ന്യൂനമര്‍ദം: കേരളത്തില്‍ മഴ കുറയും, മുല്ലപ്പെരിയാര്‍ 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപാര്‍പ്പിച്ചു
വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തില്‍ ഉള്‍പ്പെടെ മഴ കുറയുകയും മഴയുടെ വിതരണം രാജ്യത്തിന്റെ കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയും ചെയ്യും. വടക്കന്‍ ഒഡിഷ തീരത്തോട് ചേര്‍ന്നാണ് നിലവില്‍ ന്യൂനമര്‍ദമുള്ളത്. അതിനാല്‍ കേരളത്തില്‍ ഉള്‍പ്പെടെ നിലവില്‍ മഴയുടെ ശക്തിയില്‍ ഗണ്യമായ കുറവുണ്ട്.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കനത്ത മഴയാണ് കേരളത്തില്‍ പ്രത്യേകിച്ച് കിഴക്കന്‍ മേഖലയില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് ദീര്‍ഘമായ ഇടവേളകള്‍ ലഭിച്ചു. തെക്കന്‍ കേരളത്തില്‍ മഴ വിട്ടുനിന്ന ദിവസമായിരുന്നു ഇന്ന്. വടക്കന്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ മഴ വൈകിട്ട് വീണ്ടും തുടങ്ങി. പകല്‍ വെയില്‍ തെളിയുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ കനത്ത മഴ ഇനിയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ മണ്‍സൂണ്‍ സീസണിലെ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കണം. 30 ഓടെ മറ്റൊരു ന്യൂനമര്‍ദം ഇതേ ലൊക്കേഷനില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ഇപ്പോള്‍ കാലവര്‍ഷം കേരളത്തൊടൊപ്പം കിഴക്കന്‍ സംസ്ഥാനങ്ങളിലും സജീവമാണ്. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം മേഘവിസ്‌ഫോടനമുണ്ടായി. ഇന്ന് കേഥര്‍നാഥിലെ പ്രധാന പാതയില്‍ മണ്ണിടിച്ചിലുണ്ടായി സഞ്ചാരികള്‍ ഒറ്റപ്പെട്ടു. ദേശീയ ദുരന്ത നിവാരണ സേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അടുത്ത 36 മണിക്കൂറിനകം ഇപ്പോള്‍ ഒഡിഷ തീരത്തുള്ള ന്യൂനമര്‍ദം കരകയറി ദുര്‍ബലമാകും. പടിഞ്ഞാറന്‍ ബംഗാളിനും ബംഗ്ലാദേശിനു മുകളിലുമായി ഈ സിസ്റ്റം ദുര്‍ബലമായി ഇല്ലാതാകും.
അടുത്തയാഴ്ച മധ്യ ഇന്ത്യയിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലേക്കും മഴയെത്തും. വെസ്റ്റ്ബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനത്തും ന്യൂനമര്‍ദം കരകയറി ദുര്‍ബലമാകുന്നതോടെ മഴ ശക്തികുറയും. ഈ മേഖലയില്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നവര്‍ നാളെ (ശനി) ജാഗ്രത പാലിക്കണം. ഞായര്‍ മുതല്‍ അവിടെ കാലാവസ്ഥ തെളിയും.
കേരളത്തില്‍ ഡാമുകള്‍ തുറന്നു
കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രണ്ടു ഡാമുകള്‍ ഇന്ന് തുറന്നു. പാലക്കാട്ടെ മലമ്പുഴയും വയനാട്ടിലെ ബണാസുര സാഗറുമാണ് തുറന്നത്. ജലനിരപ്പ് നിയന്ത്രിക്കാന്‍ വേണ്ടിയാണിത്.
മുല്ലപ്പെരിയാര്‍: ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു
മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ചതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ ഇന്ന് രാത്രി 8 മണിക്ക് മുന്‍പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി റവന്യൂ ,പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇവര്‍ക്കായി 20ലധികം ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യര്‍ത്ഥിച്ചതായി കളക്ടര്‍ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറാണ്. വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പോലീസ് അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
English Summary: Kerala faces reduced rainfall. 3220 individuals from 883 families are relocated due to the Mullaperiyar situation. Stay informed on the latest updates.