ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ന്യൂനമർദം നാളെയോടെ വെൽ മാർക്ഡ് ലോ പ്രഷൻ (ഡബ്ല്യു.എം.എൽ) ആകും. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശനിയാഴ്ചയോടെ തമിഴ്‌നാട് പുതുച്ചേരി തീരത്തേക്ക് നീങ്ങും.
ദക്ഷിണേന്ത്യയിൽ മഴ കനക്കും
വെള്ളിയാഴ്ച മുതൽ ദക്ഷിണേന്ത്യയിൽ മഴ ശക്തിപ്പെടാൻ ന്യൂനമർദം കാരണമാകും. തീരദേശ ആന്ധ്രപ്രദേശ്, രായലസീമ, കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ മഴ നൽകാൻ ന്യൂനമർദം പര്യാപ്തമാണ്. നവംബർ 11 മുതൽ 13 വരെ പലയിടത്തും ജാഗ്രത പാലിക്കേണ്ടിവരും. തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പേട്ടയ്, തിരുവല്ലൂർ, ചെന്നൈ, കാഞ്ചീപുരം, വിഴുപുറം, ചെങ്കൽപട്ടു, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ടൈ, ശിവഗംഗൈ, രാമനാഥപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴയുണ്ടാകുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. ആന്ധ്രയിലെ നല്ലൂർ, ചിറ്റൂർ ജില്ലകളിലും അതിശക്തമായ മഴ നാളെ മുതൽ രണ്ടുദിവസം പ്രതീക്ഷിക്കണം.
കേരളത്തിൽ മഴ കനക്കും
ശനിയാഴ്ച മുതൽ തിങ്കൾ വരെ കേരളത്തിലും മഴ കനക്കും. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും എല്ലാ ജില്ലകളിലും ശക്തമായ മഴയോ ഒറ്റപ്പെട്ട അതിശക്തമായ മഴയോ ലഭിക്കും. വെള്ളിയാഴ്ച രാത്രി മുതൽ വടക്കൻ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഈ മേഖലയിലേക്ക് കനത്ത മഴയുള്ളപ്പോൾ അനാവശ്യ യാത്രകൾ ഒഴിവാക്കുന്നത് ഉചിതമാണെന്നെന്ന് വെതർമാൻ പറയുന്നു. ന്യൂനമർദം തമിഴ്‌നാട് തീരത്തെത്തിയശേഷം അറബിക്കടലിലേക്ക് എത്താനും സാധ്യതയുണ്ട്.