ന്യൂനമർദം കരകയറി ദുർബലം ; ശക്തമായ മഴ തുടരും ; കാലവർഷം 20 മുതൽ വിട വാങ്ങൽ തുടങ്ങാൻ സാധ്യത

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം കരകയറി ദുർബലമായെങ്കിലും കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും . കാലവർഷക്കാറ്റ് സജീവമായതിനെ തുടർന്ന് അടുത്ത നാല് ദിവസം കേരളത്തിൽ മഴ തുടരാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയിലെ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലും കാലവർഷം ശക്തമായതിന്റെ ഭാഗമായുള്ള മഴ ലഭിക്കും . ഇന്നലെയാണ് ന്യൂനമർദം ഒഡിഷക്ക് സമീപം കരകയറി ദുർബലമായത്.

ശക്തമായ മഴ തുടരും

ഇന്ന് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ രാവിലെ ചാറ്റൽ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. മലയോര മേഖലകളിലും തീരദേശ മേഖലയിലും ഇടനാട് പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കണം. അടുത്ത നാല് ദിവസം മഴ ശക്തമായി തുടരാനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

ശക്തമായ മഴ തുടരും
ശക്തമായ മഴ തുടരും

മഴക്ക് കാരണം ഇതാണ്

ആഗോള മഴപ്പാത്തി എന്ന് അറിയപ്പെടുന്ന Madden Julian Oscillation (MJO) മൂന്നാമത്തെ ഫേസിൽ എത്തിയതും , ബംഗാൾ ഉൾക്കടലും പസഫിക് സമുദ്രവും സജീവമായതുമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റ് 14ന് metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം അവസാന ആഴ്ച വരെ മഴ തുടരാനാണ് സാധ്യത. ഈ മാസം കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴയെക്കാൾ കൂടുതൽ മഴ ലഭിക്കുമെങ്കിലും കാലവർഷത്തിലെ കുറവ് നികത്താൻ ഈ മഴയ്ക്ക് കഴിയില്ല. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാലു മാസക്കാലമാണ് കാലവർഷത്തിന്റെ മഴ കണക്കെടുപ്പ് നടത്തുന്നത്. ജൂണിലും ഓഗസ്റ്റിലും ആണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ കുറഞ്ഞത്. ജൂലൈ മാസത്തിൽ 10% ത്തോളം മഴ കുറഞ്ഞെങ്കിലും സെപ്റ്റംബർ മാസത്തിൽ സാധാരണക്കാർ കൂടുതൽ മഴ ലഭിക്കാനാണ് പ്രതീക്ഷ.

കാലവർഷം 20 മുതൽ വിടവാങ്ങും

തെക്കു പടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം വിട വാങ്ങേണ്ടത് ഈ മാസം രണ്ടാം വാരം മുതലാണ്. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് സെപ്റ്റംബർ 20 ഓടെ കാലവർഷം വിടവാങ്ങി തുടങ്ങും എന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ അഭിപ്രായം. കാലവർഷം ആദ്യം വിടവാങ്ങുന്നത് രാജസ്ഥാനിൽ നിന്നും അവസാനം വിടവാങ്ങുന്നത് കേരളത്തിൽ നിന്നുമാണ്. കേരളത്തിൽനിന്ന് വിടവാങ്ങുന്നതോടെ കാലവർഷം അവസാനിച്ചതായി പ്രഖ്യാപിക്കും. എങ്കിലും സെപ്റ്റംബർ 30 വരെയുള്ള മഴയാണ് കാലവർഷത്തിന്റെ കണക്കിൽ പെടുത്താറുള്ളത്. ഇത്തവണ ഒക്ടോബർ ആദ്യവാരത്തോടെ കാലവർഷം (South West Monsoon ) വിടവാങ്ങാൻ ആണ് സാധ്യതയെന്നും ഒക്ടോബർ രണ്ടാം വാരത്തോടെ തുലാവർഷം (North East Monsoon) എത്തുമെന്നും ഞങ്ങളുടെ വെതർമാൻ (Weatherman Kerala) പറഞ്ഞു. എൽ നിനോ നിലനിൽക്കുന്നതിനാൽ ഇത്തവണ തുലാവർഷം കുറയുമെന്ന് ചില കാലാവസ്ഥ പ്രവചന മാതൃകകളിൽ (NWP) പറയുന്നുണ്ട്. എന്നാൽ തുലാവർഷം സാധാരണ പോലെ ലഭിക്കാനാണ് സാധ്യതയെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ നിഗമനം. ഇപ്പോൾ പെയ്യുന്ന മഴ ഭൂമിയിലേക്ക് ഇറക്കുകയോ കിണറുകളിൽ റീചാർജ് ചെയ്യുകയോ ചെയ്താലേ വരുന്ന വേനൽക്കാലത്തെ വരൾച്ചയിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment