ശ്രീലങ്കക്ക് സമീപം ന്യൂനമര്‍ദം രൂപപ്പെടും : കേരളത്തിലും കനത്ത മഴ സാധ്യത
കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്പെട്ട് തിങ്കളാഴ്ചയോടെ ന്യൂനമര്‍ദമാകും. തമിഴ്‌നാട്, ശ്രീലങ്ക തീരത്തിനു സമീപം വഴി കേരളത്തിനു മുകളിലൂടെയോ കന്യാകുമാരി കടല്‍ വഴി അറബിക്കടലിലേക്കോ സഞ്ചരിക്കാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാഴാഴ്ച മുതല്‍ മഴ ശക്തിപ്പെട്ടേക്കുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്കുള്ള നിരീക്ഷണം അനുസരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കുപടിഞ്ഞാറാണ് ചക്രവാതച്ചുഴിയുടെ സ്ഥാനം. ഇന്നലെ metbeatnews.com ലെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതുപോലെ ഇന്നും (ശനി) നാളെയും (ഞായര്‍) കേരളത്തില്‍ മഴ ഇന്നലത്തെ അപേക്ഷിച്ച് ഗണ്യമായി കുറയും. ഇന്നലെ തെക്കന്‍ ജില്ലകളിലെ പ്രദേശങ്ങളില്‍ അതിശക്തമായ മഴ സാധ്യതയും മെറ്റ്ബീറ്റ് പ്രവചിച്ചിരുന്നു. ഇന്നലെത്തേക്കാള്‍ ഇന്ന് ചക്രവാതച്ചുഴി കൂടുതല്‍ കേന്ദ്രീകരിക്കപ്പെട്ടതിനാലാണ് ഇന്നും നാളെയും കേരളത്തില്‍ മഴ വിട്ടുനില്‍ക്കുന്നത്.
ന്യൂനമര്‍ദം രൂപം കൊള്ളുന്നതുവരെ കേരളത്തില്‍ മഴ കുറഞ്ഞ നിലയില്‍ തുടരും. ബുധന്‍ മുതല്‍ തമിഴ്‌നാടിന്റെ തീരങ്ങളില്‍ മഴ ശക്തിപ്പെടും. തമിഴ്‌നാട് പരക്കെയെന്നോണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ലഭിക്കും. ബുധനാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. വ്യാഴം മുതല്‍ പരക്കെ മഴ സാധ്യത. ഇപ്പോഴത്തെ നിരീക്ഷണ പ്രകാരമാണിത്. കൂടുതല്‍ കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന് ഏറ്റവും പുതിയ അവലോകന റിപ്പോര്‍ട്ട് വായിക്കുക. അതിനായി ഈ വെബ്‌സൈറ്റില്‍ തുടരുക.
അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലാണ് നിലവില്‍ ചക്രവാതച്ചുഴി രൂപം കൊണ്ടത്. ഇത് തമിഴ്‌നാട്ടിലേക്ക് വരുന്ന സ്വാഭാവിക വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) കാറ്റിനെ തടസ്സപ്പെടുത്തുന്നുണ്ട്. അതിനാലാണ് ഇടിയോടെ മഴ തമിഴ്‌നാട്ടില്‍ കുറയുന്നത്. വ്യാഴാഴ്ച വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായ മഴ സാധ്യതയുണ്ട്. കേരളത്തിനൊപ്പം കര്‍ണാടകയിലും മഴ ലഭിക്കും. വ്യാഴം മുതല്‍ ശനിവരെയുള്ള ദിവസങ്ങളിലാണ് മഴ ലഭിക്കുക.