kerala weather 22/03/25 : മിക്ക ജില്ലകളിലും ഇടിയോടെ മഴ സാധ്യത, മിന്നല്‍ ജാഗ്രത വേണം
കേരളത്തില്‍ ഇന്നും ഇടിയോടെ വേനല്‍ മഴക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം തെക്കന്‍ ജില്ലകളിലാണ് ഇന്ന് കൂടുതല്‍ വേനല്‍ മഴ ലഭിക്കുക. എന്നാല്‍ വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലെ പോലെ കണ്ണൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് വരെയും മഴ ലഭിക്കാം. ഇടിമിന്നലും പ്രതീക്ഷിക്കണം.
കേരളത്തില്‍ മധ്യ, തെക്കന്‍ ജില്ലകളില്‍ ഒരു മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന ഇടിയോടു കൂടെയുള്ള മഴ പലയിടങ്ങളിലായി ലഭിക്കും. ഉച്ചയ്ക്ക് കിഴക്കന്‍ മേഖലയില്‍ തുടങ്ങി വൈകിട്ട് ഇടനാട്ടിലേക്കും രാത്രിയോടെ തീരപ്രദേശങ്ങളിലേക്കും നീങ്ങുന്ന സ്വഭാവമാണ് മഴക്കുണ്ടാകുക.
മഴക്ക് കാരണങ്ങള്‍
കര്‍ണാടകയ്ക്കു മുകളില്‍ കാറ്റിന്റെ ഗതിമുറിവ് (Line of Wind Discountinuety) യും ന്യൂനമര്‍ദ പാത്തി (Trough) ഉം രൂപപ്പെട്ടിട്ടുണ്ട്. ഇത് കര്‍ണാടകയിലും വടക്കന്‍ കേരളത്തില്‍ ചിലയിടങ്ങളിലും മഴ നല്‍കാന്‍ കാരണമാകും. കര്‍ണാടകയില്‍ ഇന്ന് ഇടിയോടുകൂടെ ശക്തമായ മഴ സാധ്യത. തെക്കന്‍ കേരളത്തിലും ഉച്ചയ്ക്് ശേഷം ശക്തമായ മഴ ലഭിക്കാന്‍ അനുകൂലമായ അന്തരീക്ഷമാണുള്ളത്.

തമിഴ്‌നാട്ടിലും ന്യൂനമര്‍ദ പാത്തി
തെക്കന്‍ കേരളത്തില്‍ കാറ്റിന്റെ അഭിസരണത്തിനൊപ്പം തെക്കന്‍ തമിഴ്‌നാട് മുതല്‍ കന്യാകുമാരി കടല്‍ വരെ നീളുനന മറ്റൊരു ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലാണുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇക്കാരണത്തില്‍ കാറ്റിന്റെ അഭിസരണവും ഇത്തവണ അന്തരീക്ഷത്തിന്റെ താഴ്ന്ന നിലയിലാണെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ദക്ഷിണേന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ സാധ്യത
തമിഴ്‌നാട്, കേരളം, കര്‍ണാടക, തീരദേശ ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍ മഴ ശക്തിപ്പെടുകയാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം വേനല്‍ മഴ സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള മേഖലകളിലും ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളിലും അതിശക്തമായ വേനല്‍മഴയും മിന്നലും ഉണ്ടാകും. ഇവിടെങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിപ്പിച്ചത്.
കേരളത്തില്‍ ഇടിമിന്നല്‍ ജാഗ്രത
കേരളത്തില്‍ മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, വയനാട്, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ശക്തമായ ഇടിമിന്നല്‍ സാധ്യത. തല്‍സമയ മിന്നല്‍ എവിടെയെല്ലാം എന്നറിയാന്‍ മെറ്റ്ബീറ്റ് വെതര്‍ വെബ്‌സൈറ്റിലെ മിന്നല്‍ റഡാര്‍ ഉപയോഗിക്കാം. മെറ്റ്ബീറ്റ് ആപ്പിലും മിന്നല്‍ റഡാര്‍ ലഭ്യമാണ്. കേരളത്തിനൊപ്പം കര്‍ണാടകയിലും ശക്തമായ മിന്നല്‍ ഇന്ന് പ്രതീക്ഷിക്കാം. മിന്നലിന്റെ ലക്ഷണം കണ്ടാല്‍ മിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണം.
മഴക്കൊപ്പം പെട്ടെന്നുള്ള ശക്തമായ കാറ്റും
മഴക്കൊപ്പം പെട്ടെന്നുള്ള ശക്തമായ കാറ്റ് (Gust wind) ഉം ഉണ്ടാകും. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 55 കി.മി വേഗത്തില്‍ വരെ കാറ്റ് വീശും. മരങ്ങളും മറ്റും കടപുഴകാന്‍ സാധ്യത. കൃഷിനാശവും പ്രതീക്ഷിക്കാം. കാറ്റുള്ളപ്പോള്‍ ഹോള്‍ഡിങ്‌സുകള്‍ പരസ്യപലകകള്‍, മരങ്ങള്‍ എന്നിവയ്ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യുന്നത് സുരക്ഷിതമല്ല.
കേരളത്തിലെ മിക്ക പ്രദേശങ്ങളിലും മഴ സാധ്യതയുള്ളതിനാല്‍ പട്ടിക ഇന്ന് നല്‍കുന്നില്ല.