കടുത്ത വേനലിന് പിന്നാലെ തീവ്ര മഴ; ഇനിയും പഠിക്കാത്ത പാഠങ്ങൾ

കടുത്ത വേനലിന് പിന്നാലെ തീവ്ര മഴ; ഇനിയും പഠിക്കാത്ത പാഠങ്ങൾ

വേനൽ മഴയിലെ കുറവായിരുന്നു 2024 ഏപ്രിൽ 30 വരെ സംസ്ഥാനത്തിൻ്റെ തലവേദന. സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെടാത്ത തരത്തിലുള്ള അസാധാരണ ചൂടും ഈ വർഷത്തെ വേനലിൻ്റെ പ്രത്യേകതയായിരുന്നു. കടുത്ത ചൂടും വേനൽമഴയിലെ കുറവുമൂലമുണ്ടായ വരൾച്ചാ സാഹചര്യങ്ങളും മൂലം പ്രാഥമിക കണക്കെടുപ്പുകൾ പ്രകാരം ഏതാണ്ട് 600 കോടി രൂപയുടെ നഷ്ടമാണ് കാർഷികമേഖലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വയനാട് ജില്ലയിൽ കാപ്പിക്കൃഷിയും, ഇടുക്കി ജില്ലയിൽ ഏലത്തോട്ടങ്ങളും കടുത്ത ചൂടിൽ കരിഞ്ഞുണങ്ങി.

നാളികേര ഉത്പാദനത്തിലുണ്ടാകുവാൻ പോകുന്ന നഷ്ടം അറിയാനിരിക്കുന്നതേയുള്ളൂ. 2024 ഏപ്രിൽ 30 വരെ സംസ്ഥാനത്തെ വേനൽമഴക്കമ്മി 62 ശതമാനമായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉയർന്ന വേനൽച്ചൂടും, സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗ സ്ഥിരീകരണവും റിപ്പോർട്ട് ചെയ്തതും ഈ വർഷം ഏപ്രിൽ മാസത്തിലായിരുന്നു.

എന്നാൽ ഇപ്പോൾ ചിത്രം പാടേ മാറിയ പ്രതീതിയായിരിക്കുന്നു . മെയ് ആദ്യവാരം കഴിഞ്ഞതോടെ കേരളത്തിൽ ചെറിയ തോതിൽ വേനൽ മഴ ലഭിച്ചു തുടങ്ങുകയും, പൊരിഞ്ഞ ചൂടിന് ആശ്വാസം അനുഭവപ്പെടുകയും ചെയ്തു. വേനൽമഴഭേദപ്പെട്ട രീതിയിൽ ലഭിച്ചു തുടങ്ങിയതോടെ മെയ് 22-ാം തീയതിയോടെ വേനൽ മഴയിലെ കുറവ് നികത്തപ്പെട്ടു. നിലവിലെ കണക്കുപ്രകാരം, മാർച്ച് ഒന്നു മുതൽ മെയ് 24 വരെ 27% അധിക വേനൽ മഴയാണ് ലഭിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയിൽ മാത്രമാണ് ഇപ്പോഴും വേണ്ടത്ര വേനൽമഴ ലഭിച്ചിട്ടില്ലാത്തത് . 24 ശതമാനമാണ് ഇടുക്കിജില്ലയിലെ വേനൽമഴക്കമ്മി.

മഴയിൽ പൊതുവേ കാണപ്പെടുന്ന ഭാവമാറ്റം വേനൽ മഴയിലും പ്രകടമാണ്. മുൻകാലങ്ങളിൽ പെയ്തിരുന്ന മഴ പോലെയല്ല ഇപ്പോഴത്തെ മഴയുടെ പ്രകൃതം. അതിശക്തവും തീവ്രവുമായ മഴ വേളകളാണ് ഇപ്പോഴത്തെ പ്രത്യേകത. ചെറിയ സമയത്തിനുള്ളിൽ കനത്ത തോതിൽ മഴപെയ്യുന്ന രീതിയാണ് കുറച്ച് വർഷങ്ങളായി നിരീക്ഷിക്കപ്പെട്ടുവരുന്നത്. ഒരു മണിക്കൂർ സമയപരിധിയിൽ 100 മില്ലീമീറ്ററോ അതിലധികമോ മഴ പെയ്താൽ അത്തരം മഴ വേളകളെ “മേഘവിസ്ഫോടനം ” എന്ന ഗണത്തിലാണ് പെടുത്തുക . ചെറിയൊരു ഭൂവിസ്തൃതിയിൽ മാത്രം പെയ്യുന്ന ഇത്തരം മഴ പ്രദേശമൊട്ടാകെ വെള്ളത്തിലാഴ്ത്തുന്നു . വെള്ളച്ചാലുകളും,തോടുകളും, പാടങ്ങളും സമൃദ്ധമായിരുന്ന കാലത്ത് എത്രമഴ പെയ്താലും ആ ആ പെയ്തവെള്ളമത്രയും അവയിലൂടെ സുഗമമായി ഒഴുകിയൊലിച്ച് പുഴകളിലൂടെ കടലിൽ ചെന്നെത്തുമായിരുന്നു. . എന്നാൽ പാരിസ്ഥിതിക മുൻഗണനകളെ പിൻതള്ളി വിവേകശൂന്യമായ വികസന തൃഷ്ണകൾ മുന്നേറിയപ്പോൾ കാലാവസ്ഥാദുർഘടങ്ങളെ മയപ്പെടുത്തുകയും ഗുണപ്പെടുത്തുകയും ചെയ്തുവന്നിരുന്ന പല പാരിസ്ഥിതിക ആനുകൂല്യങ്ങളും ക്രമേണ ഇല്ലാതായി.

അതിതാപനം എന്ന അവസ്ഥയാണ് കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ മൂലകാരണം. മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന തീവ്രമഴവേളകളും അതിതാപനത്തിൻ്റെ പരിണത പ്രതിഭാസമാണ്. ഒറ്റ ദിവസം കൊണ്ട് 204.5 മില്ലിമീറ്ററോ അതിലേറെയോ മഴ ലഭിക്കുന്ന അവസരങ്ങളെയാണ് തീവ്ര മഴ ആയി വിലയിരുത്തുന്നത്. 24 മണിക്കൂറിനകം 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചാൽ അത് “കനത്ത മഴ ” യും , 115.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ പെയ്താൽ അത്, “അതിശക്തമഴ” യുമാണ്. മിതമായ തോതിൽ ഏറെനേരം നീണ്ടു നിന്ന് പെയ്യുന്ന രീതി നന്നേ കുറഞ്ഞ് പകരം ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമോ , തീവ്രമോ ആയ മഴപ്പെയ്ത്ത് വർദ്ധിച്ചുവരുകയാണ്.

എന്തുകൊണ്ട് തീവ്രമഴകൾ ?


അന്തരീക്ഷത്തിന് ചൂടേറുമ്പോൾ അതിൻ്റെ ഈർപ്പ ഗ്രാഹക ശേഷി വർദ്ധിക്കുന്നു. താപനിലയിലെ ഓരോ ഡിഗ്രി സെൻ്റിഗ്രേഡ് വർദ്ധനവിനും വായുവിൻ്റെ ഈർപ്പ ഗ്രാഹക ശേഷി ഏഴുശതമാനം കണ്ട് വർദ്ധിപ്പിക്കുവാനാകും. കൂടുതൽ ഈർപ്പഭരിതമായ വായുവിൽ നിന്നും രൂപം കൊള്ളുന്ന മേഘങ്ങൾ സ്വഭാവികമായും കൂടുതൽ ജലകണ സമ്പന്നമായിരിക്കും. ഇപ്രകാരം അതി താപന സാഹചര്യങ്ങൾ കനത്ത ജലാംശമുള്ള മേഘങ്ങൾ രൂപപ്പെടുവാനുള്ള സാധ്യതയൊരുക്കുന്നു. ഒരു പക്ഷേ,സമീപ വർഷങ്ങളിൽ കനത്ത മഴ നൽകുന്ന മേഘങ്ങൾ ഇത്തരത്തിൽപ്പെടുന്നവയാകാം അധിക ജലസാന്നിധ്യം മൂലം “കനമേറിയ”മേഘങ്ങളിൽ നിന്നാവാം തീവ്രമഴപ്പെയ്ത്ത് ലഭിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വരും കാലങ്ങളിലും ഇത്തരം മഴപ്പെയ്ത്തുകളെ കരുതിയിരിക്കേണ്ടതുണ്ട്.

എന്നാൽ, കൊടുംവരൾച്ചയാവട്ടെ; തീവ്ര മഴപ്പെയ്ത്താവട്ടെ അവ വരുത്തിവയ്ക്കുന്ന ദുരന്തസമാനമായ പ്രത്യാഘാതങ്ങൾക്ക് കാഠിന്യമേറ്റുന്നത് പലപ്പോഴും തനതു പാരിസ്ഥിതിക ഘടനയിൽ മനുഷ്യർ നടത്തുന്ന വിവേകരഹിതമായ ഇടപെടലുകളും, ഭൂവിനിയോഗ ക്രമത്തിൽ കൈക്കൊള്ളുന്ന അപക്വവും അശാസ്ത്രീയവുമായ സമീപനങ്ങളുമാണ്. കേരളം വേനൽ മാസങ്ങളിൽ മുൻപ് ഒന്നുമില്ലാത്ത വിധം തളരുകയും വരളുകയും ചെയ്യുന്നുണ്ടെങ്കിൽ, വർഷക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടിലും വെള്ളപ്പൊക്കത്തിലും കുതിരുന്നുണ്ടെങ്കിൽ ആ രണ്ട് അവസ്ഥകൾക്കും പൊതുവായ ഒരു കാരണമുണ്ട്. അധികജലത്തെ സംഭരിക്കുകയും സംരക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ ജലസ്രോതസ്സുകളാക്കുകയും ചെയ്തിരുന്ന തരത്തിലുള്ള ഭൗമഘടനയല്ല ഇപ്പോൾ നമ്മുടെ സംസ്ഥാനത്തിനുള്ളത്.

കിഴക്കുനിന്ന് പടിഞ്ഞാറേയ്ക്ക് ചരിഞ്ഞു കിടക്കുന്നതാണ് കേരളത്തിൻ്റെ സ്വഭാവിക ഭൂമിശാസ്ത്രം. അത്തരമൊരു ഭൂപ്രകൃതിയുള്ളതിനാൽ മഴക്കാലം എത്ര മികച്ചതാണെങ്കിൽപ്പോലും, മഴ നിലയ്ക്കുമ്പോൾ കേരളം വരളും. ധാരാളം മഴവെള്ളം പിടിച്ചുവയ്ക്കുന്ന തോടുകളും, കുളങ്ങളും, ജലം ധാരാളമായി ഭൂമിയിലേയ്ക്ക് സാവകാശം ആഴ്ന്നിറങ്ങുവാൻ സഹായിക്കുന്ന പാടശേഖരങ്ങളും ഉണ്ടായിരുന്നതിനാൽ ആണ് മുൻകാലങ്ങളിൽ കേരളം വെള്ളക്കെട്ടും വരൾച്ചയും മെയ്യിൽ ത്തട്ടാതെ പിടിച്ചു നിന്നിട്ടുള്ളത്. മഴക്കാലങ്ങളിൽ ജലസംഭരണികളായും, കൊടും വേനലിൽ ജല ദായിനികളായും ഇവ വർത്തിച്ചു.

എന്നാൽ, മാറിയ ഭൂവിനിയോഗക്രമം ഈ രണ്ട് ആനുകൂല്യങ്ങളും ഒറ്റയടിക്ക് ഇല്ലാതാക്കി.

തീവ്രമഴയാണ് കേരളം അഭിമുഖീകരിക്കുന്ന പ്രളയത്തിന് ഒന്നാമത്തെ കാരണമെങ്കിൽ, രണ്ടാമത്തെ കാരണം മാറിയ ഭൂവിനിയോഗ ക്രമമാണ്. കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ ഭൂവിനിയോഗ ക്രമത്തിൽ ഉണ്ടായ വ്യതിയാനം ജലസംഭരണം, ജലനിർഗ്ഗമനം എന്നിവക്കുള്ള ഉപാധികൾ വലിയൊരളവിൽ ഇല്ലാതാക്കിയിരിക്കുന്നു. മുൻകാലങ്ങളിൽ സംസ്ഥാനത്തുടനീളം ഉണ്ടായിരുന്ന തോടുകൾ,കുളങ്ങൾ എന്നിവ ഇല്ലാതായിരിക്കുന്നു. നെൽവയലുകളുടെ വിസ്തൃതിയിൽ വൻ കുറവുണ്ടാകുകയും ചെയ്തിരിക്കുന്നു. 1950 കളിൽ 8 ലക്ഷത്തോളം ഹെക്ടറിനടുത്ത് ഉണ്ടായിരുന്ന നെൽവയലുകളുടെ വിസ്തീർണ്ണം നിലവിൽ ഏതാണ്ട് രണ്ട് ലക്ഷം ഹെക്ടറോളമായി ചുരുങ്ങിയിരിക്കുന്നു. മഴവെള്ളം വൻതോതിൽ സംഭരിച്ച് ഭൂഗർഭ ജലശേഖരത്തെ പരിപോഷിപ്പിച്ചിരുന്ന നെൽവയലുകളും മറ്റ് തണ്ണീർത്തടങ്ങളും വരൾച്ചാവേളകളിൽ ജല സ്രോതസ്സുകൾ കൂടിയായിരുന്നു. അക്കാലത്തെ അധികപ്പെയ്ത്തുജലം ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്ന ഈ ജലസംഭരണികൾ വെള്ളക്കെട്ടിനേയും പ്രളയക്കെടുതികളേയും വലിയൊരളവുവരെ നിയന്ത്രിച്ചിരുന്നു. ഇവയിലൂടെ സംഭരിക്കപ്പെട്ടിരുന്ന ജല ശേഖരം ഭൂഗർഭത്തിൽ സംഭരിക്കപ്പെട്ടിരുന്നതു കൊണ്ടാവാം, അക്കാലങ്ങളിൽ വരൾച്ചാ വേളകളെ കേരളത്തിന് അതിജീവിക്കാനായതും.

എന്നാൽ, ഇപ്പോൾ നെൽവയലുകളും തണ്ണീർത്തടങ്ങളും കാർഷികേതര ആവശ്യങ്ങൾക്കു വേണ്ടിയോ, നഗരവൽക്കരണത്തിന് വേണ്ടിയോ നികത്തപ്പെടുന്ന സാഹചര്യത്തിൽ അധിക ജലത്തെ ഉൾക്കൊള്ളുവാനുള്ള സ്വാഭാവിക സംഭരണികൾ ഇല്ലാതാവുകയും അതിശക്തിയായി മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ആദ്യ പടിയായി വെള്ളക്കെട്ടിലേക്കും , പിന്നീട് ജലനിരപ്പ് ദ്രുതഗതിയിൽ ഉയർന്ന് പ്രളയ സമാന സാഹചര്യങ്ങളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്.

ജലനിർഗമന മാർഗ്ഗങ്ങളുടെ അഭാവമാണ് വെള്ളക്കെട്ടിലേക്ക് വഴി തെളിയിക്കുന്ന മറ്റൊരു പ്രധാനകാരണം. തോട്ടുകൾ, ചാലുകൾ കനാലുകൾ എന്നിവ കേരളത്തിൻ്റ നാട്ടിൻ പുറങ്ങളിൽ പ്രകൃത്യായുണ്ടായിരുന്ന ജലനിർഗ്ഗമന മാർഗ്ഗങ്ങളായിരുന്നു. പരസ്പരബന്ധിതമായതോടുകൾ, കനാലുകൾ എന്നിവയിലൂടെ പെയ്ത്ത് വെള്ളം ഏറെക്കുറെ സുഗമമായി ഒഴുകി പുഴകളിലും കായലുകളിലും അവിടെ നിന്ന് കടലിലേക്കും എത്തിച്ചേരുമായിരുന്നു. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന സംസ്ഥാനത്തിൻ്റെ ഭൂപ്രകൃതിക്കും വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിന് സുപ്രധാന പങ്കുണ്ട്.

എന്നാൽ, തോടുകൾ, കനാലുകൾ തുടങ്ങിയ സ്വാഭാവിക ജലനിർഗ്ഗമന മാർഗ്ഗങ്ങൾ ഇപ്പോൾ ഏറെക്കുറെ നാമാവശേഷമായിക്കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർമ്മിച്ച കൃത്രിമ ജലനിർഗ്ഗമന മാർഗ്ഗങ്ങൾ, പ്രധാന റോഡുകളുടെ പാർശ്വങ്ങളിലുള്ള നിർമ്മിത ചാലുകൾ എന്നിവ കാര്യക്ഷമമായ രീതിയിൽ കൈകാര്യം ചെയ്താൽ ചുരുങ്ങിയ പക്ഷം കനത്തമഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ടങ്കിലും ഒഴിവാക്കാം. എന്നാൽ, ഇത്തരം ചാലുകളിൽ പ്ലാസ്റ്റിക്, തുണി, മണ്ണ് ഗാർഹിക മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടി ജലം സുഗമമായി ഒഴുകാനനുവദിക്കുന്നില്ല. എന്നു മാത്രമല്ല ഇവയിൽ നിന്നുള്ള മാലിന്യം കെട്ടികിടക്കുന്ന ജലത്തിലൂടെ പടർന്ന് ഗുരുതരമായ ജലജന്യ രോഗങ്ങൾക്കും പകർച്ച വ്യാധികൾക്കും ഇടയാക്കുന്നു.

വ്യാപകമാകുന്ന നഗരവൽക്കരണം വെള്ളകെട്ട് രൂക്ഷമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നഗരങ്ങളിലെ ടാറിട്ട റോഡുകൾ, കോൺക്രീറ്റ് നടപ്പാതകൾ വീട്ടുകൾക്ക് മുന്നിലുള്ള ടൈലുപാകാം മുറ്റങ്ങൾ എന്നിവ ജലം ഭൂമിയിലേക്കിറങ്ങാൻ അനുവദിക്കുന്നവയല്ല മാത്രമല്ല,നഗരങ്ങളിലെ ജല / മലിനജല നിർഗ്ഗമന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും ജലത്തിൻ്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു. ഇത്തരം പരിതസ്ഥിതിയിൽ സാധാരണ തോതിലുള്ള മഴ പെയ്താൽ പോലും കനത്ത വെള്ളക്കെട്ടും അനാരോഗ്യ സാഹചര്യങ്ങളും നഗരങ്ങൾ നേരിടേണ്ടി വരുന്നത് ഇക്കാരണത്താലാണ്.

അടുത്ത ദിവസം കേരളത്തിലെ പല നഗരപ്രദേശങ്ങളിലും രൂക്ഷമായ വെളളക്കെട്ടും പ്രളയ സമാന സാഹചര്യങ്ങളും ഉണ്ടായതിന് പ്രധാന കാരണം ചെറിയ സമയത്തിനുള്ളിൽ പെയ്ത തീവ്ര മഴയാണ്. മേഘവിസ്ഫോടനമെന്നാണ് ഇത്തരം സാഹചര്യങ്ങളെ പറയുക. കാലാവസ്ഥാ വ്യതിയാന / ആഗോളതാപന കാലഘട്ടത്തിൽ ഇത്തരം മഴവേളകൾ ആവർത്തിച്ചുണ്ടാകുമെന്നും സാധാരണ തരത്തിലുള്ള മഴ വേളകളും മഴദിനങ്ങളും കുറയുമെന്നും ധരിക്കേണ്ടതുണ്ട്.. 2018ലെ മഹാ പ്രളയം, 2019,2020,2021 ലെ മിന്നൽ പ്രളയങ്ങൾ, തുടർന്നുണ്ടായ ഉരുൾപൊട്ടലുകൾ, അവ വരുത്തിവച്ച ജീവനാശം എന്നിവ നമ്മുടെ ഓർമ്മകളിൽ നിന്ന് മറയാറായിട്ടില്ല.

പറഞ്ഞു വരുന്നതെന്തെന്നാൽ, ഈ കാലവർഷക്കാലത്തും തീവ്രമഴകളുണ്ടാകാം. അതി ശക്തമഴകളും ഉണ്ടാകാം . എന്നാൽ അവയിലൂടെയുണ്ടാകാവുന്ന ദുരന്തങ്ങൾക്ക് അതിഭീകരമാനം കൈവരുന്നതാകട്ടെ, പരിസ്ഥിതി സംരക്ഷണത്തിൽ നമ്മൾ പുലർത്തിവരുന്ന കെടുകാര്യസ്ഥതയും, അവിവേകവും കൊണ്ടു കൂടിയാണ്. ഇതുവരെയറിഞ്ഞ പാഠങ്ങളിൽ നിന്നും ഇനിയും നമ്മൾ ഒന്നും പഠിച്ചിട്ടില്ലയെന്ന് ചുരുക്കം.

(കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ കോളമിസ്റ്റുമാണ് ലേഖകൻ)

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment