ഇന്നലെ കനത്ത മഴക്കൊപ്പം ഉണ്ടായ മിന്നലിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിവിധയിടങ്ങളിൽ വലിയ നാശനഷ്ടം. ഭരണങ്ങാനം-ചൂണ്ടച്ചേരി റോഡിൽ ചിറ്റാനപ്പാറയിൽ മിന്നലേറ്റു വീട് ഭാഗികമായി തകർന്നു. ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വീടാണ് ഞായറാഴ്ച വൈകീട്ട് മിന്നലേറ്റ് തകർന്നത്. വീട്ടിലെ വയറിംഗ് കത്തി നശിക്കുകയും മുറ്റത്ത് പാകിയിരുന്ന തറയോടുകൾ പൊട്ടിച്ചിതറുകയും ചെയ്തു. രണ്ടാം നിലയിലെ ഓടുകൾക്കും വീടിന്റെ മതിലിനും കേടുപാട് പറ്റി. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനും തകരാർ സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.
കോട്ടയം മീനടത്തും മിന്നലിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മീനടം മറ്റപ്പള്ളിൽ സിജുവിന്റെ വീടിനും സമീപത്തെ ജോയി, കൊച്ചുമോൻ എന്നിവരുടെ വീടിനും നാശം സംഭവിച്ചു. ഭിത്തി പലഭാഗങ്ങളിൽ അടർന്നുവീണു. വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും തകരാറിലായി. അലമാരയുടെയും ജനലിന്റെയും ചില്ലുകൾ പൊട്ടിവീണു. പ്രവേശനകവാടത്തിലെ തൂണിനും മിന്നലേറ്റു. പറമ്പ് കിളച്ചുമറിച്ചപോലെ മണ്ണിളകിമാറി. ഞായറാഴ്ച വൈകീട്ട് 5.45-ഓടെയാണ് സംഭവം. ജോയിയുടെയും കൊച്ചുമോന്റെയും വീടിന്റെ വയറിങ്ങും മീറ്ററും കത്തിനശിച്ചു. മീനടം കുരിക്കക്കുന്നേൽ പള്ളിക്കുസമീപം കെ.എസ്.ഇ.ബി. ടവറിലെ ലൈനുകൾ പൊട്ടി. ഇന്നും തെക്കൻ കേരളത്തിലും ഏതാനും വടക്കൻ ജില്ലകളിലും ഇടിയോടെ മഴ സാധ്യതയുണ്ടെന്നാണ് Metbeat Weather പറയുന്നത്.