ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ ഇന്നും നാളെയും മഴ കുറയും
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപ്പപെട്ടു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ഇന്ന് പുലര്‍ച്ചെ ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇന്ന് കേരളത്തില്‍ ഇന്നും നാളെയും മഴ കുറയുമെങ്കിലും വെള്ളിയാഴ്ച മുതല്‍ വീണ്ടും മഴക്ക് ന്യൂനമര്‍ദം കാരണമായേക്കും.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം
കഴിഞ്ഞ ആഴ്ച കരകയറിയ ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതച്ചുഴിയായി തുടരുന്നു. ഇത് നാളെ പാകിസ്താനിലേക്ക് കടക്കും. ഈ ചക്രവാചതച്ചുഴിയില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിലേക്ക് ഒരു ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെ കിഴക്കന്‍ ഇന്ത്യയിലും മധ്യ ഇന്ത്യയിലും രണ്ടു ദിവസത്തിനു ശേഷം മഴ ശക്തമാകും.
കേരളത്തിലെ മഴ സാധ്യത ഇങ്ങനെ
കേരളത്തില്‍ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ന്യൂനമര്‍ദത്തിന്റെ ഭാഗമായി മഴ ലഭിക്കും. തെക്കന്‍ ജില്ലകളിലാണ് മഴ ലഭിക്കുക. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാകും. കേരളത്തില്‍ ന്യൂനമര്‍ദം അതിശക്തമായ മഴക്ക് കാരണമാകില്ല. ഒറ്റപ്പെട്ട ശക്തമായ മഴ വെള്ളിയാഴ്ചക്ക് ശേഷം പ്രതീക്ഷിക്കണം.
കിഴക്ക് മഴ കനക്കും
ഒഡിഷ, ബംഗാള്‍, തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് മഴ ശക്തമാകുക. ഒപ്പം കേരളത്തിലും മഴ ലഭിക്കും. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കൂടുതല്‍ മഴ പ്രതീക്ഷിക്കാം. നാളെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദം പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുക. രണ്ടു ദിവസത്തോടെ ബിഹാര്‍, ജാര്‍ഖണ്ഡ് മേഖലകളിലും മഴ കനക്കും.
കേരളത്തിലെ മഴ കുറവ് കുറഞ്ഞു
ഇന്ന് വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ മഴക്കുറവ് 39 ശതമാനമായി കുറഞ്ഞു. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 20 വരെ കേരളത്തില്‍ ലഭിക്കേണ്ടത് 1935 എം.എം മഴയാണ്. എന്നാല്‍ ഇതുവരെ ലഭിച്ചത് 1186.2 എം.എം മഴയാണ്. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെല്ലാം മഴക്കുറവാണുള്ളത്.