kerala weather 25/04/24 : വേനൽ മഴ കുറയുന്നു; ചൂട് കൂടും. അടുത്ത മഴ എപ്പോൾ ?
കേരളത്തിൽ വീണ്ടും വേനൽ മഴ കുറയുന്നു. എല്ലാ ജില്ലകളിലും ചൂട് കൂടുകയും ചെയ്യുന്നു. എല്ലാ ജില്ലകളിലും ഈ മാസം അവസാനം വരെ വേനൽ മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുമെന്ന് കേരളത്തിലെ സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ മെറ്റ്ബീറ്റ് വെതർ അറിയിച്ചു. ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിലും മധ്യകേരളത്തിലെ ചില പ്രദേശങ്ങളിലും ഇന്നും അടുത്ത ദിവസങ്ങളിലും തുടരും.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത് പോലെയുള്ള കൂടുതൽ പ്രദേശങ്ങൾ കവർ ചെയ്യുന്ന വേനൽ മഴ സാധ്യതയില്ല. കേരളത്തിലെ മുകളിൽ കാറ്റിന്റെ അഭിസരണം (convergence ) കുറയുന്നതാണ് ഇതിന് കാരണം. സൂര്യൻ ദക്ഷിണേന്ത്യയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്നതു മൂലം ചില പ്രദേശങ്ങളിൽ താപ സംവഹനം മൂലം ഉണ്ടാകുന്ന മഴയാണ് പ്രതീക്ഷിക്കുന്നത്. ഇവ ഏതെല്ലാം പ്രദേശങ്ങളിൽ ഉണ്ടാകുമെന്ന് നേരത്തെ പ്രവചിക്കുക അസാധ്യമാണ്.
തെക്കൻ കേരളത്തിലും മധ്യ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്ത പ്രദേശങ്ങളിലും ചൂട് കൂടുകയാണ് ചെയ്യുക. കേരളത്തിൽ പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പും ഈ മാസം 26 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തുകയും ഇനിയും താപനില കൂടാൻ സാധ്യതയുണ്ടെന്ന് പ്രവചനവും ആണ് പാലക്കാട് ജില്ലയിൽ താപ തരംഗം മുന്നറിയിപ്പിന് കാരണമായത്. താപ തരംഗം സൂര്യാഘാത സാധ്യത വർദ്ധിപ്പിക്കും. അതീവ ജാഗ്രത പുലർത്തേണ്ടതാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കും. അതിനാൽ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ മുൻകരുതൽ, ജാഗ്രത നടപടികൾ പുലർത്തണം.
നിലവിലെ അന്തരീക്ഷ സ്ഥിതി പ്രവചനം അനുസരിച്ച്, മെയ് രണ്ടുപേരെ ഒറ്റപ്പെട്ട മഴ മാത്രമേ കേരളത്തിൽ പ്രതീക്ഷിക്കുന്നുള്ളൂ. മെയ് രണ്ടിന് ശേഷം 10 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും വീണ്ടും വേനൽ മഴക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം ഒരുങ്ങും.
വടക്കൻ കേരളത്തിൽ ഇതുവരെ മഴ ലഭിക്കാത്ത നിരവധി പ്രദേശങ്ങൾ ഉണ്ട്. ഇവിടെ ജലക്ഷാമം രൂക്ഷമാകും. അതിനാൽ ജല ഉപയോഗത്തിൽ കരുതൽ വേണം. ജനുവരി മുതൽ ഇന്നുവരെ ചാറ്റൽ മഴ പോലും ലഭിക്കാത്ത കടുത്ത ചൂടുള്ള പ്രദേശങ്ങളാണ് പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഉള്ളത്. ഇവിടങ്ങളിൽ വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വടക്കൻ കേരളത്തിലെ ജില്ലകളിൽ കുടിവെള്ളക്ഷാമം പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സഹായം ഉള്ളതിനാലാണ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുടിവെള്ള പ്രശ്നം അതി രൂക്ഷമാകാത്തത്. കുടിവെള്ള പ്രശ്നം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജലവിതരണം നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വടക്കൻ കേരളത്തിലും മെയ് രണ്ടിന് ശേഷമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ മഴ സാധ്യത ഉള്ളതെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. el nino അവസാനിച്ചെങ്കിലും അതിൻ്റെ പ്രഭാവം ഇപ്പോഴും തുടരുന്നുണ്ട്. എൻസോ (El nino southern Oscillation) ന്യൂട്രൽ ആയി ജൂൺ വരെ തുടരും എന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥ ഏജൻസി ( Bureau of Meteorology – Bom) ഉൾപ്പെടെ പ്രവചിക്കുന്നത്.
കേരളത്തിൽ കാലവർഷം തുടങ്ങിയ ശേഷമാകും എൻസോ ലാനിനയിലേക്ക് പോവുക. എൽ നിനോ അവസാനിച്ചാലും അതിൻ്റെ പ്രഭാവം തുടരുമെന്നും ഈ വേനൽക്കാലത്ത് വരൾച്ച അനുഭവപ്പെടുമെന്നും നേരത്തെ Metbeat Weather ലെ നിരീക്ഷകർ വ്യക്തമാക്കിയിരുന്നു. നിലവിൽ കേരളത്തിൽ മഴക്ക് അനുകൂലമാകുന്ന അന്തരീക്ഷ ഘടകങ്ങൾ ഒന്നും ദൃശ്യമല്ല.
ഈ സീസണിൽ കേരളത്തിൽ വ്യാപകമായി വേനൽ മഴ ലഭിച്ചിട്ടില്ല. വടക്കൻ കേരളത്തിൽ ചില പ്രദേശങ്ങളിൽ മാത്രം ഏപ്രിലിൽ മഴ ലഭിച്ചു. സാധാരണ വിഷുവിന് ശേഷം വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കാര്യമായ മഴ ലഭിക്കാറുണ്ട്. ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂട് കൂടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കുമെങ്കിലും അടുത്ത ദിവസം മുതൽ മഴ സാധ്യത കുറയുകയാണ്.
Metbeat News റ ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS