kerala weather 14/03/25 : വരണ്ട കാലാവസ്ഥ, വൈകിട്ട് ഒറ്റപ്പെട്ട മഴ, UV Index കൂടി Red Alert
കേരളത്തിൽ ഇന്ന് വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ വൈകിട്ട് ഇടിയോട് കൂടെ മഴയുണ്ടാകും. പശ്ചിമഘട്ട മേഖലയിലാണ് വൈകിട്ടും രാത്രിയിലും ആയി മഴ സാധ്യതയുള്ളത്. പലപ്പോഴും ഇത് ജനവാസ കേന്ദ്രങ്ങളിൽ ആകണമെന്നില്ല. വനമേഖലയോട് ചേർന്നാകും മഴ. ഇന്നലെയും കേരളത്തിൽ ഒറ്റപ്പെട്ട മഴയുണ്ടായിരുന്നു. കാവും മന്ദത്ത് മഴക്കൊപ്പം ഉണ്ടായ കാറ്റിൽ ഓട്ടോക്ക് മുകളിൽ മരം വീണു. ആളപായമില്ല.

പാലക്കാട്, മലപ്പുറം റെഡ് അലർട്ട്
അതിനിടെ, ഉയർന്ന താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സ് നിരക്ക് അപകടരമായ നിലയിലേക്ക് എത്തിയതിനെ തുടർന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് ഇന്ന് അലർട്ട് നൽകി.

ഇന്നലെ ഉച്ചയ്ക്ക് പാലക്കാട്ടും മലപ്പുറത്തും 11 ആയിരുന്നു യു.വി ഇൻഡക്സ് നിരക്ക് രേഖപ്പെടുത്തിയത്. പത്തിനു മുകളിലെത്തുമ്പോഴാണ് റെഡ് അലർട്ട് നൽകുന്നത്. കൊല്ലം, ഇടുക്കി ജില്ലകളിൽ – 10, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ – 9, എറണാകുളത്ത് – 8 എന്നിങ്ങനെയായിരുന്നു ഇന്നലെ UV ഇൻഡക്സ് നിരക്ക്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിരുന്നു.
കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ ഏഴും തിരുവനന്തപുരത്തും കണ്ണൂരും ആറും കാസർകോട്ട് അഞ്ചും യു.വി ഇൻഡക്സ് നിരക്ക് രേഖപ്പെടുത്തി. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പാലക്കാട്, തൃത്താല , പൊന്നാനി Red Alert
ഇന്നത്തെ കണക്കനുസരിച്ച് പാലക്കാട് ജില്ലയിലെ തൃത്താല , മലപ്പുറം ജില്ലയിലെ പൊന്നാനി, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളിൽ റെഡ് അലർട്ടിന് സമാനമായ യു.വി ഇൻഡക്സ് രേഖപ്പെടുത്തി. മൂന്നു പ്രദേശങ്ങളിലും UV ഇൻ്റക്സ് തോത് 11 ആണ്. ഇവിടങ്ങളിൽ ഒരു കാരണവശാലും നേരിട്ട് കൊള്ളരുത്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, കളമശ്ശേരി, ഒല്ലൂർ, ബേപ്പൂര് എന്നിവിടങ്ങളിൽ യു.വി ഇൻഡക്സ് ഓറഞ്ച് അലർട്ടിന് സമാനമായ നിലയിൽ എത്തി.
- തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
- പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
- പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
- പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
- യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
- മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.
Tag: Stay informed about Kerala’s weather on March 14, 2025. Expect dry conditions with isolated evening rain and a high UV Index. Plan your day wisely.