kerala weather 31/01/25 : ഇന്ന് ഈ പ്രദേശങ്ങളിൽ മഴ സാധ്യത
കേരളത്തിൽ തുലാവർഷം വിടവാങ്ങിയെങ്കിലും കിഴക്കൻ കാറ്റിന്റെ ശക്തിപ്പെടൽ മൂലം തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ഇന്ന് മഴ സാധ്യത. കേരളത്തിൻ്റെ തെക്കൻ ജില്ലകളിൽ ഇന്ന് രാത്രിയും വൈകിട്ടുമായി ചില പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കും . തമിഴ്നാട്ടിലും ശ്രീലങ്കയിലും കന്യാകുമാരി കടലിലും മഴ സാധ്യതയുണ്ട്. എന്നാൽ വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത.
സാധാരണ മഴ സാധ്യത മാത്രം
ഈ മാസം അവസാന ദിവസങ്ങളിൽ കേരളത്തിൽ മഴ സാധ്യത ഉണ്ടെന്ന് 10 ദിവസം മുൻപ് തന്നെ Metbeat Weather സൂചന നൽകിയിരുന്നു. ഫെബ്രുവരി ആദ്യവാരത്തിലും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്. എന്നാൽ ഫെബ്രുവരി രണ്ടാം വാരം മുതൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടാൻ ആണ് സാധ്യത.
ഇന്ന് കേരളത്തിൽ എവിടെയും ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയില്ല. ഇടത്തരം മഴയോ ചാറ്റൽ മഴയോ ലഭിച്ചേക്കാം.
എം.ജെ. ഒ യും മഴക്ക് കാരണം
ആഗോള മഴ പാത്തി എന്ന് അറിയപ്പെടുന്ന MJO (Madden Julian Oscillation) സ്വാധീനം ഇപ്പോഴും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി ഉണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് ഇന്ത്യൻ മഹാസമുദ്രത്തിൽ ഫേസ് 2 ൽ തുടരുകയാണ്. അടുത്തയാഴ്ച പസഫിക് സമുദ്രത്തിലേക്ക് MJO നീങ്ങും. അതോടെ മഴ പ്രതീക്ഷകളും കേരളത്തിൽ ഉൾപ്പെടെ മങ്ങും.
കാറ്റ് ശക്തിപ്പെടാൻ കാരണമെന്ത്?
ഇന്ത്യയുടെ തെക്കേ മുനമ്പിലെ സമീപം ഒരു കാറ്റിന്റെ ചുഴി കരയിൽ നിന്ന് അകലെയായി രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് കിഴക്കൻ കാറ്റിനെ താൽക്കാലികമായി ശക്തിപ്പെടുത്തുന്നത്. കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നത് മൂലം ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് കരയിലൂടെ പ്രവേശിച്ച് മേഘരൂപീകരണത്തിന് കാരണമാകുന്നു. തമിഴ്നാടിന്റെ തെക്കൻ മേഖലയിലൂടെയും കാറ്റ് കടന്നു പോകുന്നതിനാൽ തെക്കൻ തമിഴ്നാട്ടിലും ഇന്നുമുതൽ മഴ ലഭിക്കും. കേരളത്തിൽ താഴെപ്പറയുന്ന മേഖലകളിൽ ആണ് മഴ സാധ്യത.
മഴ സാധ്യത ഇവിടങ്ങളിൽ
പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിലും കോയമ്പത്തൂർ വരെ ഉൾപ്പെടുന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി മഴ സാധ്യത. തൃശ്ശൂർ ജില്ല, എറണാകുളം ജില്ലയുടെ തീരദേശം ഉൾപ്പെടുന്ന മേഖല, ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളുടെ തീരദേശം ഉൾപ്പെടുന്ന മേഖല, കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകൾ എന്നിവിടങ്ങളിലാണ് മഴ സാധ്യത. ശനിയാഴ്ചയും ഈ മേഖലകളിൽ മഴക്ക് അനുകൂല അന്തരീക്ഷം ഉണ്ടാകും.
പകൽ ചൂട് കൂടും
ഇന്ന് പകൽ കേരളത്തിൽ ചൂട് കൂടുകയും തെളിഞ്ഞ ആകാശം അനുഭവപ്പെടുകയും ചെയ്യും. നേരിട്ട് വെയിൽ കൊള്ളരുത്. ദാഹം തോനുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പകൽ ചൂട് സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടാനാണ് സാധ്യത. വടക്കൻ കേരളത്തിലും തെക്കൻ ജില്ലകളിലെ കോട്ടയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുമാണ് ചൂട് കൂടുക.