kerala weather 11/10/24: ബംഗാൾ ഉൾക്കടലിൽ ഇരട്ട ചക്രവാത ചുഴി, അറബ കടലിൽ തീവ്ര ന്യൂനമർദ സാധ്യത
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രണ്ടിടങ്ങളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ഇതിലൊന്ന് ശക്തിപ്പെട്ട് തമിഴ്നാട് തീരത്തേക്ക് നീങ്ങും. അതിനിടെ ലക്ഷദ്വീപ് തീരത്ത് കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി well marked low pressure – WML തുടരുകയുമാണ്. ഈ സാഹചര്യം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തിപ്പെടുത്താൻ കാരണമാകുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.
മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപമാണ് ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low Pressure Area) നിലവിൽ സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത് മണിക്കൂറുകളിൽ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിച്ചു ഒക്ടോബർ 13 ന് രാവിലെയോടെ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി (Depression ) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
മഹാരാഷ്ട്ര തീരത്തെ മധ്യ കിഴക്കൻ അറബിക്കടൽ മുതൽ തെക്കൻ കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടൽ വരെ ന്യൂനമർദ്ദപാത്തിയും (trough ) സ്ഥിതിചെയ്യുന്നുണ്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി (Cyclonic circulation) സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തായി രൂപപ്പെട്ടിരിക്കുന്നു.
കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴക്കു സാധ്യതയെന്നാണ് ഈ അന്തരീക്ഷസ്ഥിതി സൂചിപ്പിക്കുന്നത്. ലക്ഷദ്വീപ് തീരത്തും തമിഴ്നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന നിലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥവകുപ്പ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ഒക്ടോബർ 11) അതിശക്തമായ മഴക്കും 11 മുതൽ 15 വരെ ശക്തമായ മഴക്കും സാധ്യതയുള്ളതിനാൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട കോട്ടയം ആലപ്പുഴ ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടും ഇന്ന് പ്രഖ്യാപിച്ചു.
മെറ്റ്ബീറ്റ് വെതറിൻ്റെ നിരീക്ഷണ പ്രകാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ണൂരിന്റെ കിഴക്കൻ മേഖല മുതൽ കൊല്ലം ജില്ല വരെയുള്ള കിഴക്കൻ പ്രദേശങ്ങളിൽ ഇടിയോടുകൂടി ശക്തമായ മഴ സാധ്യത. ഇന്ന് രാത്രി തീരദേശത്തും ഇടിയോടുകൂടെ മഴ ലഭിക്കും.
Join our WhatsApp Channel