ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ശനിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നാഷണല്‍ ഏര്‍ലി വാണിങ് സെന്റര്‍ ഫോര്‍ മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളില്‍ രാത്രിയിലും അതിരാവിലെയും മൂടല്‍മഞ്ഞിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഒമാനില്‍ ഈ ആഴ്ച രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. വടക്കന്‍ ഗവര്‍ണറേറ്റുകളിലും തീരപ്രദേശങ്ങളിലുമാണ് ന്യൂനമര്‍ദ്ദം നേരിട്ട് ബാധിക്കുക.
അതേസമയം മക്കയിൽ വെള്ളിയാഴ്ച കനത്ത മഴയും വെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഹറം പരിസരത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും ഇടിമിന്നലിന്‍റെയും കാറ്റിന്‍റെയും അകമ്പടിയോടെ നല്ല മഴയാണുണ്ടായത്. ചില ഡിസ്ട്രിക്റ്റുകളിൽ കനത്ത മഴയെ തുടർന്ന് റോഡുകളിലും റൗണ്ട് എബൗട്ടുകളിലും വെള്ളക്കെട്ടുണ്ടായി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
നിർത്തിയിട്ട ചില വാഹനങ്ങൾ മഴവെള്ള പാച്ചിലില്‍ ഒഴുക്കിൽ പെട്ടു. മരങ്ങൾ കടപുഴകി വീണു. പല സ്ഥലങ്ങളിലും മുനിസിപ്പാലിറ്റിയുടെ മാലിന്യ പെട്ടികൾ ഒലിച്ചുപോയി. ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിന് നടുവിൽ വൻതോതിൽ വെള്ളം കെട്ടിക്കിടന്നതിനാൽ മുനിസിപ്പാലിറ്റിയും ട്രാഫിക്ക് വകുപ്പും മക്ക അൽശറായ ഹൈവേ ഒരു ഭാഗം അടച്ചു.
വെള്ളം നീക്കം ചെയ്തു റോഡ് വേഗം തുറന്നു കൊടുക്കാൻ മുനിസിപ്പാലിറ്റി ഉപകരണങ്ങളും തൊഴിലാളികളുമടക്കം ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി. അടിയന്തര സാഹചര്യം നേരിടാൻ പ്രധാന റോഡുകളിൽ സിവിൽ ഡിഫൻസ് സംഘങ്ങളും നിലയുറപ്പിച്ചിരുന്നു.