അദോഷി തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ ; മുംബൈ പുന്നെ എക്സ്പ്രസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയിൽ അദോഷി തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മുംബൈ പുന്നെ എക്സ്പ്രസ്സ് വേയിൽ ഗതാഗതം തടസ്സപ്പെട്ടു. ഈ ഭാഗത്തേക്കുള്ള വാഹനങ്ങൾ പോലീസ് രണ്ട് മണിക്കൂറോളം തടഞ്ഞു. എക്സ്പ്രസ് വേയിലെ മുംബൈ പാതയിൽ ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞതിനെ തുടർന്ന് ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ അവ നീക്കം ചെയ്യുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അദോഷി തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും നിർത്താതെ പെയ്യുന്ന മഴയിൽ ഈ ചെളിയും കല്ലും തിരക്കേറിയ റോഡിലേക്ക് ഒലിച്ചിറങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഉത്തരേന്ത്യയിൽ പഞ്ചാബ്, മഹാരാഷ്ട്ര ,യുപി എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയിൽ തെലങ്കാനയിലും ശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലും പരിസര പ്രദേശങ്ങളിലുമാണ് റെഡ് അലർട്ട് ഉള്ളത്. സംസ്ഥാനത്ത് ഇന്നലെ ഇടിമിന്നലേറ്റ് ആറ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ ചരൺപൂരിലാണ് മരിച്ചത്.

പഞ്ചാബിൽ മഴക്കെടുതിയെ തുടർന്ന് 41 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.നിലവിൽ 1616 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. തരൺ തരൺ, ഫിറോസ്പൂർ, ഫത്തേഗഡ് സാഹിബ്, ഫരീദ്കോട്ട്, ഹോഷിയാർപൂർ, രൂപ്നഗർ, കപൂർത്തല, പട്യാല, മോഗ, ലുധിയാന തുടങ്ങി 19 ജില്ലകളിലും മഴയിൽ വ്യാപക നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

Leave a Comment