ന്യൂനമര്‍ദം അറബിക്കടലില്‍ അകന്നു, മഴ കുറഞ്ഞു
വടക്കന്‍ കേരളത്തില്‍ രാവിലെ മിക്കയിടങ്ങളിലും കനത്ത മഴ നല്‍കിയ ന്യൂനമര്‍ദം അറബിക്കടലില്‍ കേരള തീരത്ത് നിന്ന് അകന്നു. ഇന്നലെ പുലര്‍ച്ചെയോടെ കേരളത്തിലെത്തിയ ന്യൂനമര്‍ദം രാവിലെ ഏഴോടെ കരയ്ക്കു മുകളില്‍ നിന്ന് അറബിക്കടലില്‍ ഇറങ്ങി. പുലര്‍ച്ചെ നാലോടെ കടലിലെത്തുമെന്നാണ് മെറ്റ്ബീറ്റ് നേരത്തെ പ്രവചിച്ചത്.
കേരളത്തിലെത്താനും വൈകി
എന്നാല്‍ നാലു മണിയോടെയാണ് തമിഴ്‌നാടിനു മുകളില്‍ നിന്ന് വയനാട് മേഖലയിലെത്തിയത്. തുടര്‍ന്ന് വടക്കന്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് മുകളിലൂടെ ന്യൂനമര്‍ദം പടിഞ്ഞാറ് അറബിക്കടല്‍ ലക്ഷ്യമാക്കി സഞ്ചരിച്ചു. മംഗലാപുരത്തിനും കാഞ്ഞങ്ങാടിനും ഇടയില്‍ കടലില്‍ നിലയുറപ്പിച്ച ന്യൂനമര്‍ദം പിന്നീട് തീരത്തോട് ചേര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് നീങ്ങി. ഉച്ചയ്ക്ക് മാഹിക്ക് സമീപവും ന്യൂനമര്‍ദം നിലയുറപ്പിച്ചു. ഇതോടെ കണ്ണൂര്‍ ജില്ലയുടെ പരിസരത്തും വടകരയിലും മഴ ലഭിച്ചു.
മഴ കുറഞ്ഞു
ഇന്ന് ഉച്ചമുതല്‍ അതിശക്തമായ മഴയ്ക്ക് കുറവ് വരുമെന്ന് മെറ്റ്ബീറ്റ് വെതര്‍ നേരത്തെ അറിയിച്ചിരുന്നു. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി ശക്തികുറഞ്ഞെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ പ്രകാരം കടലില്‍ വെല്‍മാര്‍ക്ഡ് ലോ പ്രഷറായാണ് സിസ്റ്റം രാവിലെ എത്തിയത്. കടലില്‍ വച്ച് ഇന്ത്യയുടെ തീരത്തുനിന്ന് അകന്നു പോവുകയും മഴ കുറയുകയും ചെയ്യുമെന്നായിരുന്നു മെറ്റ്ബീറ്റിന്റെ നിരീക്ഷണം.
ന്യൂനമര്‍ദ്ദം ആദ്യം പ്രവചിച്ച് മെറ്റ്ബീറ്റ്
ഇന്തോനേഷ്യക്ക് സമീപത്തെ ന്യൂനമര്‍ദം കേരളത്തിലെത്തി എല്ലാ ജില്ലകളിലും മഴ നല്‍കുമെന്ന് ആദ്യമായി ദിവസങ്ങള്‍ക്ക് മുന്‍പ് ഫോര്‍ക്കാസ്റ്റ് നല്‍കിയത് Metbeat Weather ഉം, weatherman Kerala യും ആയിരുന്നു. വടക്കന്‍ ഇന്തോനേഷ്യയിലെ ബന്ദെ ആച്ചെക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യയില്‍ എത്തുമെന്നും കേരളത്തില്‍ മഴ നല്‍കുമെന്നുമായിരുന്നു പ്രവചനം. അതിനുമുമ്പ് കേരളത്തില്‍ നവംബര്‍ 21 നു ഡിസംബര്‍ രണ്ടിനും ഇടയില്‍ മഴ ലഭിക്കുമെന്നും പ്രവചനം നല്‍കിയിരുന്നു. ഡിസംബര്‍ 2 ആയ ഇന്നലെ മിക്ക ജില്ലകളിലും കനത്ത മഴ ലഭിച്ചു. നവംബര്‍ 21 കഴിഞ്ഞിട്ടും മഴ ലഭിക്കാത്തതോടെ പലരും മഴ എവിടെ എന്ന് ചോദിച്ചിരുന്നു. ഡിസംബര്‍ രണ്ടുവരെ പ്രവചന കാലാവധി ഉണ്ടെന്നും അതുവരെ കാത്തിരിക്കാനും ആയിരുന്നു ഞങ്ങളുടെ നിരീക്ഷകര്‍ മറുപടി നല്‍കിയത്.
അനിശ്ചിതത്വം മഴ വൈകാന്‍ ഇടയാക്കി
ന്യൂനമര്‍ദ്ദം കരകയറുന്നത് സംബന്ധിച്ചുണ്ടായ അനിശ്ചിതത്വമാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ വൈകിയത്. 6 ദിവസം മുമ്പുള്ള പോസ്റ്റില്‍ വെള്ളി,ശനി, ഞായര്‍, തിങ്കള്‍ ചൊവ്വ ദിവസങ്ങളിലാണ് കേരളത്തില്‍ മഴ പ്രവചിച്ചത്. വെള്ളിയാഴ്ച ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തു. ഞായര്‍ മുതല്‍ മഴ സജീവമായി. വടക്കന്‍ കേരളത്തില്‍ ബുധനാഴ്ച വരെ മഴ തുടരും എന്നാണ് പ്രവചനം. മറ്റു ജില്ലകളില്‍ ഇന്നുമുതല്‍ മഴ കുറയും. കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചപ്പോഴും ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന നിഗമനത്തിലായിരുന്നു metbeat weather. പിറ്റേന്ന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പും പുനസ്ഥപിച്ചു.
നേരത്തേ കരകയറ്റി മാധ്യമങ്ങള്‍
ചുഴലിക്കാറ്റ് കരകയറും മുമ്പേ മലയാളത്തിലെ പല ചാനലുകളിലും ചുഴലിക്കാറ്റ് കരകയറി എന്ന വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് ആയി വന്നു. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് അപ്പോഴും കടലില്‍ തുടരുകയായിരുന്നു. സ്റ്റാളിങ് എന്ന പ്രതിഭാസം മൂലം കരയിലും കടലിലുമായി മണിക്കൂറുകളോളം ഫിന്‍ജാല്‍ തുടര്‍ന്നു. ഇതിന്റെ സാങ്കേതിക വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാനും മെറ്റ്ബീറ്റ് ടീമിന് കഴിഞ്ഞു.
കരകയറല്‍, വൈകിയത് എന്തുകൊണ്ട്
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരകയറാന്‍ കഴിയാതെ അനിശ്ചിതത്വത്തില്‍ തുടര്‍ന്നിരുന്നു . അതിന് കാരണം Stalling എന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്ന അപൂര്‍വ പിടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു ഫിന്‍ജാല്‍. ചുഴലിയെ കരകയറ്റാനുള്ള steering force കിട്ടുന്നില്ല എന്നതാണ് കാരണം. രണ്ട് റിഡ്ജ് (Ridge) കള്‍ക്ക് (കാറ്റിന്റെ ദീര്‍ഘ ശ്രേണി) ഇടയിലാണ് അപ്പോള്‍ ചുഴലിക്കാറ്റ് ഉണ്ടായിരുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ കാറ്റിനെ കരകയറ്റുന്നത് പസഫിക്ക് Ridge കളാണ്. പക്ഷേ, അത് ദുര്‍ബലമായിരുന്നു. അറബിക്കടലില്‍ നിന്നുള്ള അറേബ്യന്‍ റിഡ്ജ് ശബ്ദവും ആയിരുന്നു ആ സമയത്ത്. ഇത്തരത്തില്‍ ഒരു വടംവലി നടന്നു. പിറ്റേദിവസം രാവിലെ വരെ ഇത് തുടര്‍ന്നു.
ഇതിനകം ചുഴലിക്കാറ്റിന്റെ ഔട്ടര്‍ റെയില്‍ ബാന്‍ഡ് കരകയറിയിരുന്നു. എന്നാല്‍ Eye കരകയറാതെ landfall നടന്നു എന്ന് പറയാന്‍ കഴിയില്ലായിരുന്നു. ഈ സാങ്കേതികതയാണ് വിന്‍ഡി ആപ്പുള്‍പ്പെടെ ഉപയോഗിച്ച് ചുഴലിക്കാറ്റിനെ നിരീക്ഷിച്ചവര്‍ക്ക് കരകയറി എന്നു തോന്നാന്‍ കാരണം.