മഴക്കാല പകര്‍ച്ചവ്യാധികള്‍: കോഴിക്കോട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തല്‍

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ രാജാ റാം വിളിച്ചു ചേര്‍ത്ത ഇന്റര്‍ സെക്ടര്‍ കോര്‍ഡിനേഷന്‍ യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. എ.ഡി.എം സി.മുഹമ്മദ് റഫീഖ് അധ്യക്ഷനായി. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റെറ്റിസ് എ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഇതിനായി വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. ആരോഗ്യ ജാഗ്രത കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി ആദിവാസി മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് കൊതുക് നിര്‍മ്മാര്‍ജ്ജനത്തിനായുള്ള നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട വിവരങ്ങളും യോഗം ചര്‍ച്ച ചെയ്തു.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി യോഗം വിലയിരുത്തി. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട ആശുപത്രികളിലും ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Comment