തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആൻഡമാൻ കടലിന് സമീപത്തായി ഇന്നലെ രാത്രി വൈകി ന്യൂനമർദ്ദം രൂപപ്പെട്ടു. നാളെയോടെ ഈ മേഖലയിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനുശേഷം തീവ്ര ന്യൂനമർദ്ദമായി (Depression) മാറും. തുടർന്ന് വടക്കു , വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങി മോക്ക ചുഴലിക്കാറ്റായി (Mocha Cyclone) മാറാനും സാധ്യത. ഈ ന്യൂനമർദ്ദം ഈ മാസം 11 വരെ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും തുടർന്ന് ദിശ മാറി ബംഗ്ലാദേശിലേക്ക് പോകാനുമാണ് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) പറയുന്നത്.
ന്യൂനമർദ്ദം ഇന്ത്യൻ തീരങ്ങളിലേക്ക് വരാനുള്ള സാധ്യത വിരളമാണെന്ന് മറ്റു ഏജൻസികളും പറയുന്നു. കേരളത്തെ ന്യൂനമർദ്ദം നേരിട്ട് ബാധിക്കില്ല. ഇന്നുമുതൽ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളിൽ പറഞ്ഞതുപോലെ പുൾ എഫക്ട് (Pull Effect) മഴയാണ് ഇത്. നാളെ രാത്രി വൈകി വരെ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ മഴ ലഭിച്ചേക്കും. 11ന് ശേഷം കേരളത്തിന്റെ വടക്കൻ തെക്കൻ ജില്ലകളിലും മറ്റും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റിൽ തുടരുക.