കോട്ടയം കനത്ത മഴ ഉരുള്‍പൊട്ടല്‍, മിന്നല്‍ പ്രളയം (Video)

കോട്ടയം കനത്ത മഴ ഉരുള്‍പൊട്ടല്‍, മിന്നല്‍ പ്രളയം (Video)

തെക്കന്‍ കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും. കോട്ടയം
ജില്ലയിലെ മേലാടുക്കം, ഇച്ചപ്പാറ, തിക്കോയ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. തിക്കോയിയിലെ പുഴയിലെ ജലനിരപ്പ് ഇന്ന് വൈകിട്ട് അഞ്ചിന് 10 അടിയിലെത്തിയെന്ന് മീനച്ചിലാര്‍ റിവര്‍ റെയ്ന്‍ മോണിറ്ററിങ് നെറ്റ്‌വര്‍ക്ക് രേഖപ്പെടുത്തി. ആറരയോടെ ജലനിരപ്പ് 18 അടിയായി ഉയര്‍ന്നു.

കനത്ത മഴ ഉരുള്‍പൊട്ടല്‍

ഈരാറ്റുപേട്ട അരുവിത്തറ കോളജ് പാലത്തിലും 3.5 അടി വെള്ളമാണ് വൈകിട്ട് 5 മണിയോടെ ഉണ്ടായിരുന്നത്. കോട്ടയം പത്തനംതിട്ട ജില്ലകളിലെ വനമേഖലയിലുണ്ടായ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായത്. ഈ മഴയുടെ ശക്തി രാത്രിയോടെ കുറഞ്ഞു. ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോലയില്‍ വൈകിട്ട് ഒരു മണിക്കൂറിലധികം കനത്ത മഴ പെയ്തു.

മഴ തുടരും

തെക്കന്‍ കേരളത്തില്‍ ഈ മാസം അവസാനം വരെ മഴ തുടരാനാണ് സാധ്യത. കിഴക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കണം. ഇന്ന് വൈകിട്ട് മീനച്ചിലാറിന്റെ കിഴക്കന്‍ മേഖലയായ തീക്കോയിലാണ് പെട്ടെന്ന് മലവെള്ളപ്പാച്ചില്‍ ശ്രദ്ധയില്‍ പെട്ടത്. വൈകിട്ട് ഒന്നര മണിക്കൂറിനുള്ളില്‍ എട്ടടി വെള്ളമാണ് പുഴയില്‍ ഉയര്‍ന്നത്. ഉരുള്‍പൊട്ടലുണ്ടായെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

കിഴക്കന്‍ മേഖലയിലെ വിനോദയാത്ര കരുതണം

കിഴക്കന്‍ മലയോര മേഖലയില്‍ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ ഇതുപോലുള്ള മഴ അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കാം. അതിനാല്‍ കിഴക്കന്‍ മേഖലയിലേക്കുള്ള വിനോദയാത്രകളില്‍ ജാഗ്രത വേണം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് ഇത്തരം മേഖലയിലെ യാത്രകളില്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്താവുന്നതാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കരകയറിയ ശേഷം നാളെ തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്ന് കഴിഞ്ഞ ദിവസം metbeatnews.com റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലമുള്ള മഴ നാളെ (22/09/23) മുതലാണ് കേരളത്തില്‍ ലഭിക്കുക.

@Metbeat Weather

Share this post

Leave a Comment