കഴിഞ്ഞദിവസം ഒഡീഷക്ക് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം നിലനിൽക്കുമ്പോൾ തന്നെ ഗുജറാത്ത് തീരത്ത് ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഗുജറാത്ത് തീരത്തെ ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ ശക്തിപ്പെട്ട് ഒമാനിലേക്ക് പോകും. ഒഡീഷക്ക് മുകളിലായി നിലകൊള്ളുന്ന ആദ്യത്തെ ന്യൂനമർദ്ദം ഇന്നുമുതൽ ദുർബലമാക്കാൻ തുടങ്ങും. കാലവർഷ പാത്തി അതിന്റെ നോർമൽ പൊസിഷനിൽ തുടരുകയാണ്. മേൽ സൂചിപ്പിച്ച കാലാവസ്ഥ ഘടകങ്ങൾ കേരളത്തിൽ രണ്ടുദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് കാരണമാകുമെന്നും മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടവേളകളോടുകൂടിയുള്ള ശക്തമായ മഴ ഇന്നും തുടരും . ഏതാനും മിനിറ്റോളം നീണ്ടുനിൽക്കുന്ന ശക്തമായ മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും സമാനമായ കാലാവസ്ഥയാണ് സാധ്യത. എന്നാൽ മഴക്ക് കൂടുതൽ ഇടവേളകൾ ലഭിക്കും. ഇടക്ക് വെയിൽ തെളിയും. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴ പ്രതീക്ഷിച്ചാൽ മതിയാകും.
കാറ്റിന് ശക്തി കുറയും
കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കനത്ത കാറ്റിന് ഇന്നുമുതൽ ശമനം ഉണ്ടാകും. ഞായറാഴ്ച വരെ സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം വൈകിട്ട് വരെ കാറ്റ് ഉണ്ടാകുമെങ്കിലും കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ശക്തി കുറവായിരിക്കും. ഇന്നും നാളെയും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും കിഴക്കൻ പ്രദേശങ്ങളിൽ കാറ്റുണ്ടാകും. ഞായറാഴ്ച മുതൽ കാറ്റ് ഗണ്യമായി കുറയും.
ന്യൂനമർദം മഴ കുറയ്ക്കും
ഗുജറാത്ത് തീരത്ത് ന്യൂനമർദത്തെ തുടർന്നു വരുംദിവസങ്ങളിൽ കേരളത്തിൽ മഴ കുറയും. ഒമാൻ ഭാഗത്തേക്ക് പോകുന്നതോടെ കാലവർഷക്കാറ്റിനെയും ആകർഷിച്ചു കൊണ്ടു പോകും. ഇതോടെ കേരളത്തിലെ ഉള്ള ശക്തിയായ കാലവർഷക്കാറ്റിന്റെ ഒഴുക്കിന് തടസ്സം ഉണ്ടാകും. ഇന്നുമുതൽ പലയിടത്തും അൽപനേരം വെയിൽ തെളിയുമെന്നും പ്രതീക്ഷിക്കാം.
കിഴക്കൻ മഴ തുടരും, ജാഗ്രത വേണം
കാലവർഷം ദുർബലമാകുന്നതോടുകൂടി കിഴക്കൻ മേഖലയിൽ ഇടിയോടുകൂടിയുള്ള മഴക്ക് സാധ്യത വർദ്ധിക്കും. തമിഴ്നാട്ടിലും കർണാടകയിലും കഴിഞ്ഞ അഞ്ചുദിവസമായി കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിൻറെ കിഴക്കൻ മേഖലകളിലും ഇടിയോടുകൂടിയ മഴ അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കാം. കിഴക്കൻ മലയോര മേഖലയിലെ വനമേഖലകളിൽ കനത്ത മഴ പെയ്യുന്നതായി ഉപഗ്രഹ , റഡാർ ഡാറ്റകൾ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മലവെള്ളപ്പാച്ചിലിനും മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയും നിലനിൽക്കുന്നു. പുഴകളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടും. അതിനാൽ തീരദേശവാസികൾ ജാഗ്രത തുടരണം. സർക്കാർ ഏജൻസികൾ , ദുരന്തനിവാരണ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുകയും ഔദ്യോഗിക കാലാവസ്ഥ ഏജൻസി , സ്വകാര്യ കാലാവസ്ഥ ഏജൻസികൾ , നിരീക്ഷകർ എന്നിവർ നൽകുന്ന കാലാവസ്ഥ അപ്ഡേഷൻ മനസ്സിലാക്കിയിരിക്കുകയും വേണം. മാറി താമസിക്കാൻ നിർദ്ദേശം ലഭിച്ചാൽ അമാന്തിച്ചു നിൽക്കരുത്. ഡാമുകളിലെ നീരൊഴുക്ക് വർധിക്കുന്നതിനാൽ ഡാമുകൾ തുറക്കേണ്ട സാഹചര്യവും അടുത്ത ദിവസങ്ങളിൽ വന്നേക്കാം. കിഴക്കൻമഴ ദുർബലമാകുന്നതോടെ കൂടെ സാധാരണ രീതിയിലേക്ക് തിരിച്ചു പോകാൻ ആകും .