ഏറ്റവും ദൈർഘ്യം ഏറിയ ഉഷ്ണമേഖല ചുഴലിക്കാറ്റ് എന്ന റെക്കോർഡ് നേടിയ ഫ്രെഡി തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബികിൽ കനത്ത നാശം വിതച്ചു. മലാവിയിലും മൊസാംബിക്കിലുമായി 100-ലധികം പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് കരയറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന റെക്കോർഡ് ഫ്രെഡി നേടിയത്.
ഞായറാഴ്ച രാത്രിയാണ് ഫ്രെഡ്ഡി മലാവിയിൽ കനത്ത നാശം വരുത്തിയത്. ഉരുൾപൊട്ടലിൽ വീടുകൾ ഒലിച്ചുപോകുകയും ഉറങ്ങിക്കിടക്കുന്നവർ അപകടത്തിൽപ്പെടുകയുമായിരുന്നു. ഒരു മാസത്തിനിടെ ദക്ഷിണ ആഫ്രിക്കയിൽ രണ്ടാം തവണയാണ് ഫ്രെഡ്ഡി കരകയറുന്നത്. 134 പേർക്ക് പരുക്കേറ്റെന്നും 16 പേരെ കാണാതായെന്നും ഡിസാസ്റ്റർ മാനേജ്‌മെന്റ് വക്താവ് ചാൾസ് കലേംബ പറഞ്ഞു.
ഫ്രെഡി വാരാന്ത്യത്തിൽ കൂടുതൽ ഉൾനാടുകളിലേക്ക് പോകുമെന്നും മൊസാംബിക്കിലും തെക്കൻ മലാവിയിലും കനത്ത മഴ സൃഷ്ടിക്കുമെന്നും, സിംബാബ്‌വെയിലും സാംബിയയിലും മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഫ്രഞ്ച് കാലാവസ്ഥാ ഏജൻസിയായ മെറ്റിയോ-ഫ്രാൻസ് മുന്നറിയിപ്പ് നൽകി. വരും ആഴ്‌ചയിൽ ചുഴലിക്കാറ്റ് കരയിൽ ദുർബലമാകാൻ സാധ്യതയില്ലെന്നും കടലിലേക്ക് തിരികെ പോകാനുള്ള സാധ്യതയുണ്ടെന്നും മെറ്റിയോ-ഫ്രാൻസ് ആശങ്ക പറഞ്ഞു.
ബ്ലാന്റൈറിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രണ്ട് ടൗൺഷിപ്പുകളായ ചിലോബ്‌വെയിലും എൻദിരാൻഡെയിലും ആളുകൾക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. തലസ്ഥാനമായ ബ്ലാന്റയറിൽ മാത്രം 85 പേർ മരിച്ചെന്നാണ് സർക്കാർ കണക്ക്. മൊസാംബിക്കിൽ 10 പേർ മരിക്കുകയും 14 പേരെ കാണാതാകുകയും ചെയ്തു.
കനത്ത മഴയെ തുടർന്ന് പ്രളയവും മലാവിയിലുണ്ടായി. 32 ദിവസമായി സഞ്ചരിക്കുന്ന ഫ്രെഡ്ഡി ചുഴലിക്കാറ്റ് ഫ്രെബ്രുവരി വരെ 100 പേരുടെ ജീവനപഹരിച്ചിരുന്നു. ഫ്രെബ്രുവരി ആദ്യ വാരം പടിഞ്ഞാറൻ ആസ്‌ത്രേലിയയിലാണ് ഫ്രെഡ്ഡി ചുഴലിക്കാറ്റ് രൂപം കൊണ്ടത്. 8000 ത്തിലധികം കി.മി ശക്തികുറയാതെ കടലിൽ സഞ്ചരിച്ചു. ഫെബ്രുവരി 24 നാണ് മൊസാംബിക്കിൽ കരകയറിയത്.