അടി) ഉയരത്തിലുള്ള മേഖലയിലാണ് സിറസ് മേഘങ്ങളുണ്ടാകുക. ഇവയില്‍ തട്ടിയാണ് സൂര്യന്റേയോ ചന്ദ്രന്റെയോ പ്രകാശം വക്രീകരിക്കുന്നത്. ചന്ദ്രന്റെ പ്രകാശം ഇത്തരത്തില്‍ വക്രീകരിക്കുമ്പോഴാണ് മൂണ്‍ ഹാലോ എന്നു വിളിക്കുന്നത്.
സൂര്യന്റെ പ്രകാശവും ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. മഴ പെയ്ത് തെളിഞ്ഞ മാനത്താണ് സാധാരണ ഈ പ്രതിഭാസം ദൃശ്യമാകാറുള്ളത്. സൂര്യനു ചുറ്റുമുള്ള വര്‍ണവലയത്തെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുന്നത്. 22 ഡിഗ്രി ആരവും 44 ഡിഗ്രി വ്യാസവുമാണ് ചന്ദ്രന്റെയും സൂര്യന്റെയും ഹാലോയ്ക്കുണ്ടാകുക. അതിനാല്‍ ഇവയെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുക.
എന്താണ് ഹാലോ?
അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഐസ് പരലുകളോ, ഈര്‍പ്പകണങ്ങളിലൂടെയോ പ്രകാശ സ്രോതസ്സില്‍ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴുള്ള ഒപ്റ്റിക്കല്‍ പ്രതിഭാസമാണ് ഹാലോ. പ്രഭാവലയം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമാണിത്. സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക. വൃത്താകൃതിയില്‍ രൂപപ്പെടുന്ന ഇവയെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുന്നത്. ഹാലോയും കാലാവസ്ഥയുമായി ബന്ധമുണ്ട്. ഹാലോയുണ്ടെങ്കില്‍ മഴസാധ്യതയും ഉണ്ടെന്നായിരുന്നു ആദ്യകാലത്തെ കാലാവസ്ഥാ നിരീക്ഷകര്‍ പറയാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളുടെ സാന്നിധ്യമാണ് സാധാരണ ഹാലോകള്‍ സൂചിപ്പിക്കുന്നത്. ഈ മേഘങ്ങള്‍ മഴപെയ്യിക്കില്ലെങ്കിലും മഴക്ക് കാരണമാകുന്ന മേഘരൂപീകരണത്തിന് അന്തരീക്ഷത്തിന്റെ ഈര്‍പ്പക്കൂടുതല്‍ കാരണമാകാറുണ്ട്. ട്രോപോസ്ഫിയറിലെ സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളിലാണ് സാധാരണ ഐസ് പരലുകള്‍ രൂപം കൊള്ളുന്നത്.