വരുന്നു ന്യൂനമർദക്കാലം: മഴ തുടരും, അടുത്തയാഴ്ച ന്യൂനമർദ സാധ്യത

മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ) എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ സജീവമായി തുടരുന്നതോടെ കാലവർഷം രാജ്യവ്യാപകമായി ശക്തിപ്പെടും. മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ അഭിപ്രായപ്രകാരം കാലവർഷം കേരളത്തിനും കർണാടകയ്ക്കും പുറമേ മറ്റു സംസ്ഥാനങ്ങളിലും കൂടുതൽ മഴ നൽകുന്ന ആഴ്ചയാണ് വരാനിരിക്കുന്നത്.

കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത
എം.ജെ.ഒ മൂന്ന്, നാല്, അഞ്ച് ഫേസുകളിൽ തുടരുമ്പോഴും കേരളത്തിൽ മഴ ലഭിക്കാൻ അനുകൂല സാഹചര്യം ആണ് ഒരുങ്ങുന്നത്. അന്തരീക്ഷത്തിലെ വിവിധ കാലാവസ്ഥാ അനുകൂല ഘടകങ്ങൾ മഴക്ക് അനുകൂലമാണ്. ഒപ്പം ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളും സർക്കുലേഷനുകളും ഓസിലേഷനുകളും. ഈ സാഹചര്യത്തിൽ അടുത്തയാഴ്ച കേരളത്തിൽ ജാഗ്രത പാലിക്കേണ്ട സാഹചര്യം ഉണ്ടായേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തരീക്ഷസ്ഥിതി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ദുരന്ത നിവാരണ ഏജൻസികളും ഔദ്യോഗിക സംവിധാനങ്ങളും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത
അടുത്ത പത്തു ദിവസത്തിനകം ബംഗാൾ ഉൾക്കടലിൽ ഈ വർഷ ആദ്യ മൺസൂൺ ലോ രൂപപ്പെട്ടേക്കും. ഔദ്യോഗിക കാലാവസ്ഥാ ഏജൻസി ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ന്യൂനമർദം രൂപപ്പെടാനുള്ള ഒരുക്കങ്ങൾ ബംഗാൾ ഉൾക്കടലിന്റെ മധ്യമേഖലയിൽ നടക്കുന്നുണ്ട്. ജൂലൈ 13 ന് പുലർച്ചെയോടെ ന്യൂനമർദം രൂപപ്പെടാനും തുടർന്ന് അതിവേഗം ശക്തിപ്പെട്ട് ഒഡിഷയിലേക്ക് പോകാനുമാണ് സാധ്യത. ട്രാക്ക് സംബന്ധിച്ച് കൃത്യമായ വിവരം ന്യൂനമർദം രൂപപ്പെട്ട ശേഷമേ വ്യക്തമാകൂ. ഒപ്പം തെക്കൻ ചൈനാ കടലിലും ന്യൂനമർദ സാധ്യതയുണ്ട്. ഇതും ശക്തിപ്പെടുകയും കേരളത്തിന് കുറകെയുള്ള കാലവർഷക്കാറ്റിനെ ശക്തിപ്പെടുത്തുകയും ചെയ്‌തേക്കും. മധ്യ ഇന്ത്യ വരെയുള്ള മേഖലകളിൽ മഴ ശക്തിപ്പെടുത്താൻ ഈ സിസ്റ്റം കാരണമാകുമെന്നാണ് നിരീക്ഷണം. വടക്കൻ കേരളം, കർണാടക, കൊങ്കൺ, മുംബൈ, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ മേഖലകളിൽ മഴ ശക്തിപ്പെടാനും തമിഴ്‌നാട്ടിൽ ഇടിയോടു കൂടെയുള്ള ശക്തമായ മഴക്കും സാധ്യതയുണ്ട്. എം.ജെ.ഒ ബംഗാൾ ഉൾക്കടലിൽ തുടരുമ്പോൾ ഒന്നിലേറെ ന്യൂനമർദങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. എം.ജെ.ഒ ചൈനാ കടലിലേക്ക് പോകുമ്പോൾ അതിശക്തമായ ടൈഫൂണുകൾ രൂപം കൊള്ളും. ഇതും കേരളത്തിൽ മഴ നൽകും. നേരത്തെയുള്ള നിരീക്ഷണങ്ങളിൽ ജൂലൈ 15 വരെ മഴ സജീവമാകുമെന്നായിരുന്നു വിലയിരുത്തൽ. ജൂലൈ 15 ന് ശേഷം മഴ തുടരുമോയെന്ന കാര്യത്തിൽ അടുത്ത ദിവസങ്ങളിലേ വ്യക്തത ലഭിക്കൂ.

Leave a Comment