ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കഴിഞ്ഞ ദിവസം ഒഡീഷയിൽ കരകയറിയ ന്യൂനമർദ്ദം മധ്യ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. ഇന്നലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചു. മധ്യ ഇന്ത്യക്ക് മുകളിലുള്ള “>ന്യൂനമർദ്ദം പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത.
ഇടിയോടെ മഴ സാധ്യത
ഇതോടെ ഇന്നലെ വരെ കേരളത്തിൽ ലഭിച്ച മഴയുടെ സ്വഭാവത്തിന് ഇന്നുമുതൽ മാറ്റം ഉണ്ടാകുമെന്ന് Metbeat Weather പ്രതീക്ഷിക്കുന്നു. ന്യൂനമർദ്ദം ഇന്ത്യയുടെ മധ്യമേഖലയിലേക്ക് എത്തിയതോടെ കാറ്റിന്റെ ശക്തിക്കും ദിശക്കും മാറ്റം വരും. ഇന്നും കേരളത്തിന്റെ തീരത്ത് മേഘങ്ങൾ രൂപപ്പെടുകയും അവ കേരളത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. തീരദേശ മേഖലയിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റും തമിഴ്നാട് വഴി കരയിലേക്ക് പ്രവേശിക്കുന്നുണ്ട്.
തമിഴ്നാട്ടിലും മഴ സാധ്യത
അതിനാൽ തമിഴ്നാട്ടിൽ ഇന്ന് മുതൽ ഇടിയോടുകൂടെയുള്ള മഴക്ക് സാധ്യതയുണ്ട്. കേരളത്തിന്റെ കിഴക്കൻ മേഖലയിലും ഇടനാട് പ്രദേശങ്ങളിലും ഇടിയോടുകൂടിയുള്ള മഴ ഇന്നുമുതൽ അനുഭവപ്പെടും. കൂടാതെ മഴക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. കൃഷി നാശത്തിന് ഇത് ഇടയാക്കിയേക്കാം. മരങ്ങൾ വീണും മറ്റുമുള്ള അപകടങ്ങൾ സൂക്ഷിക്കണം.
കാറ്റിനെ കരുതണം
മഴയും കാറ്റും ഉണ്ടാകുമ്പോൾ വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യാനോ മറ്റോ പാടില്ല. ബൈക്കിലും മറ്റും യാത്ര ചെയ്യുന്നവരും ശക്തമായ കാറ്റും മഴ ലഭിക്കുമ്പോൾ മരങ്ങൾക്കിടയിലൂടെ പോകുന്നത് സുരക്ഷിതമല്ല. കേരളത്തിൽ പരക്കെ മഴയുണ്ടാകില്ല ഒറ്റപ്പെട്ട മഴയാണ് നമ്മൾ പറയുന്നത്. ചില പ്രദേശത്ത് മാത്രം മഴ ലഭിക്കുകയും ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുകയും ചെയ്യും.
ഉച്ചയ്ക്കുശേഷമാണ് ഇടിയോടുകൂടിയുള്ള മഴ പ്രതീക്ഷിക്കേണ്ടത്. കേരളത്തിന്റെ മധ്യമേഖലയിലും വടക്കൻ കേരളത്തിലും ഇന്ന് കൂടുതൽ മഴ സാധ്യത. തെക്കൻ ജില്ലകളിലും വൈകിട്ടോടെ അല്ലെങ്കിൽ രാത്രി വൈകി ഒറ്റപ്പെട്ട മഴ ലഭിക്കും.
ഇടിയുണ്ടാകും, പക്ഷേ തുലാ മഴ അല്ല
ഇടിയോടുകൂടി മഴ ലഭിക്കുമെങ്കിലും ഇത് തുലാവർഷമായി കണക്കാക്കേണ്ടതില്ല. ഇപ്പോഴും വിൻഡ് പാറ്റേൺ കാലവർഷത്തിന്റെത് തന്നെയാണ്. പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയുന്നതും കിഴക്കൻ കാറ്റിന്റെ പ്രവേശനവും ആണ് ഇടിയോട് കൂടെയുള്ള മഴക്ക് കാരണം. കേരളത്തിലെ മുകളിലോ തമിഴ്നാട്ടിലെ മുകളിലോ ആയി കാറ്റിന്റെ അഭിസരണം (Convergence) രൂപപെടാനാണ് സാധ്യത.
കാലവർഷം വിടവാങ്ങൽ 20 ന് ശേഷം
കാലവർഷം ഈ മാസം ഇരുപതോടുകൂടെ രാജസ്ഥാനിൽ നിന്ന് വിടവാങ്ങി തുടങ്ങുമെന്നാണ് metbeat news നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ അടുത്തയാഴ്ചയോടെ ഒരുങ്ങും. സാധാരണ 45 ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് കാലവർഷത്തിന്റെ വിടവാങ്ങൽ പ്രക്രിയ. ഏറ്റവും അവസാനം കാലവർഷം വിടവാങ്ങുന്നത് കേരളത്തിൽ നിന്നാണ്. അതിനുശേഷം വടക്കു കിഴക്കൻ മൺസൂൺ എന്ന തുലാവർഷം എത്തുകയുള്ളൂ. അടുത്തമാസം രണ്ടാം വാരത്തോടെ തുലാവർഷം എത്തും എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.