കാലവർഷ മഴയെ തുടർന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുമേൽ മണ്ണിടിഞ്ഞുവീണു.പിക്കപ്പ് വാനിനും സ്കൂട്ടറിനും മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ആളപായമില്ല. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.ചാഴിയോട് ആനക്കാവിലെ ഷറഫുദ്ദീൻ എന്ന വ്യക്തിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഒരു മുറിക്കും വീടിന്റെ പുറത്തെ ചില ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വലിയ പാറക്കലും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു.
തൃശൂർ പുതുക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. മതിലിൽ ചേർത്ത് നിർമിച്ച ഷെഡ് തകർന്നു. സ്കൂളിന്റെ മുൻവശത്തെ മതിലാണ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാമതിൽ ഇടിഞ്ഞുവീണു. രാവിലെ ഏഴുമണിയോടെ 30 മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. മലപ്പുറം ജില്ലയിൽ 13 വീടുകൾ ഭാഗികമായി തകർന്നു. മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവയ്ക്കാൻ മലപ്പുറം ജില്ലാ കളക്ടർ ഉത്തരവിട്ടു.
വയനാട് പനമരത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു. ഇടുക്കിയിലും കണ്ണൂരിലും രാത്രിയാത്ര നിരോധിച്ചു. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോടും കടലാക്രമണം രൂക്ഷമാണ്. ഇടുക്കിയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത മേഖലകളിൽ ജാഗ്രത തുടരുകയാണ്. കാസർകോട് ഉപ്പള പുഴയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. തീരദേശവാസികൾ ജാഗ്രത പാലിക്കണം. തെക്കൻ കേരളത്തിൽ ഇടവിട്ടുള്ള മഴയായിരിക്കും ലഭിക്കുക. എന്നാൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് മെറ്റ് ബീറ്റ് വെതർ നിരീക്ഷകർ.