ഉൾവനത്തിലും ഉരുൾപൊട്ടലുണ്ടാകില്ലേ? പിന്നെ പരിസ്ഥിതി സംരക്ഷണവുമായി എന്താണ് ബന്ധം?


ഉൾവനത്തിലും ഉരുൾപൊട്ടലുണ്ടാകില്ലേ? പിന്നെ പരിസ്ഥിതി സംരക്ഷണവുമായി എന്താണ് ബന്ധം?

അലക്സ് സി.ജെ

ഉൾവനത്തിലും ഉരുൾപൊട്ടലുണ്ടാകില്ലേ? പിന്നെ ഉരുൾപൊട്ടലും പരിസ്ഥിതി സംരക്ഷണവുമായി എന്താണ് ബന്ധം? മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും ഉരുൾപൊട്ടലും, ഉരുൾപൊട്ടൽ പ്രവചനം, ഉരുൾപൊട്ടൽ സാധ്യതാ പഠന മാപ്പും ഉരുൾപൊട്ടലും എന്നിവയെ കുറിച്ച് വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ കേരള ശാസ്ത്ര സമൂഹം ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്ത് എങ്ങനെ എന്ന് നോക്കാം.

കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത ഏറ്റവും കൂടുതലുള്ള രണ്ട് ജില്ലകളുടെ ഉരുൾപ്പൊട്ടൽ സാധ്യതാ പഠനത്തിന് GlS & RS (ജിയോ ഇൻഫർമേഷൻ സിസ്റ്റം & റിമോട്ട് സെൻസിംഗ്)
സാങ്കേതിക സഹായം നൽകിയ അനുഭവ സമ്പത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. 

ഉരുൾപൊട്ടലിൻ്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം ?

ഉഷ്ണമേഖലാ രാജ്യങ്ങളിലെ 90%  ഉരുൾപ്പൊട്ടലിൻ്റേയും ട്രിഗറിങ്ങ് ഫാക്ടർ (Triggering factor) അതിശക്തമായ / തീവ്ര മഴയാണ് എന്ന് തന്നെയാണ് എല്ലാ പഠനങ്ങളും പറയുന്നത്. ബാക്കി 10% ത്തിൽ ഭൂമികുലുക്കവും വൻ സ്ഫോടനങ്ങളും ഖനനവും എല്ലാം വരും.

കേരളത്തിൽ ഇതുവരെ ഉണ്ടായ  ഉരുൾപൊട്ടലിൻ്റെ പരമപ്രധാന കാരണം തീവ്ര മഴയാണ്. അതി ശക്തമായ  മഴയില്ലെങ്കിൽ കേരളത്തിൽ ഉരുൾപൊട്ടലിന് 99%വും സാധ്യതയില്ല.
ശക്തമായ മഴയുണ്ടെങ്കിൽ പിന്നീട് ഉരുൾപൊട്ടലിന് കാരണമാകുന്ന ഘടകങ്ങളുടെ  പ്രാധാന്യമനുസരിച്ച് ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. അവ ഏതെല്ലാം എന്ന് നോക്കാം.

1. slope (പ്രദേശത്തിൻ്റെ ചെരിവ് ), 2.നിന്മോന്നത (Relative relief)
3. പാറയ്ക്ക് മുകളിലെ മണ്ണിൻ്റെ ആഴം
4. മണ്ണിൻ്റെ / പാറയുടെ ഘടന
5. നീർചാൽ സാന്ദ്രത

മുകളിൽ പറഞ്ഞ 5 ഘടകങ്ങളിൽ മനുഷ്യർക്ക് പ്രത്യേകിച്ച് ഒരു നിയന്ത്രണവുമില്ല. 

മറ്റു ഘടകങ്ങൾ

6. ഭൂവിനിയോഗത്തിൽ വരുത്തുന്ന മാറ്റങ്ങൾ
7. നീർചാലുകളെ പരിഗണിക്കാതെയുള്ള  നിർമിതികൾ (റോഡ്, കെട്ടിടങ്ങൾ, മതിലുകൾ തുടങ്ങിയവ )
8. കൃഷിക്കായി  നീർച്ചാലുകൾ ഇല്ലാതാക്കൽ / ഒഴുക്ക്  നിയന്ത്രണം / ഗതി മാറ്റൽ
9. റബ്ബർ തോട്ടങ്ങളുടെ പുതുക്കൽ പ്രക്രിയ (പഴയ റബ്ബർ മാറ്റി പുതിയവ നടൽ )
10. പാറ ഖനനത്തിനായി നടത്തുന്ന വലിയ സ്ഫോടനങ്ങൾ
11. കാട്ടുതീ (മനുഷ്യർ കാരണമായുള്ളത് )

6. 11 വരെയുള്ള ഘടകങ്ങളുടെ ഉരുൾപൊട്ടലിലുള്ള സ്വാധീനം
മനുഷ്യർക്ക് നിയന്ത്രണമില്ലാത്ത ഘടകങ്ങളെ അപേക്ഷിച്ച്  കുറവാണെങ്കിലും. മനുഷ്യവാസമുള്ള പ്രദേശങ്ങളിലെ ഉരുൾപ്പൊട്ടലിന് ഈ ഘടകങ്ങളുടെ സ്വാധീനം 1 – 5 ഘടകങ്ങൾ കൂടി ചേർന്നു വരുമ്പോൾ ഏറെ നിർണായകമാകാറുണ്ട്.

ഉൾവനത്തിലും ഉരുൾപ്പൊട്ടലുണ്ടാകില്ലേ?

അതിശക്തമായ മഴ പെയ്യുകയാണെങ്കിൽ മനുഷ്യരുടെ ഒരു ഇടപെടലില്ലെങ്കിലും 1 – 5 ഘടകങ്ങളുടെ സ്വാധീനത്തിൽ തന്നെ ഉരുൾപ്പൊട്ടലുണ്ടാകാം. വനത്തിനുള്ളിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നില്ലേ പിന്നെ വനം നശിപ്പിച്ചതാണ് ഉരുൾപൊട്ടലുണ്ടോകാൻ കാരണം എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. ഇത് ശരിയാണോ എന്ന് നോക്കാം.

റബർ കൃഷിയും ഉരുൾപൊട്ടലും

കാർഷിക കേരളത്തെ പട്ടിണിയിൽ നിന്ന് കരകയറ്റിയ പ്രധാന മറുനാടൻ മരങ്ങളിലൊന്നാണ് റബർ. റബർ റീപ്ലാൻ്റേഷൻ നടത്തിയ പല സ്ഥലങ്ങളിലും അത് ഉരുൾപൊട്ടലിന് കാരണമായത് അനുഭവമാണ്. സംഭവത്തിന് പിന്നിലെ ശാസ്ത്രം ഇതായിരുന്നു.

പാറയുടെ മുകളിലെ മണ്ണിനെ പിടിച്ചു നിർത്തുന്നതിൽ മണ്ണിൻ്റെ ഘടനയോടൊപ്പം മണ്ണിലെ മരങ്ങളുടേയും കുറ്റിച്ചെടികളുടേയും വേരുകളുടെ ശ്യംഖലയ്ക്കും വലിയ പങ്കുണ്ട്.  ആദ്യ തവണ റബർ വച്ചപ്പോൾ റബർ ബോർഡിൻ്റെ സബ്സിഡി ലഭിക്കാൻ തോട്ടത്തിലെ റബർ അല്ലാത്ത എല്ലാ നാട്ടുമരങ്ങളും  കാട്ടുമരങ്ങളും മുറിച്ചുമാറ്റണമായിരുന്നു.

അങ്ങനെ ചെയ്താകും റബർ വച്ചത്. ചെരിവുള്ള പ്രദേശങ്ങളിൽ പ്ലാറ്റ്ഫോം വെട്ടിയാണ് റബ്ബർ വച്ചിരുന്നത്. ആദ്യത്തെ പ്രാവശ്യം ഈ പണിയെല്ലാം  കൈകോട്ട് /കൊത്തി തുടങ്ങിയ ലഘു ഉപകരണങ്ങളുടെ സഹായത്താൽ  മനുഷ്യ അദ്ധ്വാനം കൊണ്ടാണ് ചെയ്തിരുന്നത്. അന്ന് പ്ലാറ്റ്ഫോം നിർമിക്കുമ്പോൾ നീർച്ചാലുകളെയും പാറകളെയും കൽക്കെട്ടുകളെയുമെല്ലാം പരിഗണിച്ചിരുന്നു. 

എന്നാൽ റബർ റീപ്ലാൻ്റ് ചെയ്തപ്പോൾ ജെ.സി.ബി ഉൾപ്പെടെയുള്ള വലിയ യന്ത്രങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തി പൂർത്തിയാക്കിയത്. ജെ.സി.ബി ഉപയോഗിച്ച് പ്ലാറ്റ്ഫോമുകൾ വെട്ടുമ്പോൾ വേരുകൾ ഇളക്കി മാറ്റപ്പെടുന്നു എന്ന് മാത്രമല്ല നീർച്ചാലുകളെ പരിഗണിക്കാതെ മറ്റു ഉറച്ച പാറകളെയും സ്ഥാനഭ്രംശം നടത്തി.

കൃത്യമായ വീതിയിലും നീളത്തിലും ഒക്കെയുള്ള പ്ലാറ്റ്ഫോമുകൾ വെട്ടിയായിരിക്കും പുതിയ റബർ തൈകൾ നടുന്നത്. ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ തന്നെ പഴയ റബറിന്റെ വേരുകൾ ചിതല് പിടിച്ച് പോവുകയും ആ വിടവിലൂടെ വെള്ളം മണ്ണിനടിയിലേക്ക് കുത്തി ഇറങ്ങാൻ വരികയും ചെയ്യുന്നു.

മുൻപ് സൂചിപ്പിച്ചതു പോലെ മണ്ണിനെ പാറയുടെ മുകളിൽ ഉറപ്പിച്ച് നിർത്തുന്നതിൽ വലിയ പങ്കുള്ള വേരുപടലം പൂർണമായും ഇല്ലാതാകുന്നത് ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നു. അതോടൊപ്പം തന്നെ വേരുകൾ ചിതല് പിടിച്ചു പോയ പോഡുകളിലൂടെ ജലം ആഴ്ന്നിറങ്ങുന്നത്  സോയിൽ പൈപ്പിംഗ് (മണ്ണൂതി പോകൽ) എന്ന പ്രതിഭാസത്തിന് കാരണമാകുന്നു.

റബർ കൃഷി മാത്രമല്ല, ഏലം, കശുമാവ്, തുടങ്ങി ചെരിഞ്ഞ പ്രദേശത്ത് പ്ലാറ്റ്ഫോമുകൾ വെട്ടി ചെയ്യുന്ന എല്ലാ കൃഷിയും ഒരു പരിധിവരെ ഉരുൾപൊട്ടൽ സാധ്യത കൂട്ടുന്നുണ്ട് എന്ന് തന്നെ പറയാം. ശക്തമായ കാട്ടുതീ സംഭവിച്ച പ്രദേശങ്ങളിൽ മരങ്ങളും കുറ്റിച്ചെടികളും ഇല്ലാതാകുന്നതും മുകളിൽ സൂചിപ്പിച്ച പ്രതിഭാസങ്ങൾക്ക് തന്നെ കാരണമാകാറുണ്ട്.

ഗാഡ്ഗിൽ റിപ്പോർട്ടും ഉരുൾപൊട്ടലും

പശ്ചിമഘട്ടം സംരക്ഷിക്കാൻ സ്വീകരിക്കാവുന്ന മികച്ച ചില പൊതു നിർദ്ദേശങ്ങളും രീതിശാസ്ത്രവും മുന്നോട്ടുവെച്ച ഒരു പഠനമാണ്. ആ റിപ്പോർട്ട് അതേപടി നടപ്പിലാക്കണം എന്നുള്ള നയം ആ റിപ്പോർട്ടിന്റെ തന്നെ ഉള്ളടക്കത്തിൽ ഇല്ല. വളരെ വലിയ ഒരു ഭൂപ്രദേശത്തെ കുറിച്ച് ചുരുങ്ങിയ കാലം കൊണ്ട് പഠനങ്ങൾ നടത്തി ഒരു റിപ്പോർട്ട് സമർപ്പിക്കാൻ  നിർബന്ധം ഉള്ളതിനാൽ ശരിയായ പ്രാദേശിക പരിശോധനകളുടെ അഭാവം ഉണ്ടായിട്ടുണ്ട് എന്നുള്ളത് ആ റിപ്പോർട്ടിൽ തന്നെ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്.

ഗാഡ്ഗിൽ റിപ്പോർട്ട് രീതിശാസ്ത്രം ആശ്രയിച്ച 9 Km x 9 Km എന്ന ഗ്രിഡ് വലുപ്പവും താലൂക്ക് അതിർത്തി എന്ന മാനേജ്മെൻ്റ് യൂണിറ്റും കേരളം പോലെയുള്ള അതിഭൂവൈവിധ്യമുള്ള ജനവാസമേറെയുള്ള പ്രദേശത്തിന് തീർത്തും യോജിച്ചതല്ല. ഈ രണ്ടു വലിയ പോരായ്മകൾ ആ റിപ്പോർട്ടിന് ഇല്ലാതിരുന്നെങ്കിൽ ആ റിപ്പോർട്ട് വലിയ വിമർശനങ്ങൾ ഒന്നുമില്ലാതെ തന്നെ നടപ്പിലാക്കപ്പെടുമായിരുന്നു.

ഗാഡ്ഗിൽ റിപ്പോർട്ട് ആശ്രയിച്ച 9Km x 9 Km ഗ്രിഡ് വലുപ്പത്തിന് പകരം 1 Km x 1 Km എന്ന ഗ്രിഡ് വലുപ്പവും താലൂക്ക് അതിർത്തിക്ക് പകരം ഗ്രാമ പഞ്ചായത്ത് / മുനിസിപാലിറ്റി വാർഡ് അതിർത്തി അല്ലെങ്കിൽ ഉപനദീതടം (Sub river basin ) എന്ന മാനേജ്മെൻ്റ് യൂണിറ്റാക്കി ഉയർന്ന സ്കെയിലിലുള്ള ( large Scale) പഠനങ്ങൾ നടത്തി പരിസ്ഥിതി പരിപാലന സോണുകൾ നിർണയിച്ച് പ്രാദേശിക കൃത്യതയോടെ ഗാഡ്ഗിൽ റിപ്പോർട്ടിലെ  പൊതു നിർദ്ദേശങ്ങൾ ജനകീയ കൂട്ടായ്മയോടെ നടപ്പിലാക്കിയാൽ ശേഷിക്കുന്ന പശ്ചിമഘട്ട ജൈവവൈവിധ്യം നിലനിർത്താനും സംരക്ഷിക്കാനും മനുഷ്യ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഉരുൾപൊട്ടലുകളെ ഒരു പരിധിവരെ തടയാനും കഴിയും. (ഇതിന് സമാനമായ നിർദ്ദേശം ഗാർഡിൽ റിപ്പോർട്ടിൽ തന്നെ ഉള്ളതുമാണ്).

ഇതിനായി വിപുലമായ പഠനങ്ങളും ഗവേഷണങ്ങളും അവലോകനങ്ങളും ആവശ്യമാണ്. വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങൾ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ അടയാളപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി ദുർബല മേഖലകളിലാണ്.

നിലവിലെ ഉരുൾപൊട്ടൽ സാധ്യതാ പഠനത്തിലെ പോരായ്മകൾ

വിവിധ പഠനങ്ങളുടെ ഭാഗമായി കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള എല്ലാ ജില്ലകളുടെയും ഉരുൾപൊട്ടൽ സാധ്യത ഭൂപടം തയാറാക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ നിലവിലെ പഠനങ്ങളുടെ   രീതിശാസ്ത്രവും പഠനങ്ങൾക്കായി ആശ്രയിച്ചിട്ടുള്ള അടിസ്ഥാന ഡാറ്റകളും വിമർശന വിധേയമാക്കണം.

1: 2500 എന്ന ഉയർന്ന റെസല്യൂഷനിലുള്ള പല ഭൂഡേറ്റകൾ പോലും  സൗജന്യമായി ലഭ്യമാകുന്ന  ഈ കാലത്ത് പോലും 1: 50,000 എന്ന വളരെ കുറഞ്ഞ റെസല്യൂഷനിലുള്ള ഭൂഡാറ്റകളാണ് നിലവിലെ മിക്ക റിപ്പോർട്ടുകളും ആശ്രയിച്ചിട്ടുള്ളത്. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായേ തീരൂ. ഒരു കാലത്ത് ഏറ്റവും വ്യക്തതയുള്ള ഭൂവിവര ഡാറ്റയായി കരുതിയിരുന്ന ടോപ്പോ ഷീറ്റിനെ കാലികമാക്കേണ്ടതുണ്ട്.

നീർചാലുകളുടെ ഭൂപടം പുനർനിർമിക്കേണ്ടതുണ്ട്. നിലവിലെ  ഭൂവിനിയോഗ ഭൂപടവും അതിൻ്റെ രീതീ ശാസ്ത്രവും ഉടച്ച് വാർക്കേണ്ടതുണ്ട്. Soil type Map , Soil thickness map, Rock type map എന്നിവ പുതിയതായി നിർമിക്കേണ്ടതുണ്ട്. പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ ഉരുൾപ്പൊട്ടൽ സാധ്യത ഭൂപടവും ആമേഖലകളിലെ ജനവാസ ഡേറ്റാ ഭൂപടവും തയാറാക്കേണ്ടതുണ്ട്.

ജനവാസമുള്ള അതി തീവ്ര ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ ശക്തമായ ഭൂവിനിയോഗ നിയന്ത്രണങ്ങളും വീടുകൾ മാറ്റി പർപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്.

ഉരുൾപ്പൊട്ടൽ പ്രവചിക്കാനാവുമോ?

അതിശക്തമായ മഴപെയ്താൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ 70 – 80 ശതമാനം കൃത്യതയോടെ മനസ്സിലാക്കാം എന്നല്ലാതെ ഈ സ്ഥലത്ത് ഇന്ന ദിവസം ഉരുൾപൊട്ടൽ ഉണ്ടാകും എന്ന് കൃത്യമായി പ്രവചിക്കാനുള്ള  ഒരു ശാസ്ത്ര സംവിധാനവും ഇന്ന് നിലവിലില്ല.

ഉരുൾപ്പൊട്ടൽ സാധ്യതാ മേഖലകളിൽ മണ്ണിലെ ജലത്തിൻ്റെ സാന്ദ്രത പരിധിയിൽ കൂടുതലായാൽ മുന്നറിയിപ്പ് തരുന്ന സംവിധാനങ്ങൾ ഉണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള  ജനവാസ മേഖലകളിൽ ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുന്നത് ഒരു പരിധി വരെ  ഉപകരിക്കപ്പെട്ടേക്കാം.

ഒരു ദുരന്തം വരുമ്പോൾ മാത്രം പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണ മാർഗങ്ങൾ തുടങ്ങിയ കുറിച്ച് വലിയ ചർച്ചകൾ ഉണ്ടാവുകയും അതിനു ശേഷം സൗകര്യപൂർവം ഇതെല്ലാം മറക്കുകയും ചെയ്യുന്ന രീതി മാറുക എന്നുള്ളതാണ് ഏറ്റവും പ്രാധാന്യം.

ദുരന്തങ്ങൾക്ക് മുന്നേ ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെക്കുറിച്ച് ചിന്തിക്കണം, ആധുനിക സാങ്കേതികത ഉപയോഗിച്ച് അതിൻ്റെ  ലഘൂകരണത്തിനായി പ്രവർത്തിക്കണം എന്ന് സാരം.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment