ജൈവ വൈവിധ്യം മാനവ വംശത്തിനെന്നു മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യമാണ്. അതുകൊണ്ട് തന്നെ കരയിലും കടലിലുമുള്ള ജൈവ വൈവിധ്യം നഷ്ടപ്പെടാതെ പരിസ്ഥിതിയെ സംരക്ഷിക്കണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന സന്ദേശം വിളിച്ചോതിയാണ് മെയ് 22 അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നത്. 2023 ലെ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിന്റെ തീം ” കരാറിൽ നിന്ന് പ്രവർത്തനത്തിലേക്ക്: ജൈവവൈവിധ്യം പുനഃസ്ഥാപിക്കുക ” എന്നത് നിരവധി സുസ്ഥിര വികസന വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്നു, ജൈവവൈവിധ്യമാണ് നമുക്ക് മികച്ച രീതിയിൽ പുനർനിർമിക്കാൻ കഴിയുന്ന അടിത്തറ എന്ന സന്ദേശം മുദ്രാവാക്യം നൽകുന്നു.
ഇപ്പോഴത്തെ നിലയില്‍ സസ്യനാശം തുടര്‍ന്നാല്‍ 2025 കഴിയുമ്പോള്‍ ലോകത്തിലെ 25% സസ്യങ്ങളും ഇല്ലാതാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷ്യ സുരക്ഷ തന്നെ ഇല്ലാതാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തും. വംശനാശം സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാ ജീവി വര്‍ഗങ്ങള്‍ക്കും പ്രകൃതി നിശ്ചയിച്ച ഓരോ കര്‍മ്മങ്ങള്‍ ഉണ്ട്. അവ ഇല്ലാതാകുന്നതോടെ പരസ്പര പൂരകങ്ങളായ ജീവി വര്‍ഗങ്ങളുടെ സമന്വയത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരുന്ന സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും പടിപടിയായി ഭൂമിയില്‍ ജീവന്‍ അസാധ്യമായി മാറുകയും ചെയ്യും.വൈവിധ്യം നിറഞ്ഞ ഭൂമിയുടെ ജൈവ സമ്പത്ത് നശിക്കാതെ കാത്തുസൂക്ഷിക്കുകയെന്നത് പ്രധാനമാണ്. നാം ജീവിക്കുന്ന ലോകം ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. മനുഷ്യരുടെ തന്നെ ഇടപെടലുകളാണ് ഇവയെ നശിപ്പിക്കുന്നത്.
മാനവരാശിയുടെ നിലനില്‍പ് തന്നെ ജൈവ വൈവിധ്യത്തിനെ അടിസ്ഥാനമാക്കിയാണ്. മനുഷ്യരുടെ ആവശ്യങ്ങള്‍ക്ക് പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനോടൊപ്പം ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും കൂടി പ്രകൃതി വിഭവങ്ങള്‍ അവകാശപ്പെട്ടതാണെന്ന് ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നു. ജീവി വര്‍ഗ്ഗത്തില്‍ ഏറ്റവും ഉന്നത സ്ഥാനം അലങ്കരിക്കുന്ന, സവിശേഷ ബുദ്ധിയുള്ള മനുഷ്യന്‍ ഈ തിരിച്ചറിവോടെ പെരുമാറിയാല്‍ മാത്രമേ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഇവിടെ നിലനില്‍ക്കാനാകൂ.
ജൈവവൈവിധ്യം നിറഞ്ഞ കേരളം
കേരളത്തിലെ നീളം കൂടിയ അഞ്ചാമത്തെ നദിയാണ് ചാലക്കുടി പുഴ. ചാലക്കുടി പുഴയ്ക്ക് ഒരു പ്രത്യേകതയുണ്ട് ഇന്ത്യയിൽ ഏറ്റവും ജൈവവൈവിധ്യമുള്ള നദിയാണ് ചാലക്കുടി പുഴ. 98 ഓളം സ്പീഷ്യസ് ശുദ്ധജല മത്സ്യങ്ങൾ ഇവിടെയുണ്ട്. തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന ചാലക്കുടി പുഴയ്ക്ക് 145 കിലോമീറ്റർ നീളമുണ്ട്. ഇത് പെരിയാറിന്റെ ഭാഗമായ മംഗലം പുഴയിൽ ചേർന്നൊഴുകി അറബിക്കടലിൽ പതിക്കുന്നു. കൂടാതെ പ്രശസ്തമായ ആതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ചാലക്കുടി പുഴയിലാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പട്ടണത്തിന് സമീപമാണ് ഈ ഈ നദി ഒഴുകുന്നത്.കേരളത്തിലെ വിവിധ പ്രദേശങ്ങൾ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. പലതും നശിച്ചു തുടങ്ങിയിരിക്കുന്നു. വിഭവങ്ങൾ നശിപ്പിക്കാതെ ഉപയോഗിക്കേണ്ടതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തർക്കും ഉണ്ട്.
ഇന്ന് വികസനത്തിന്റെയോ പുരോഗതിയുടെയോ മറവിൽ മനുഷ്യനിർമിത പ്രവർത്തനങ്ങൾ ജൈവ വൈവിധ്യത്തെ നശിപ്പിക്കുകയാണ്. അഞ്ച് വർഷങ്ങൾക്കപ്പുറം ലോകത്തിലെ 25 ശതമാനം സസ്യങ്ങളും ഇല്ലാതാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മനുഷ്യരുടെ ആവശ്യങ്ങൾക്ക് പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നതിനോടൊപ്പം ഭൂമിയിലെ സകല ചരാചരങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ഈ ദിവസം ഓർമപ്പെടുത്തുന്നു.